
കേരളത്തിന്റെ ഊർജ്ജ മേഖലയ്ക്ക് കരുത്ത് പകർന്ന് സംസ്ഥാനത്തെ ആദ്യത്തെ ജലവൈദ്യുതി ഉത്പാദന കേന്ദ്രമായ പള്ളിവാസൽ ജലവൈദ്യുത പദ്ധതിയുടെ വിപുലീകരണം പൂർത്തിയായി. സംസ്ഥാനത്തിന്റെ വർധിച്ചുവരുന്ന വൈദ്യുത ആവശ്യങ്ങൾ നിറവേറ്റുന്നതിൽ 60 മെഗാവാട്ട് ശേഷിയുള്ള പള്ളിവാസൽ ജലവൈദ്യുത പദ്ധതി നിർണ്ണായക പങ്ക് വഹിക്കും.
1940-ൽ സ്ഥാപിതമായ പള്ളിവാസൽ ജലവൈദ്യുത പദ്ധതി, ആദ്യ ഘട്ടത്തിലെ 37.5 മെഗാവാട്ട് ഉത്പാദനത്തിന് പുറമെയാണ് ഇപ്പോൾ 60 മെഗാവാട്ട് ശേഷിയുള്ള പുതിയ ജലവൈദ്യുതി നിലയം പൂർത്തിയായിരിക്കുന്നത്. ഇത് സംസ്ഥാനത്തിന്റെ മൊത്തം വൈദ്യുത ഉത്പാദന ശേഷിക്ക് കാര്യമായ സംഭാവന നൽകും. നിലവിൽ, സ്ഥാപിത ശേഷിയുടെ കാര്യത്തിൽ സംസ്ഥാനത്ത് ഏഴാം സ്ഥാനത്താണ് പള്ളിവാസൽ ജലവൈദ്യുത പദ്ധതി. പുതിയ നിലയത്തിലെ ഒന്നാം നമ്പർ ജനറേറ്റർ 2024 ഡിസംബർ 5-നും രണ്ടാം നമ്പർ ജനറേറ്റർ ഡിസംബർ 24-നും ഗ്രിഡുമായി ബന്ധിപ്പിച്ച് വാണിജ്യ ഉത്പാദനം ആരംഭിച്ചു കഴിഞ്ഞു. ഇതുവരെ 159.898 ദശലക്ഷം യൂണിറ്റ് വൈദ്യുതിയാണ് ഇവിടെ ഉത്പാദിപ്പിച്ചത്.
വെള്ളത്തിന്റെ അധിക ലഭ്യതയും നിലവിലുള്ള ജലവൈദ്യുത ഉത്പാദന സംവിധാനത്തിന്റെ കാലപ്പഴക്കവും കണക്കിലെടുത്താണ് പള്ളിവാസൽ വിപുലീകരണ പദ്ധതി വിഭാവനം ചെയ്തത്. ഈ പദ്ധതിയിലൂടെ പ്രതിവർഷം അധികമായി 153.90 ദശലക്ഷം യൂണിറ്റ് വൈദ്യുതി ഉത്പാദിപ്പിക്കാൻ സാധിക്കും. സംസ്ഥാനത്തെ വർധിച്ചുവരുന്ന വൈദ്യുത ഉപഭോഗം മുന്നിൽ കണ്ടും, വികസന രംഗത്തെ മാറ്റങ്ങൾക്കനുസൃതമായി ഗുണമേന്മയുള്ളതും ചെലവ് കുറഞ്ഞതുമായ ജലവൈദ്യുതി ഉത്പാദനം വർധിപ്പിക്കേണ്ടത് അത്യാവശ്യമായ ഘട്ടത്തിലാണ് പള്ളിവാസൽ വിപുലീകരണം യാഥാർത്ഥ്യമായിരിക്കുന്നത്.
ഇടുക്കി ജില്ലയിലെ ദേവികുളം താലൂക്കിൽ പള്ളിവാസൽ വില്ലേജിലാണ് പള്ളിവാസൽ വിപുലീകരണ പദ്ധതി സ്ഥാപിച്ചിരിക്കുന്നത്. ലക്ഷ്മിയാർ, നല്ലതണ്ണിയാർ, മാട്ടുപെട്ടിയാർ എന്നിവയുടെ സംഗമസ്ഥലമായ പഴയമൂന്നാറിലെ ആർ. എ. ഹെഡ് വർക്സ് ഡാമിൽ നിന്നുമാണ് പദ്ധതിക്ക് ആവശ്യമായ ജലം ലഭ്യമാകുന്നത്. കുണ്ടള, മാട്ടുപ്പെട്ടി എന്നീ ഡാമുകളിൽ ജലം സംഭരിച്ച് ആർ. എ. ഹെഡ് വർക്‌സിൽ നിന്ന് ടണൽ വഴി തിരിച്ചുവിട്ട് പെൻസ്റ്റോക്ക് വഴി പള്ളിവാസലിൽ സ്ഥാപിച്ചിട്ടുള്ള പവർ ഹൗസിൽ എത്തിച്ചാണ് ഉത്പാദനം നടത്തുന്നത്. 5.3312 ഹെക്ടർ സ്ഥലത്ത് 434.66 കോടി രൂപ മുതൽ മുടക്കിയാണ് പദ്ധതിയുടെ നിർമ്മാണ പ്രവർത്തനങ്ങൾ നടന്നത്. വൈദ്യുതി മേഖലയുടെ ഉത്പാദന-പ്രസരണ-വിതരണ രംഗങ്ങളിൽ സർക്കാർ നടപ്പാക്കുന്ന വിവിധ പദ്ധതികളുടെ ഭാഗമായാണ് പള്ളിവാസൽ വിപുലീകരണ പദ്ധതിയും സാക്ഷാത്കരിക്കുന്നത്.
അവസാനമായി അപ്ഡേറ്റ് ചെയ്തത് : 2025-07-28 15:31:38
ലേഖനം നമ്പർ: 1809