കേരളത്തിന്റെ സുഗന്ധവിള, പരമ്പരാഗത തൊഴിൽ പാരമ്പര്യങ്ങൾക്ക് ദേശീയ-അന്തർദേശീയ തലത്തിൽ സ്ഥാനമുറപ്പിച്ച്  ഭൗമസൂചിക പദവി (ജിഐ ടാഗ് ) നേട്ടവുമായി തലനാടൻ ഗ്രാമ്പുവും കണ്ണാടിപ്പായും. കോട്ടയം മീനച്ചിൽ താലൂക്കിലെ മലയോരമേഖലയിൽപെട്ട തലനാട് ഗ്രാമപഞ്ചായത്തിൽ കൃഷി ചെയ്യുന്ന കരയാമ്പൂ എന്ന തലനാടൻ ഗ്രാമ്പുവിനും ഇടുക്കിയിലെ ഗോത്രവിഭാഗം നിർമിക്കുന്ന കണ്ണാടിപ്പായക്കുമാണ് കേന്ദ്ര സർക്കാർ നൽകുന്ന ഭൗമസൂചിക പദവി ലഭിച്ചത്. 

സുഗന്ധവിള ഉത്പാദനത്തിലും കയറ്റുമതിയിലും മുന്നിലുള്ള  കേരളത്തിന്, ഈ ഭൗമസൂചിക പദവി ആഗോള വിപണിയിൽ കൂടുതൽ  അംഗീകാരവും വ്യാപാരാവസരങ്ങളും തുറന്നിടും. അതോടൊപ്പം, കണ്ണാടിപ്പായയുടെ ഭൗമസൂചിക നേട്ടം ഗോത്രജനതയുടെ പരമ്പരാഗത കരകൗശല പാരമ്പര്യത്തെ അന്താരാഷ്ട്ര തലത്തിൽ ഉയർത്തിക്കാട്ടുന്നതിനും, അതിലൂടെ ജീവനോപാധി മെച്ചപ്പെടുത്തുന്നതിനും വഴിയൊരുക്കും. 

തലനാടൻ ഗ്രാമ്പു - കരയാമ്പൂ 

കരയാമ്പൂ എന്ന തലനാടൻ ഗ്രാമ്പുവിന് കൃഷി വകുപ്പിന്റെയും കേരള കാർഷിക സർവ്വകലാശാലയുടെയും സംയുക്ത പ്രവർത്തനങ്ങളുടെ ഫലമായാണ് ഭൗമസൂചിക പദവി ലഭിച്ചത്. തലനാട് ഗ്രാമപഞ്ചായത്തിൽ സമുദ്രനിരപ്പിൽ നിന്നും 3000 അടി ഉയരത്തിൽ അനുയോജ്യമായ കാലാവസ്ഥയിലാണ് ഗ്രാമ്പു കൃഷി ചെയ്യുന്നത്. 

തലനാടൻ ക്ലോവ് ഗ്രോവേഴ്സ് ആൻഡ് പ്രോസസ്സിംഗ് ഇൻഡസ്ട്രിയൽ കോ-ഓപ്പറേറ്റീവ് സൊസൈറ്റിയുടെ നേതൃത്വത്തിലാണ് ഗ്രാമ്പുവിന്റെ സംഭരണം, സംസ്കരണം, ഗ്രേഡിംഗ്, വിപണനം തുടങ്ങിയ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നത്. വിളവെടുക്കുന്ന ഗ്രാമ്പു മൊട്ടിന്റെ ആകർഷകമായ നിറം, ഗുണമേന്മയിലെയും വലിപ്പത്തിലെയും സവിശേഷതകൾ എന്നിവയാണ് തലനാടൻ ഗ്രാമ്പുവിനെ വിപണിയിൽ വ്യത്യസ്തനാക്കുന്നത്. മൊട്ടിന്റെ ഗുണമേന്മയും വിപണിയിലെ സ്വീകാര്യതയും കർഷകർക്ക് മികച്ച വില ലഭ്യമാക്കുന്നു.  

വിളവെടുപ്പ് കാലമായ ഡിസംബർ-ജനുവരി കാലത്തെ തലനാട് പ്രദേശത്തെ സവിശേഷമായ കുറഞ്ഞ താപനിലയും വിളവെടുത്ത ഗ്രാമ്പുവിൽ നിന്നുള്ള ഓയിൽ നഷ്‌ടം കുറയ്ക്കാൻ സഹായിക്കുന്നതായി പഠനങ്ങളും സർവ്വേകളും വെളിപ്പെടുത്തുന്നു. കേരള കാർഷിക സർവകലാശാലയിൽ നടത്തിയ വിശദമായ പരിശോധനയിൽ തലനാടൻ ഗ്രാമ്പുവിൽ വിപണി വില നിർണ്ണയിക്കുന്ന എസ്സൻഷ്യൽ ഓയിൽ ഘടകങ്ങളായ യൂജിനോൾ (49.95-73.67%), കാരിയോഫിലിൽ (13.44%) എന്നിവയുടെ അളവ് മറ്റു പ്രദേശങ്ങളിലേതിനേക്കാൾ ഉയർന്ന തോതിലാണ് എന്ന് കണ്ടെത്തിയിട്ടുണ്ട്.  കോട്ടയം ജില്ലയിലെ  തലനാട്, മൂന്നിലവ്, മേലുകാവ് പഞ്ചായത്തുകളിലായാണ് പ്രധാനമായും ഗ്രാമ്പു കൃഷി ചെയ്ത് വരുന്നത്. 

കണ്ണാടിപ്പായ- ഇടുക്കി 

ഇടുക്കിയിലെ ഗോത്രവിഭാഗം പ്രത്യേകമായി രൂപകൽപന ചെയ്ത് മുള കൊണ്ടു നിർമിക്കുന്ന ഉത്പന്നമാണ് കണ്ണാടിപ്പായ. കേരളത്തിൽ ജിഐ ടാഗ് ലഭിക്കുന്ന ആദ്യത്തെ കരകൗശല ഗോത്ര ഉത്പ്പന്നമാണിത്. കണ്ണാടി പോലെ പ്രകാശത്തെ പ്രതിഫലിപ്പിക്കാൻ കഴിയുന്ന തരത്തിലാണ് കണ്ണാടിപ്പായ നിർമിക്കുന്നത്. ഈ സവിശേഷതയാണ് കണ്ണാടിപ്പായ എന്ന പേര് ലഭിക്കാൻ കാരണം. കേരള ഫോറസ്റ്റ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് (കെഎഫ്ആർഐ) പ്രവർത്തനങ്ങളാണ് കണ്ണാടിപ്പായ്ക്ക് ഭൗമ സൂചികാ പദവി നേടിക്കൊടുത്തത്. 

പരമ്പരാ​ഗത കരകൗശല വസ്തുക്കളുടെ ദുരുപയോ​ഗം തടയുന്നതിനൊപ്പം പായകൾ നിർമിക്കുന്ന ​ഗോത്ര സമൂഹങ്ങളുടെ ഉപജീവന മാർ​ഗം മെച്ചപ്പെടുത്താൻ ഈ അം​ഗീകാരം സഹായിക്കും. കൂടാതെ പരമ്പരാ​ഗത ഉത്പ്പന്നങ്ങളുടെ സംരക്ഷണം ഉറപ്പാക്കാനും സാധിക്കും. ഊരാളി, മന്നൻ, മുതുവാൻ ഗോത്ര വിഭാഗങ്ങളാണ് ഈ പായ നിർമിക്കുന്നത്. ഒരു കണ്ണാടിപ്പായ നിർമിക്കാൻ ഒരു മാസത്തിലധികം സമയം എടുക്കും.  

തലനാടൻ ഗ്രാമ്പുവിനും കണ്ണാടിപ്പായക്കുമുള്ള ഭൗമസൂചിക പദവി കേരളത്തിന്റെ സുഗന്ധവിള കൃഷിയെയും പരമ്പരാഗത കരകൗശല പാരമ്പര്യത്തെയും ആഗോളതലത്തിൽ ഉയർത്തിക്കാട്ടുന്ന നേട്ടമാണ്. ഇത് കേരളത്തിലെ കർഷകരുടെയും ഗോത്രജനതയുടെയും ജീവിത സാഹചര്യം മെച്ചപ്പെടുത്തുന്നതിന്  വലിയ പിന്തുണ നൽകുന്നതിനൊപ്പം, സംസ്ഥാനത്തിന്റെ സാമ്പത്തിക വളർച്ചയ്ക്കും പരമ്പരാഗത തൊഴിലിനുമുള്ള അംഗീകാരമായി മാറും.

അവസാനമായി അപ്ഡേറ്റ് ചെയ്തത് : 2025-04-04 16:28:43

ലേഖനം നമ്പർ: 1745

sitelisthead