സംസ്ഥാനത്തിന്റെ ഇ-ഗവേണൻസ് സംവിധാന മേഖലയെ കൂടുതൽ ശക്തിപ്പെടുത്തുന്ന രീതിയിൽ, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ നൽകുന്ന എല്ലാ സേവനങ്ങളും ഏകീകൃത പ്ലാറ്റ്ഫോമിലൂടെ ലഭ്യമാക്കുന്ന  കെ-സ്മാർട്ട്  (കേരള സൊല്യൂഷൻസ് ഫോർ മാനേജ്മെന്റ് അഡ്മിനിസ്‌ട്രേറ്റീവ് റിഫോർമേഷൻ ആൻഡ് ട്രാൻസ്‌ഫോർമേഷൻ) പദ്ധതി പൂർണസജ്ജമായി. തദ്ദേശ സ്ഥാപനങ്ങളുടെ കാര്യക്ഷമത, സുതാര്യത എന്നിവ  വർധിപ്പിക്കുക, അഴിമതി ഇല്ലാതാക്കുക,  പൗരന്മാർക്ക് സേവനം അതിവേഗം ലഭ്യമാക്കുക എന്നിവ ലക്ഷ്യമാക്കിയാണ് പദ്ധതി നടപ്പാക്കിയത്. 

ജനന-മരണ, വിവാഹ രജിസ്ട്രേഷൻ, വ്യാപാര- വ്യവസായ ലൈസൻസ്, വസ്തു നികുതി, യൂസർ മാനേജ്മെന്റ്, ഫയൽ മാനേജ്മെന്റ്, ഫിനാൻസ് മോഡ്യൂൾ, കെട്ടിട നിർമാണ അനുമതി, പൊതുജന പരാതി പരിഹാരം തുടങ്ങിയ സേവനങ്ങൾ  ksmart.lsgkerala.gov.in വെബ്സൈറ്റിലൂടെയും മൊബൈൽ അപ്ലിക്കേഷനിലൂടെയും  ലഭിക്കും. ഇൻഫർമേഷൻ കേരള മിഷനാണ് കെ-സ്മാർട്ട് വിന്യസിക്കുന്നത്.

2024ജനുവരി ഒന്നിന് കേരളത്തിലെ എല്ലാ കോർപ്പറേഷനുകളിലും മുനിസിപ്പാലിറ്റികളിലുമായി ആദ്യഘട്ട പ്രവർത്തനങ്ങൾ ആരംഭിച്ച കെ-സ്മാർട്ട് ഏപ്രിൽ10ന് തുടങ്ങുന്ന രണ്ടാം ഘട്ടത്തിൽ941ഗ്രാമപഞ്ചായത്തുകളിലും152ബ്ലോക്ക്, 14ജില്ല പഞ്ചായത്തുകൾ ഉൾപ്പെടെ എല്ലാ തദ്ദേശ സ്ഥാപനങ്ങളിലേക്കും സേവനം വ്യാപിപ്പിക്കുകയാണ്. 

കെ-സ്മാർട്ടിലൂടെ പൊതുജനങ്ങൾക്ക് പേപ്പർ രഹിതമായി ഡിജിറ്റൽ ഒപ്പിട്ട് അപേക്ഷകൾ സ്ഥലകാല പരിമിതികൾ ഇല്ലാതെ സമർപ്പിക്കാം. വ്യക്തികേന്ദ്രീകൃതമായ ലോഗിൻ വഴി ഒരിക്കൽ നൽകിയ വിവരങ്ങളും ലഭ്യമാക്കിയ വിവരങ്ങളും പിന്നീടുള്ള ആവശ്യങ്ങൾക്കായി സൂക്ഷിക്കും. വാട്‌സാപ്പ്,ഇ മെയിൽ വഴി രസീതുകളും സാക്ഷ്യപത്രങ്ങളും ലഭ്യമാക്കും. ആധാർ/ പാൻകാർഡ്/ ഇ മെയിൽ ഐഡി വഴി കെ-സ്മാർട്ടിൽ ലോഗിൻ ചെയ്യാം. ലോഗിൻ ചെയ്യാതെയും ഫോൺ നമ്പർ മാത്രം നൽകി പ്രധാന സേവനങ്ങൾ ഉപയോഗപ്പെടുത്താൻ സാധിക്കും.

അക്ഷയ കേന്ദ്രങ്ങൾ,കുടുംബശ്രീ ഹെൽപ്പ് ഡെസ്‌കുകൾ എന്നിവ വഴിയും അപേക്ഷകളും പരാതികളും നൽകാം. പരാതികളുടെയും സ്റ്റാറ്റസ് ഓൺലൈനായി അപേക്ഷകന് അറിയാൻ കഴിയും. കെ-സ്മാർട്ടിലൂടെ അപേക്ഷാ ഫീസുകൾ, നികുതികൾ, മറ്റ് ഫീസുകൾ എന്നിവ അടയ്ക്കാനും സർട്ടിഫിക്കറ്റുകൾ ഡൗൺലോഡ് ചെയ്യാനും സാധിക്കും.കെ-സ്മാർട്ടിൽ സംയോജിപ്പിച്ച ജോഗ്രഫിക്കൽ ഇൻഫർമേഷൻ സിസ്റ്റം ഉപയോഗിച്ച് നിർമാണാനുമതി നല്കിയ കെട്ടിടങ്ങളുടെ വിവരങ്ങൾK-MAPഎന്ന ഫീച്ചറിലൂടെ പൊതുജനങ്ങൾക്ക് അറിയാനാകും.

KNOW YOUR LANDഫീച്ചറിലൂടെ ഒരു സ്ഥലത്ത് ഏതെല്ലാം തരത്തിലുള്ള കെട്ടിടങ്ങളാണ് നിർമ്മിക്കാൻ കഴിയുകയെന്ന വിവരം ലഭ്യമാകും. കെട്ടിട നിർമ്മാണത്തിനായി സമർപ്പിക്കുന്ന പ്ലാനുകൾ ചട്ടങ്ങൾ പ്രകാരമാണ് തയ്യാറാക്കിയിട്ടുള്ളത് എന്ന് സോഫ്റ്റ്വെയർ തന്നെ പരിശോധിച്ചു ഉറപ്പുവരുത്തുന്നതിനാൽ ഫീൽഡ് പരിശോധനകൾ ലഘൂകരിക്കപ്പെടും. ജനങ്ങൾക്കും ലൈസൻസികൾക്കും പെർമിറ്റുകൾ സംബന്ധിച്ച വിവരങ്ങൾ ഓൺലൈനായി ഏത് സമയത്തും പരിശോധിക്കുന്നതിനും കെ-സ്മാർട്ടിലൂടെ സാധിക്കും. ജി.ഐ.എസ് സാങ്കേതികവിദ്യ ഉപയോഗിച്ച് പ്ലോട്ടുകളുടെയും കെട്ടിടങ്ങളുടെയും വിവരങ്ങൾ ഡിജിറ്റൽ രൂപത്തിൽ തയ്യാറാക്കുന്നതിലൂടെ ഏറ്റവും വേഗത്തിൽ കെട്ടിട നിർമ്മാണ പെർമിറ്റുകൾ ജനങ്ങൾക്ക് ലഭ്യമാകും.

വീഡിയോ കെ.വൈ.സി സഹായത്തോടെ കെ-സ്മാർട്ട് വഴി ലോകത്തെവിടെ നിന്നും വിവാഹ രജിസ്ട്രേഷന് അപേക്ഷിക്കാനും പൂർത്തിയാക്കാനും കഴിയും. മരണ രജിസ്‌ട്രേഷൻ,സർട്ടിഫിക്കറ്റിൽ തിരുത്തലുകൾ,നോൺഅവയ്‌ലബിലിറ്റിസർട്ടിഫിക്കറ്റ് എന്നിവ തദ്ദേശ സ്ഥാപനങ്ങൾ സന്ദർശിക്കാതെ ലഭിക്കുന്നതിനും എല്ലാതരം ട്രേഡ് ലൈസൻസുകൾ എടുക്കുന്നതിനും അവ പുതുക്കുന്നതിനും കെ-സ്മാർട്ടിലൂടെ സാധിക്കും.

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ പ്രവർത്തനങ്ങൾ നവീനമായി രൂപമാറ്റി പൊതുജനങ്ങൾക്ക് കൂടുതൽ സുഗമമായ സേവനം ഉറപ്പാക്കുക എന്നതായിരുന്നു കെ-സ്മാർട്ട് പദ്ധതിയുടെ പ്രധാന ലക്ഷ്യം. ഏകീകൃത പ്ലാറ്റ്ഫോം, ഡിജിറ്റൽ ഇടപെടലുകൾ, ജിയോഗ്രഫിക്കൽ ഇൻഫർമേഷൻ സിസ്റ്റം, വീഡിയോ കെ.വൈ.സി പോലുള്ള സാങ്കേതികവിദ്യകളുടെ സംയോജനം വഴി കെ-സ്മാർട്ട് പദ്ധതി തദ്ദേശ ഭരണ സംവിധാനത്തിന്റെ ദൃഢതയും വിശ്വാസ്യതയും വർധിപ്പിക്കുന്നു. കെ-സ്മാർട്ട് സംവിധാനം സംസ്ഥാനത്ത് പൂർണമായി പ്രവർത്തനസജ്ജമാകുന്നതോടെ  ഇ-ഗവേണൻസ് ഭരണമികവിൽ രാജ്യത്തിന് മാതൃകയാകും കേരളം.  

അവസാനമായി അപ്ഡേറ്റ് ചെയ്തത് : 2025-04-05 16:07:08

ലേഖനം നമ്പർ: 1746

sitelisthead