കണ്ണൂർ ജില്ലയിൽ മുഴപ്പിലങ്ങാട് - ധർമ്മടം ബീച്ച് സമഗ്രവികസന പദ്ധതി ഒന്നാംഘട്ട പ്രവർത്തനങ്ങൾ പൂർത്തീകരിച്ചു. ഇന്ത്യയിലെ ഏറ്റവും ദൈർഘ്യമുള്ള ഡ്രൈവ് ഇൻ ബീച്ചുകളിലൊന്നാണ് മുഴപ്പിലങ്ങാട്. ഇവിടുത്തെ ടൂറിസം സാധ്യതകൾ പരമാവധി പ്രയോജനപ്പെടുത്തും വിധം മുഴപ്പിലങ്ങാട്, ധർമ്മടം ബീച്ച്, ധർമ്മടം ഐലന്റ് എന്നിവയുടെ വികസനം ഉറപ്പാക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. 

കിഫ്ബി പദ്ധതിയിൽ ഉൾപ്പെടുത്തി നാല് ക്യാരക്ടർ ഏരിയകളായി തരംതിരിച്ചാണ് 233 കോടി രൂപയുടെ പദ്ധതി നടപ്പാക്കുന്നത്. ഇതിൽ 62 കോടി രൂപയുടെ ആദ്യ ക്യാരക്ടർ ഏരിയയാണ് ഇപ്പോൾ പൂർത്തിയായത്. മുഴപ്പിലങ്ങാട് ബീച്ചിൽ കടൽതീരത്തു നിന്നും ഉയരത്തിലായി പൈലുകൾക്കു മുകളിൽ കോൺക്രീറ്റ് സ്ലാബ് വാർത്ത് അതിനു മുകളിലാണ് ഉല്ലാസ പ്രവർത്തനങ്ങൾ ക്രമീകരിച്ചിരിക്കുന്നത്. സ്വാഭാവിക ഭംഗിയുള്ള ബീച്ചിലെ പുൽമേടുകൾ, മരങ്ങൾ, ഇരിപ്പിടങ്ങൾ എന്നിവ ആകർഷണീയമാണ്. വിശാലമായ നടപ്പാത, ആകർഷണീയമായ ബീച്ച് ഫ്രണ്ട് പരിസരം, കുട്ടികൾക്കുള്ള കളിസ്ഥലം, ടോയ്‌ലറ്റുകൾ, കിയോസ്‌കുകൾ, അലങ്കാരലൈറ്റുകൾ, ഷെയ്ഡ് സ്ട്രക്ചർ, ശിൽപങ്ങൾ,  റിഫ്രഷ്‌മെന്റ് സെന്ററുകൾ, പാർക്കിംഗ് സൗകര്യം, സീറ്റിംഗ് ഏരിയ എന്നിവയും പദ്ധതിയിൽ ഉൾപ്പെടുത്തി നിർമ്മാണം പൂർത്തിയാക്കി.

ധർമ്മടം ബീച്ചിൽ ആധുനിക ടൂറിസം സൗകര്യങ്ങളും ധർമ്മടം ഐലന്റിൽ ഒരു നേചർ ഹബും വൈകാതെ തയാറാകും. അണ്ടർ വാട്ടർ സ്‌കൾപ്ച്ചർ ഗാർഡൻ, എലവേറ്റഡ് നേചർ വാക്ക് എന്നീ സാധ്യതകളും ദ്വീപിലേക്കുള്ള പ്രവേശന സാധ്യതകളും പരിശോധിക്കുന്നുണ്ട്. മുഴപ്പിലങ്ങാട് ബീച്ചിൻറെ വടക്ക് ഭാഗത്തെ 1.2 കിലോമീറ്റർ നീളത്തിലുള്ള നടപ്പാത ഓർഗനൈസ്ഡ് ഡ്രൈവ് ഇൻ ആക്ടിവിറ്റികൾ നടത്തുന്നതിനുള്ള ഇടമായി മാറ്റാനും പദ്ധതിയുണ്ട്. 

മുഴപ്പിലങ്ങാടിന് പുറമേ കോവളം, വർക്കല, ഫോർട്ട് കൊച്ചി, ബേപ്പൂർ, ചാലിയം, ബേക്കൽ എന്നിവിടങ്ങളിലും പ്രത്യേക ബീച്ച് ടൂറിസം പദ്ധതികൾ സംസ്ഥാനം നടപ്പിലാക്കുന്നുണ്ട്. ഉയർന്ന പരിസ്ഥിതി, സുസ്ഥിര വികസന മാനദണ്ഡങ്ങൾ പാലിക്കുന്നതിന് അഴീക്കോട് ചാൽ ബീച്ചിനും കാപ്പാട് ബീച്ചിനും ഇതിനകം അന്താരാഷ്ട്ര ബ്ലൂ ഫ്‌ലാഗ് പദവി ലഭിച്ചിട്ടുണ്ട്. ബീച്ച് ടൂറിസം പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി ഫ്‌ലോട്ടിംഗ് ബ്രിഡ്ജ്  ആരംഭിക്കുകയുണ്ടായി. ബീച്ച് സ്‌പോർട്‌സിനും ബീച്ച് അഡ്വഞ്ചർ ടൂറിസത്തിനും പ്രത്യേക പ്രാധാന്യം കൊടുത്തിട്ടുള്ള പദ്ധതികളും നടപ്പാക്കിക്കൊണ്ടിരിക്കുകയാണ്. ടൂറിസം മേഖലയിലെ നിക്ഷേപം വർദ്ധിപ്പിക്കുന്നതിനായി ടൂറിസം ഇൻവെസ്റ്റേഴ്‌സ് മീറ്റും സംഘടിപ്പിച്ചിരുന്നു.

മലബാറിലേക്ക് ടൂറിസം നിക്ഷേപം എത്തിക്കുക എന്ന ഉദ്ദേശത്തോടെ സംഘടിപ്പിച്ച പ്രത്യേക ബി ടു ബി മീറ്റും മികച്ച വിജയമായിരുന്നു. ഇതിലൂടെ ടൂറിസം മേഖലയ്ക്ക് നിക്ഷേപങ്ങൾ ആകർഷിക്കാൻ കഴിഞ്ഞിട്ടുണ്ട്. ഇതിനു പുറമേയാണ് നേരത്തെ നടപ്പാക്കിവരുന്ന തലശ്ശേരി പൈതൃക സർക്യൂട്ട്, മലബാർ റിവർ ക്രൂയിസ് പദ്ധതികൾ എന്നിവ. ബേക്കൽ, മുഴപ്പിലങ്ങാട്, ധർമ്മടം തുടങ്ങിയ ബീച്ചുകൾ വികസിപ്പിക്കുകയും അവിടങ്ങളിൽ സ്റ്റാർ ഹോട്ടൽ സൗകര്യമടക്കം ഒരുക്കുകയുമാണ്. ഇതെല്ലാം കേരളത്തിന്റെയും വിശേഷിച്ച് മലബാറിന്റെയും ടൂറിസം വികസന രംഗത്ത് ഒരു നാഴികക്കല്ലാകും.

അവസാനമായി അപ്ഡേറ്റ് ചെയ്തത് : 2025-05-09 12:26:42

ലേഖനം നമ്പർ: 1765

sitelisthead