
സംസ്ഥാനത്തിന്റെ ആന്റിമൈക്രോബിയൽ റെസിസ്റ്റൻസ് (എ.എം.ആർ.) പ്രവർത്തനങ്ങൾ അന്തരാഷ്ട്രത്തലത്തിൽ ശ്രദ്ധേയമാകുന്നു. When policy makers have your back: The Kerala experience with state wide antimicrobial resistance mitigation efforts' എന്ന എ.എം.ആർ. സംബന്ധിച്ച ആർട്ടിക്കിൾ കേംബ്രിഡ്ജ് യൂണിവേഴ്‌സിറ്റി പ്രസ്സ് പുറത്തിറക്കുന്ന അമേരിക്കൻ സൊസൈറ്റി ഫോർ ഹെൽത്ത് കെയർ എപിഡമോളജിയുടെ (SHEA) ജേണലിൽ പ്രസിദ്ധീകരിച്ചു. ആന്റിബയോട്ടിക്കുകളുടെ അമിത ഉപയോഗം മൂലം രോഗാണുക്കൾ മരുന്നിന് മേൽ ആർജിക്കുന്ന പ്രതിരോധമാണ് ആന്റിമൈക്രോബിയൽ റെസിസ്റ്റൻസ്. ഇതിനെതിരെ കേരളം നടത്തുന്ന പ്രവർത്തനങ്ങളെയും കൈവരിച്ച നേട്ടങ്ങളെയും വിവരിക്കുന്നതാണ് ലേഖനം. ഒരു സംസ്ഥാനത്തിന്റെ എ.എം.ആർ. നയവും പ്രവർത്തനവും സംബന്ധിച്ച ലേഖനം ആദ്യമായിട്ടാണ് ആഗോള അംഗീകാരമുള്ള അന്താരാഷ്ട്ര ജേർണലിൽ പ്രസിദ്ധീകരിക്കുന്നത്.
കേരളത്തിന്റെ ആന്റിമൈക്രോബിയൽ റെസിസ്റ്റൻസ് പ്രവർത്തനങ്ങൾ ആഗോളതലത്തിൽ അംഗീകാരം നേടുന്നതിന്റെ തെളിവായി ഈ നേട്ടത്തെ കാണാം. ആന്റിബയോട്ടിക്കുകളുടെ അമിത ഉപയോഗം തടയുന്നതിനായി സംസ്ഥാന സർക്കാർ രൂപപ്പെടുത്തിയ കാർസാപ്പ് (Kerala Antimicrobial Resistance Strategic Action Plan) പ്രകാരം വിവിധതരം പ്രവർത്തനങ്ങൾ നടപ്പാക്കപ്പെടുന്നു. ഇതിനു പുറമെ, എ.എം.ആർ പ്രതിരോധത്തിനായി സംസ്ഥാനത്ത് ശക്തമായ നിയമപരമായും പ്രായോഗികമായും നടപടികൾ തുടർച്ചയായി സ്വീകരിച്ചുകൊണ്ടിരിക്കുകയാണ്.
ഡോക്ടറുടെ പ്രിസ്‌ക്രിപ്ഷൻ ഇല്ലാതെ ആന്റിബയോട്ടിക്കുകൾ മെഡിക്കൽ സ്റ്റോറുകളിൽ വിൽക്കാൻ പാടില്ല. ശക്തമായ പ്രവർത്തനങ്ങളിലൂടെ കേരളത്തിൽ ആന്റിബയോട്ടിക്കുകളുടെ ഉപയോഗത്തിൽ 20 മുതൽ 30 ശതമാനം വരെ കുറവുണ്ടായി. ആന്റീബയോട്ടിക്കുകൾ തിരിച്ചറിയാനായി നീലക്കവറിൽ മാത്രമേ നൽകാൻ പാടുള്ളൂ എന്ന നിർദേശവും നൽകിയിട്ടുണ്ട്. എല്ലാ ആശുപത്രികളും മെഡിക്കൽ സ്റ്റോറുകളും ഫാർമസികളും ഇത് നടപ്പിലാക്കണം. കൂടുതൽ ആശുപത്രികളെ ആന്റീബയോട്ടിക് സ്മാർട്ട് ആശുപത്രികളാക്കാനുള്ള നടപടി സ്വീകരിച്ചിട്ടുണ്ട്. 5 ലക്ഷത്തോളം വീടുകളിൽ ആരോഗ്യ പ്രവർത്തകർ നേരിട്ടെത്തി അവബോധം നൽകി.
ദ്വിതീയ തലത്തിലേയും പ്രാഥമിക തലത്തിലേയും എഎംആർ സർവൈലൻസ് നടത്തുന്ന ഏക സംസ്ഥാനം കൂടിയാണ് കേരളം. കാലഹരണപ്പെട്ടതും ഉപയോഗശൂന്യമായതുമായ മരുന്നുകൾ ശാസ്ത്രീയമായി ശേഖരിച്ച് സംസ്‌കരിക്കുന്നതിനായി കോഴിക്കോട് ജില്ലയിൽ സംസ്ഥാന ഡ്രഗ്സ് കൺട്രോൾ വകുപ്പ് നടപ്പിലാക്കിയ എൻപ്രൗഡ് സംസ്ഥാന വ്യാപകമായി നടപ്പാക്കും. കൂടാതെ എല്ലാ ജില്ലകളിലും എഎംആർ ലാബുകൾ പ്രവർത്തനസജ്ജമാണ്. ആന്റിബയോട്ടിക്ക് മരുന്നുകൾ ദുരുപയോഗം ചെയ്യുന്നതിനെതിരെയുള്ള ബോധവൽക്കരണ പ്രവർത്തനങ്ങളിൽ കേരളം മാതൃക സൃഷ്ടിക്കുന്നുണ്ട്. ഈ വർഷം ഡിസംബറോടെ കേരളത്തെ ആന്റിബയോട്ടിക് സാക്ഷരതയുള്ള സംസ്ഥാനമാക്കാനാണ് ലക്ഷ്യമിടുന്നത്.
എഎംആർ പ്രവർത്തനത്തിൽ കേരളം ആഗോള തലത്തിൽ തന്നെ ശ്രദ്ധേയമായ പുരോഗതി കൈവരിച്ചിട്ടുണ്ട്. SHEA ജേണലിൽ പ്രസിദ്ധീകരിച്ച ലേഖനം ഈ ശ്രമങ്ങൾക്കുള്ള അന്താരാഷ്ട്ര അംഗീകാരമാണ്. കർശന നിയമനടപടികളും വ്യാപകമായ ബോധവൽക്കരണ പ്രവർത്തനങ്ങളും സംയുക്തമായി കേരളത്തെ ആന്റിബയോട്ടിക് ദുരുപയോഗത്തെ പ്രതിരോധിക്കുന്ന മാതൃകാ സംസ്ഥാനമാക്കുന്നു. ആരോഗ്യ സംരക്ഷണത്തിൽ അവബോധവും ഉത്തരവാദിത്വവും പുലർത്തുന്ന സമീപനങ്ങൾ സ്വീകരിക്കാൻ പൊതുജനങ്ങൾക്ക് പ്രചോദനമേകുന്ന നേട്ടമാണിത്.
അവസാനമായി അപ്ഡേറ്റ് ചെയ്തത് : 2025-07-14 16:37:47
ലേഖനം നമ്പർ: 1802