ഇന്ത്യയിലെ ഏറ്റവും മികച്ച ദേശീയോദ്യാനമെന്ന നേട്ടം സ്വന്തമാക്കി ഇടുക്കി ജില്ലയിലെ ഇരവികുളം ദേശീയ ഉദ്യാനം. കേന്ദ്ര പരിസ്ഥിതി, വനം, കാലാവസ്ഥാ വ്യതിയാന മന്ത്രാലയം 2020 മുതൽ 2025 വരെ സംരക്ഷിത വനമേഖലകളിൽ നടത്തിയ മാനേജ്‌മെന്റ് എഫക്ടീവ് ഇവാല്യൂവേഷന്റെ അടിസ്ഥാനത്തിലാണ് ഈ നേട്ടത്തിന് മൂന്നാർ വന്യജീവി ഡിവിഷനു കീഴിലുള്ള ഇരവികുളം തിരഞ്ഞെടുക്കപ്പെട്ടത്. വരയാടുകളുടെയും നീലക്കുറിഞ്ഞികളുടെയും പേരിൽ പ്രശസ്തമായ ഇരവികുളം ജൈവവൈവിധ്യ സമൃദ്ധിയിൽ സമ്പന്നമായ ദേശീയ ഉദ്യാനമാണ്. 

 രാജ്യത്തെ 438 സംരക്ഷിത വനമേഖലകളിൽ പലഘട്ടങ്ങളിലായി വിദഗ്ധസമിതി നടത്തിയ പരിശോധനകളുടെയും വിലയിരുത്തലുകളുടെയും അടിസ്ഥാനത്തിലാണ് 92.97 ശതമാനം സ്‌കോർ നേടി ഇരവികുളം ദേദേശീയ ഉദ്യാനം  ഒന്നാം സ്ഥാനം കരസ്തമാക്കിയത്.  ഇന്റർനാഷണൽ യൂണിയൻ ഫോർ കൺസർവേഷൻ ഓഫ് നേച്ചർ, വേൾഡ് കമ്മിഷൻ ഓൺ പ്രൊട്ടക്ടഡ് ഏരിയ എന്നിവയുടെ മൂല്യനിർണ്ണയ ചട്ടക്കൂട് അടിസ്ഥാനമാക്കിയാണ് സ്‌കോർ നിർണയിച്ചത്.  ആറു പ്രധാനസംരക്ഷണ ഘടകങ്ങളെ വിലയിരുത്തുന്നതിനായി 32 മാനദണ്ഡങ്ങളെ അടിസ്ഥാനപ്പെടുത്തിയാണ് സ്‌കോർ നൽകിയത്. 90.63 ശതമാനം സ്‌കോറോടെ മൂന്നാർ വന്യജീവി ഡിവിഷനിലെ മതികെട്ടാൻചോല നാഷണൽ പാർക്കും 89.84 ശതമാനം സ്‌കോറോടെ ചിന്നാർ വന്യജീവി സങ്കേതവും മികച്ച സംരക്ഷിത വനമേഖലകളായി ഇരവികുളം ദേശീയോദ്യാനത്തിന്റെ തൊട്ടു പിന്നിലായി പട്ടികയിൽ ഇടം നേടി. 

ഇടുക്കി ജില്ലയിലെ ദേവികുളം താലൂക്കിലാണ് ഇരവികുളം ദേശീയ ഉദ്യാനം. ദക്ഷിണ ഭാരതത്തിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടിയായ ആനമുടി (2695 meter)  ഇരവികുളം ഉദ്യാനത്തിലാണ്. പശ്ചിമ ഘട്ട മലനിരകളിൽ 97 സ്‌ക്വയർ കീലോമീറ്ററാണ് ഇരവികുളം ദേശീയോദ്യാനത്തിന്റെ വിസ്തീർണം. പുൽമേടും,  ചോലവനങ്ങളും നിറഞ്ഞ ജൈവ സമ്പന്നമായ അതീവ പരിസ്ഥിതി പ്രാധാന്യമുള്ള മേഖലയാണ് ഈ ദേശീയോദ്യാനം. ലോകത്ത് ഏറ്റവും അധികം വരയാടുകൾ കാണപ്പെടുന്ന പ്രദേശം കൂടിയാണ്  ഇവിടം.  കൂടാതെ 12 വർഷത്തിലൊരിക്കൽ പൂക്കുന്ന അപൂർവയിനത്തിൽപ്പെടുന്ന നീലക്കുറിഞ്ഞി ഉൾപ്പെടെ 20 ഓളം കുറിഞ്ഞി ഇനങ്ങളും ഇവിടെയുണ്ട്. ഇന്ത്യയിലെ ഏറ്റവും വൃത്തിയുള്ള നാഷണൽ പാർക്കുകളിൽ ഒന്നായി അറിയപ്പെടുന്ന ഇരവികുളം പ്രാദേശിക ജന വിഭാഗങ്ങളുടെ പങ്കാളിത്തത്തോടെയുള്ള ഇക്കോ-ടൂറിസത്തിന്റെ ഏറ്റവും മികച്ച മാതൃകയാണെന്നും മാനേജ്‌മെന്റ് എഫക്ടീവ് ഇവാല്യൂവേഷൻ റിപ്പോർട്ടിൽ വിലയിരുത്തിയിട്ടുണ്ട്.  

കേരളത്തിലും തമിഴ്‌നാട്ടിലുമുള്ള നിരവധി സംരക്ഷിത മേഖലകളേയും റിസർവ് ഫോറസ്റ്റുകളേയും ബന്ധിപ്പിക്കുന്ന ജൈവവൈവിധ്യമേഖലയാണ് ഈ പ്രദേശം. ഉഷ്ണമേഖല പർവത ആവാസവ്യവസ്ഥക്ക് അനുയോജ്യമായ രീതിയിൽ സസ്യ-ജന്തു ജാലങ്ങളുടെ വിപുലമായ പട്ടിക രൂപപ്പെടുത്തി, ദേശീയോദ്യാനത്തിൽ സംരക്ഷിച്ചു വരുന്നതായും റിപ്പോർട്ടിൽ പറയുന്നുണ്ട്. സംരക്ഷിത വനമേഖലയ്ക്ക് കോട്ടം താട്ടാത്ത രീതിയിൽ നന്നായി വേർതിരിക്കപ്പെട്ടതും നിയന്ത്രിതവുമായ ടൂറിസം സോൺ, ഇന്റർപ്രട്ടേഷൻ സെന്റർ, ഓർക്കിഡേറിയം, ഫേണറി, ആവാസവ്യവസ്ഥയിൽ കടന്നുകയറാതെ  ജൈവവൈവിധ്യം  ആസ്വദിക്കുന്നതിനുള്ള വെർച്വൽ റിയാലിറ്റി എക്‌സ്പീരിയൻസ് സെന്റർ, നേച്ചർ എജ്യുക്കേഷൻ സെന്റർ എന്നിവ ഇരവികുളത്തിന്റെ പ്രത്യേകതകളാണ്. 

അപൂർവ​ഗണത്തിലുളള സസ്യജാലങ്ങളാണ് ഇരവികുളത്തിന്റെ സവിശേഷത. ചോലവനങ്ങളും പുൽമേടുകളും നിറഞ്ഞ ഉയരം കൂടിയ പ്രദേശങ്ങളിലേക്ക് ഔദ്യോഗിക വാഹനങ്ങളിലാണ് സന്ദർശകരെ കൊണ്ടു പോവുക. അപൂർവ്വമായ ഓർക്കിഡുകളും, കാട്ടുപൂക്കളും, കുറിഞ്ഞികളും നിറഞ്ഞ വഴിയിൽ കാട്ടുപോത്ത്, കരിങ്കുരങ്ങ് തുടങ്ങിയ മൃ​ഗങ്ങളെയും കാണാം.  ഇരവികുളം ഉല്ലാസ യാത്രക്കും പ്രകൃതി സൗന്ദര്യം നുകരാനും അനുയോജ്യമായ പ്രദേശമാണ്. ഇരവികുളത്തെ എക്കോ പോയിന്റ്, രാജമല എന്നിവിടങ്ങളിലാണ് സഞ്ചാരികൾ എത്താറുളളത്. രാജമല വരെ മാത്രമേ സന്ദർശനത്തിന് അനുവാദമുള്ളൂ. വരയാടുകളെ കൂടുതലായി കാണാനാകുന്ന സ്ഥലമാണ് രാജമല. വരയാടുകളുടെ പ്രജനനകാലമായ ഫെബ്രുവരി, മാർച്ച് മാസങ്ങളിൽ ഇരവികുളം ദേശീയോദ്യാനത്തിലേക്ക് സന്ദർശകർക്ക് പ്രവേശനമുണ്ടായിരിക്കില്ല. 

ഇരവികുളത്തിന് ലഭിച്ച ഈ ദേശീയ അംഗീകാരം, കേരളത്തിൻ്റെ പ്രകൃതി സംരക്ഷണ പ്രവർത്തനങ്ങൾക്കും ജൈവവൈവിധ്യ പരിപാലനത്തിനും ലഭിച്ച വലിയൊരു അംഗീകാരമാണ്. ഭാവി തലമുറകൾക്കായി ഈ അമൂല്യ സമ്പത്ത് സംരക്ഷിക്കുവാനും സുസ്ഥിരമായ ടൂറിസം പ്രോത്സാഹിപ്പിക്കുവാനും ഈ നേട്ടം പ്രചോദനമാകും. 

അവസാനമായി അപ്ഡേറ്റ് ചെയ്തത് : 2025-07-01 15:27:28

ലേഖനം നമ്പർ: 1790

sitelisthead