
സംസ്ഥാന സർക്കാരിന്റെ അതിദാരിദ്ര്യ നിർമാർജന പദ്ധതിയുടെ ഭാഗമായി കോട്ടയം ജില്ലയെ സമ്പൂർണ്ണ അതിദാരിദ്ര്യമുക്ത ജില്ലയായി പ്രഖ്യാപിച്ചു. ഇതോടെ 2030-ഓടെ ‘ദാരിദ്ര്യം അതിന്റെ എല്ലാ രൂപങ്ങളിലും എല്ലായിടത്തും അവസാനിപ്പിക്കുക’ എന്ന എന്ന സുസ്ഥിര ലക്ഷ്യം കൈവരിക്കുന്ന സംസ്ഥാനത്തെ ആദ്യ ജില്ലയായി കോട്ടയം.
അതിദാരിദ്ര്യം അനുഭവിക്കുന്നവരെ കണ്ടെത്താനുള്ള അതിദാരിദ്ര്യ നിർണയ വിവരശേഖരണ പ്രക്രിയ കോട്ടയം ജില്ലയിൽ 2021 ഒക്ടോബറിലാണ് ആരംഭിച്ചത്. ജനകീയമായാണ് സർവേ നടപടികൾ നടത്തിയത്. 1344 എന്യൂമറേഷൻ സംഘങ്ങൾ സർവേയിൽ പങ്കാളികളായി. 2688 എന്യുമറേറ്റർമാർ പങ്കെടുത്തു. ഫോക്കസ് ഗ്രൂപ്പ് ചർച്ചകളും ഗ്രാമസഭാ ചർച്ചകളും നടന്നു.ഭക്ഷണം, ആരോഗ്യം, വരുമാനം, വാസസ്ഥലം (വീടില്ലാത്തവർ, വീടും സ്ഥലവും ഇല്ലാത്തവർ) എന്നീ ഘടകങ്ങൾ അടിസ്ഥാനമാക്കിയാണ് അതിദാരിദ്ര്യം നിർണയിച്ചത്.
2022 ജനുവരി 10ന് അതിദാരിദ്ര്യ നിർണയ പ്രക്രിയ സംസ്ഥാനത്ത് ആദ്യമായി പൂർത്തീകരിച്ച ജില്ലയായി കോട്ടയം. പദ്ധതിയുടെ പ്രാരംഭ ഘട്ടത്തിൽ നടത്തിയ സർവേയിൽ 1071 അതിദരിദ്ര കുടുംബങ്ങളെ കണ്ടെത്തി. മരണപ്പെട്ടവരെയും മറ്റിടങ്ങളിലേക്ക് കുടിയേറിയവരെയും ഒഴിവാക്കി, 903 കുടുംബങ്ങളുടെ അന്തിമ പട്ടിക തയ്യാറാക്കി. ഈ കുടുംബങ്ങൾക്ക് ആവശ്യമായ എല്ലാ സഹായങ്ങളും എത്തിക്കുന്നതിനായി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തിൽ മൈക്രോപ്ലാനുകൾ ആവിഷ്കരിച്ചു നടപ്പിലാക്കി.മൈക്രോപ്ലാൻ പ്രകാരം ഭക്ഷണവും മരുന്നുകൾ, പാലിയേറ്റീവ് കെയർ, ആരോഗ്യ സഹായ ഉപകരണങ്ങൾ എന്നിങ്ങനെയുള്ള ആരോഗ്യസേവനങ്ങളും ആവശ്യമുള്ള മുഴുവൻ കുടുംബങ്ങൾക്കും ലഭ്യമാക്കി.
ഈ പ്രവർത്തനങ്ങളുടെ ഫലമായി, 605 കുടുംബങ്ങൾക്ക് ഭക്ഷണ സഹായം, 693 കുടുംബങ്ങൾക്ക് മരുന്നുകൾ, 206 കുടുംബങ്ങൾക്ക് പാലിയേറ്റീവ് കെയർ, ആറ് കുടുംബങ്ങൾക്ക് ആരോഗ്യ സുരക്ഷാ സാമഗ്രികൾ എന്നിവ ലഭ്യമാക്കി. കൂടാതെ, അലഞ്ഞുതിരിയുന്നവരെയും മാനസിക വെല്ലുവിളി നേരിടുന്നവരെയും പുനരധിവസിപ്പിക്കുന്നതിനും ചികിത്സ നൽകുന്നതിനും നടപടികൾ സ്വീകരിച്ചു. വരുമാനമില്ലാത്ത 155 കുടുംബങ്ങൾക്ക് തൊഴിൽ കണ്ടെത്താൻ സഹായം നൽകി. കുടുംബശ്രീയുടെ 'ഉജ്ജീവനം' പദ്ധതി വഴി 140 കുടുംബങ്ങൾക്കും, തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങൾ വഴി ആറു കുടുംബങ്ങൾക്കും മറ്റ് വകുപ്പുകൾ വഴി നാലു കുടുംബങ്ങൾക്കും സ്വകാര്യ സ്ഥാപനങ്ങൾ വഴി അഞ്ചു കുടുംബങ്ങൾക്കും വരുമാന മാർഗങ്ങൾ ഉറപ്പാക്കി. ഇതോടൊപ്പം, ഭവനരഹിതർക്കും ഭൂരഹിത ഭവനരഹിതർക്കും സുരക്ഷിതമായ താമസസൗകര്യം ഒരുക്കുന്നതിനും ഊന്നൽ നൽകി.
അതിദരിദ്ര്യ കുടുംബങ്ങളിലെ വീട് മാത്രം ആവശ്യമായ 67 കുടുംബങ്ങൾക്ക് വീടും 50 കുടുംബങ്ങൾക്ക് ഭൂമിയും വീടും നൽകി. 22 കുടുംബങ്ങളെ വാടക വീടുകളിലേക്ക് മാറ്റി. ലൈഫ് മിഷൻ, പി.എം.എ.വൈ. പദ്ധതി, സ്പോൺസർഷിപ്പുകൾ, സന്നദ്ധ സംഘടനകൾ എന്നിവയുടെ സഹായത്തോടെയാണ് ഇത് സാധ്യമാക്കിയത്.
അടിസ്ഥാന സൗകര്യങ്ങൾക്കൊപ്പം സാമൂഹിക സുരക്ഷാ രേഖകൾ ലഭ്യമാക്കുന്നതിനും പദ്ധതി അവസരമൊരുക്കി . 490 ഗുണഭോക്താക്കൾക്ക് ആധാർ, റേഷൻ കാർഡ്, ബാങ്ക് അക്കൗണ്ട്, മറ്റ് തിരിച്ചറിയൽ കാർഡുകൾ എന്നിവ ലഭ്യമാക്കി. 55 വിദ്യാർത്ഥികൾക്ക് സൗജന്യ ബസ് പാസ്, പഠനോപകരണങ്ങൾ, പഠന മാർഗ്ഗനിർദ്ദേശങ്ങൾ എന്നിവയും നൽകി. തദ്ദേശ സ്വയംഭരണ വകുപ്പ്, ജില്ലാ ഭരണകൂടം, ദാരിദ്ര്യ ലഘൂകരണ വിഭാഗം എന്നിവയുടെ നേതൃത്വത്തിൽ, ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ, പൊതുജനങ്ങൾ എന്നിവരുടെ കൂട്ടായ പങ്കാളിത്തത്തിലൂടെയാണ് ഈ സുപ്രധാന നേട്ടം കൈവരിച്ചത്. കോട്ടയം ജില്ലയുടെ ഈ മാതൃക മറ്റ് ജില്ലകൾക്കും പ്രചോദനമാകുന്നതാണ്.
അവസാനമായി അപ്ഡേറ്റ് ചെയ്തത് : 2025-06-28 16:43:57
ലേഖനം നമ്പർ: 1787