കേരളത്തിലെ പൊതുമേഖലാ ഉൽപ്പന്നങ്ങൾ വിപണിയിലെത്തിച്ച് ജനശ്രദ്ധ നേടി കെ ഷോപ്പി പോർട്ടൽ. വ്യവസായ വകുപ്പ് വികസിപ്പിച്ചെടുത്ത ഏകീകൃത പ്ലാറ്റ്ഫോമായ 'Kshoppe.in' തദ്ദേശീയ ഉത്പന്നങ്ങളെ ഒരൊറ്റ സർക്കാർ ബ്രാൻഡിന് കീഴിൽ ഉൾപ്പെടുത്തി, അവയെ പ്രാദേശിക പരിധിക്കപ്പുറത്തേക്ക് വ്യാപിപ്പിക്കുന്നു. ഇതിലൂടെ പൊതുമേഖല ഉത്പന്നങ്ങൾക്ക് ആഗോളതലത്തിൽ വൻ പ്രചാരമാണ് ലഭിച്ചത്. പ്രമുഖ ഓൺലൈൻ വിൽപന വെബ്‌സൈറ്റുകളുടെ മാതൃകയിൽ ഓൺലൈനായി പണമടച്ചു കെഷോപ്പിയിൽ നിന്നും സാധനങ്ങൾ വാങ്ങാം. ഇതോടെ ഗുണമേന്മയുള്ള ഉൽപ്പന്നങ്ങൾ നേരിട്ട് ഉൽപ്പാദകരിൽ നിന്ന് വാങ്ങാനുള്ള അവസരമാണ് ഉപഭോക്താക്കൾക്ക് ലഭിക്കുന്നത്.

നിലവിൽ 28 പൊതുമേഖലാ സ്ഥാപനങ്ങളുടെ 500 ഓളം ഉത്പന്നങ്ങൾ kshoppe.in പോർട്ടലിൽ ലിസ്റ്റ് ചെയ്തിട്ടുണ്ട്. തപാൽ വകുപ്പ് വഴി ഉത്പന്നങ്ങൾ സമയബന്ധിതമായി വീട്ടിൽ എത്തിക്കും. കെ ഷോപ്പിയിലൂടെ, തദ്ദേശീയ ഉത്പന്നങ്ങളുടെ വിൽപന വർദ്ധിക്കുകയും, സാമ്പത്തിക ലാഭം കൈവരിക്കുകയും ചെയ്തു. 

ബോർഡ് ഫോർ പബ്‌ളിക് സെക്ടർ ട്രാൻസ്ഫോർമേഷന്റെ (ബിപിടി) നേതൃത്വത്തിലാണ് കെ ഷോപ്പി യാഥാർഥ്യമാക്കിയത്. ഇ-കൊമേഴ്‌സ് പോർട്ടലും മൊബൈൽ ആപ്പും വികസിപ്പിക്കുന്നതിനുള്ള ഉത്തരവാദിത്തം കെൽട്രോണിനാണ്. അതിന്റെ ഭാഗമായി ഉപയോക്തൃ സൗഹൃദവും സുരക്ഷിതവുമായ ഒരു സമഗ്ര വെബ് ആപ്ലിക്കേഷനും മൊബൈൽ ആപ്ലിക്കേഷനും കെൽട്രോൺ വികസിപ്പിച്ചെടുത്തു. സുരക്ഷയ്ക്ക് മുൻഗണന കൊടുത്തിട്ടുള്ള പോർട്ടലാണിത്. പഞ്ചാബ് നാഷണൽ ബാങ്കിൻ്റെ പേയ്‌മെൻ്റ് ഗേറ്റ്‌വേയുമായി സംയോജിച്ചാണ് പോർട്ടലിൽ പണമിടപാടുകൾ നടക്കുന്നത്. കെ ഷോപ്പിൽ വിൽക്കുന്ന ഉൽപ്പന്നങ്ങളുടെ ലോജിസ്റ്റിക്സും ഡെലിവറിയും കൈകാര്യം ചെയ്യുന്നത് ഇന്ത്യാ പോസ്റ്റ് ആണ്.  

കയർക്രാഫ്റ്റ്, ഫോം മാറ്റിങ്‌സ് ഇന്ത്യ ലിമിറ്റഡ്, ഹാൻഡ്‌ടെക്‌സ്, കാഡ്‌കോ, ഹാൻഡി ക്രാഫ്റ്റ്‌സ് ഡവലപ്‌മെന്റ് കോർപറേഷൻ കേരള, ക്യാപെക്‌സ് കാഷ്യൂസ്, കേരള സ്റ്റേറ്റ് കാഷ്യു ഡവലപ്‌മെന്റ് കോർപറേഷൻ, കേരള സോപ്‌സ്, കേരള ക്ലേയ്‌സ് ആൻഡ് സെറാമിക് പ്രൊഡക്ട്‌സ് ലിമിറ്റഡ്( കെസിസിപിഎൽ), ഹാൻവീവ്, കെൽട്രോൺ, കേരള സ്‌റ്റേറ്റ് ടെക്‌സ്‌റ്റൈൽ കോർപറേഷൻ, സ്റ്റീൽ ഇൻഡസ്ട്രിയൽസ് കേരള ലിമിറ്റഡ്, ട്രാൻവൻകൂർ ടൈറ്റാനിയം പ്രൊഡക്ട്‌സ്,  കൊക്കോണിക്‌സ്, കേരള ഇലക്ട്രിക്കൽ ആൻഡ് അപ്ലൈഡ് എഞ്ചിനീയറിങ് കോർപറേഷൻ തുടങ്ങിയവയുടെ ഉത്പന്നങ്ങളാണ് കെ-ഷോപ്പിയിൽ ലഭിക്കുക. കൂടാതെ പൊതുമേഖല സ്ഥാപനങ്ങൾക്ക് ഉത്പന്നങ്ങൾ വെബ്‌സൈറ്റിൽ ലിസ്റ്റ് ചെയ്യാനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്.

അവസാനമായി അപ്ഡേറ്റ് ചെയ്തത് : 2025-07-04 10:54:35

ലേഖനം നമ്പർ: 1792

sitelisthead