
ശുചിത്വ കേരളം, സുസ്ഥിര കേരളം ലക്ഷ്യമാക്കി സംസ്ഥാനവ്യാപകമായി സംഘടിപ്പിച്ച മാലിന്യ മുക്തം നവകേരളം ക്യാമ്പയിന്റെ ഭാഗമായി 1034 തദ്ദേശസ്ഥാപനങ്ങളിൽ 1021 സ്ഥാപനങ്ങളെ മാലിന്യമുക്തമായി പ്രഖ്യാപിച്ചു. ഇതിന് മുമ്പ് 375 തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ മാലിന്യമുക്തമെന്ന അംഗീകാരം നേടിയിരുന്നു.
സംസ്ഥാനത്തെ 19,489 പഞ്ചായത്ത്, 19,093 നഗരസഭ വാർഡുകൾ എന്നിവ മാലിന്യമുക്തമായി. 97.96% വാർഡുകളും 98.47% തദ്ദേശസ്ഥാപനങ്ങളും മാലിന്യമുക്ത പദവി നേടി. സർക്കാർ നിർദേശിച്ച 13 മാനദണ്ഡങ്ങളിൽ ഓരോന്നിലും 80% പുരോഗതി കൈവരിച്ചാണ് 934 ഗ്രാമപഞ്ചായത്തുകളും 82 മുനിസിപ്പാലിറ്റികളും 5 കോർപറേഷകളും അന്താരാഷ്ട്ര സീറോ വേസ്റ്റ് ദിനത്തിൽ മാലിന്യമുക്തമായി പ്രഖ്യാപിക്കപ്പെട്ടത്.
കൊല്ലം, ആലപ്പുഴ, കോട്ടയം, ഇടുക്കി, തൃശൂർ, പാലക്കാട്,വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലെ എല്ലാ തദ്ദേശസ്ഥാപനങ്ങളും മാലിന്യമുക്തമായി. ഓരോ തദ്ദേശ സ്വയം ഭരണ സ്ഥാപനത്തിന്റെ പുരോഗതിയും വിവിധ മേഖലയിലുള്ളവർ അടങ്ങുന്ന വിദഗ്ദ്ധ സമിതി പരിശോധിച്ച് ആണ് മാലിന്യമുക്തമായി പ്രഖ്യാപിച്ചത്. ഇങ്ങനെ 99.26 % ഗ്രാമ പഞ്ചായത്തുകളും 94.25% നഗരസഭകളും മാലിന്യമുക്തമായി പ്രഖ്യാപിക്കപ്പെട്ടു. മാലിന്യമുക്തം നവകേരളം ക്യാമ്പയിനിൽ വിവിധ പദ്ധതികൾ നടപ്പാക്കിയതിന്റെ ഭാഗമായി 98.52 ശതമാനം ടൗണുകളും മാലിന്യമുക്തമായി.
മാലിന്യമുക്തം നവകേരളം ക്യാമ്പയിന്റെ ഭാഗമായി 59 മാലിന്യക്കൂനകളിൽ 24 എണ്ണം പൂർണ്ണമായും നീക്കം ചെയ്യപ്പെട്ടു. ഇതോടെ 56.95 ഏക്കർ ഭൂമി വീണ്ടെടുത്തു. ബ്രഹ്മപുരം ഉൾപ്പെടെ 10 സ്ഥലങ്ങളിലെ ശുചീകരണ പ്രവർത്തനങ്ങൾ അന്തിമ ഘട്ടത്തിലാണ്. ഹരിതകർമ്മ സേനയുടെ നേതൃത്വത്തിൽ തദ്ദേശസ്ഥാപനങ്ങളിൽ 87,75,713 വീടുകളിലും സ്ഥാപനങ്ങളിലുമാണ് അജൈവ മാലിന്യം ശേഖരിച്ചത്.
ശുചിത്വ മാലിന്യ സംസ്‌കരണ മേഖലയിലെ വിവിധ ഘടകങ്ങൾ ഏകോപിപ്പിച്ച് സംസ്ഥാനതലം മുതൽ ജില്ലാ-തദ്ദേശ സ്വയംഭരണ സ്ഥാപന-വാർഡ് തലം വരെയുള്ള പ്രവർത്തനങ്ങളാണ് മാലിന്യമുക്തം നവകേരളം ക്യാമ്പയിന്റെ ഭാഗമായി സർക്കാർ ആസൂത്രണം ചെയ്തിട്ടുള്ളത്. ഹരിതകേരളം മിഷൻ, ശുചിത്വ മിഷൻ, മലിനീകരണ നിയന്ത്രണ ബോർഡ്, ക്ലീൻ കേരള കമ്പനി, കുടുംബശ്രീ മിഷൻ, കേരള സോളിഡ് വേസ്റ്റ് മാനേജ്മെന്റ് പ്രോജക്ട് തുടങ്ങിയവയുടെ നേതൃത്വത്തിൽ തയ്യാറാക്കിയ പ്രവർത്തന രൂപരേഖ അടിസ്ഥാനമാക്കിയാണ് ക്യാമ്പയിൻ പ്രവർത്തനം.
ക്യാമ്പയിന്റെ അടുത്ത ഘട്ടത്തിൽ, മാലിന്യമുക്ത പ്രദേശങ്ങൾ നിലനിർത്തുന്നതിനും മറ്റ് പ്രദേശങ്ങളെ മാലിന്യമുക്തമാക്കുന്നതിനും കൂടുതൽ വിപുലമായ പ്രവർത്തനങ്ങൾ നടപ്പാക്കും. എല്ലാ മാലിന്യത്തിന്റെയും സമഗ്ര പരിപാലനം, ഡിജിറ്റൽ ട്രാക്കിംഗ്, പുനർചംക്രമണ പാർക്കുകൾ എന്നിവയെ അടിസ്ഥാനമാക്കിയാണ് അടുത്ത ഘട്ടം നടപ്പാക്കുന്നത്. മാലിന്യമുക്ത കേരളം എന്ന ദൗത്യത്തിലേക്ക് സംസ്ഥാനം മുന്നേറുമ്പോൾ, ശുചിത്വ കേരളം, സുസ്ഥിര കേരളം എന്ന ലക്ഷ്യം യാഥാർത്ഥ്യമാകുന്നതിന് സംസ്ഥാനത്തെ ജനകീയ പങ്കാളിത്തവും തദ്ദേശ ഭരണ സംവിധാനങ്ങളും നിർണായക പങ്കുവഹിക്കും.
അവസാനമായി അപ്ഡേറ്റ് ചെയ്തത് : 2025-04-02 16:34:57
ലേഖനം നമ്പർ: 1742