രാജ്യത്ത് ആദ്യമായി, സ്പൈനൽ മസ്കുലാർ അട്രോഫി (SMA) രോഗം ബാധിച്ച കുഞ്ഞിന് ജനിച്ച് ദിവസങ്ങൾക്കുള്ളിൽ പ്രീ-സിംപ്റ്റമാറ്റിക് ചികിത്സ നൽകി ശ്രദ്ധേയമായ നേട്ടം കൈവരിച്ചു കേരളം. അപൂർവ രോഗ ചികിത്സയിൽ ആരോഗ്യ വകുപ്പ് നിർണായക ചുവടുവയ്പ്പാണിത്. അമേരിക്ക, കാനഡ, തുടങ്ങിയ വികസിത രാജ്യങ്ങളിൽ എസ്.എം.എ. രോഗ ചികിത്സയിൽ ഏറ്റവും ഫലപ്രദമായി വിലയിരുത്തിയിട്ടുള്ള പ്രീ സിംപ്റ്റമാറ്റിക് (Pre symptomatic) ചികിത്സയാണ് കേരളത്തിലും വിജയകരമായി നടത്തിയത്. 

തിരുവനന്തപുരം ജില്ലയിൽ ചികിത്സ തേടിയ കുഞ്ഞിനാണ് വിലപിടിപ്പുള്ള റിസ്ഡിപ്ലം മരുന്ന് സൗജന്യമായി നൽകി ശ്രീ അവിട്ടം തിരുനാൾ  (എസ്.എ.ടി) ആശുപത്രിയിൽ ചികിത്സ നടത്തിയത്. രോഗതീവ്രത മനസ്സിലാക്കി ഗർഭാവസ്ഥയിലുള്ള കുഞ്ഞിന്റെ ഓരോ ഘട്ടവും വിദഗ്ധ സമിതി പരിശോധിച്ചാണ് ചികിത്സ ക്രമീകരിച്ചത്. ഇതിനായി ജനിതക കൗൺസിലിങ്ങുകൾ നൽകുകയും വികസിത രാജ്യങ്ങളിലെ സമാന സംഭവങ്ങളിലെ പ്രോട്ടോക്കോളുകൾ പാലിക്കുകയും ചെയ്താണ് ചികിത്സ നൽകിയത്.
 
പ്രീ സിംപ്റ്റമാറ്റിക് ചികിത്സയിലൂടെ ഗർഭാവസ്ഥയിലോ കുഞ്ഞ് ജനിച്ച് ദിവസങ്ങൾക്കുള്ളിലോ എസ്.എം.എ. രോഗത്തിനുള്ള മരുന്ന് നൽകി ചികിത്സ ആരംഭിക്കുന്നതിലൂടെ കുട്ടികൾ 100 ശതമാനം സാധാരണ വളർച്ച കൈവരിക്കും. എസ്.എം.എ. രോഗത്തിൽ ജനിതകമായ വൈകല്യങ്ങളും അതിന്റെ റിസ്ക് ഫാക്ടറും നേരത്തെ തിരിച്ചറിയാൻ കഴിയാതെ പോകുന്ന എന്ന വെല്ലുവിളി ഇതുവഴി പരിഹരിക്കാം.
 
അപൂർവ രോഗം ബാധിച്ച കുട്ടികളുടെ സമഗ്ര പരിചരണം ഉറപ്പുവരുത്താനായി ഇന്ത്യയിൽ ആദ്യമായി സംസ്ഥാന സർക്കാർ  പ്രത്യേക പദ്ധതി രൂപീകരിച്ചു. "രോഗങ്ങൾ അപൂർവമാകാം പക്ഷെ പരിചരണം അപൂർണ്ണമാകരുത്" എന്ന സർക്കാരിന്റെ നയത്തിന്റെ  അടിസ്ഥാനത്തിലാണ്  2024-ൽ കെയർ പദ്ധതി ആവിഷ്‌ക്കരിച്ച് നടപ്പിലാക്കിയത്. ഇതിലൂടെ എസ്.എം.എ. അടക്കമുള്ള അപൂർവ രോഗങ്ങൾ ബാധിച്ച 100-ഓളം കുട്ടികൾക്ക് വിലയേറിയ മരുന്നും നട്ടെല്ലിന്റെ വളവ് നിവർത്തുന്ന ശസ്ത്രക്രിയയും സൗജന്യമായി നൽകി വരുന്നു.  

സ്പൈനൽ മസ്കുലാർ അട്രോഫി (SMA) പോലുള്ള അപൂർവ രോഗങ്ങൾക്ക്  കേരളം രാജ്യത്ത് ആദ്യമായി  നടപ്പിലാക്കിയ പ്രീ-സിംപ്റ്റമാറ്റിക് ചികിത്സയും,  'കെയർ' പദ്ധതിയും ഇന്ത്യൻ ആരോഗ്യമേഖലയിൽ ഒരു നാഴികക്കല്ലാണ്. വികസിത രാജ്യങ്ങളിലെ നൂതന ചികിത്സാ പ്രോട്ടോക്കോളുകൾ സ്വീകരിക്കുകയും, വിലകൂടിയ മരുന്നുകളും ശസ്ത്രക്രിയകളും സൗജന്യമായി ലഭ്യമാക്കുകയും ചെയ്യുന്നതിലൂടെ, അപൂർവ രോഗങ്ങളുള്ള കുട്ടികൾക്ക് മെച്ചപ്പെട്ട ഭാവിയും ഏറെക്കുറെ സാധാരണ വളർച്ചയും ഉറപ്പാക്കാൻ കേരളത്തിന് സാധിച്ചു. നേരത്തെയുള്ള രോഗനിർണ്ണയവും ചികിത്സയും സംബന്ധിച്ച വെല്ലുവിളികളെ ഈ മാതൃക ഫലപ്രദമായി അഭിമുഖീകരിക്കുന്നു. എല്ലാവർക്കും സമഗ്രമായ ആരോഗ്യസേവനം ഉറപ്പാക്കുന്നതിനുള്ള കേരളത്തിന്റെ കാഴ്ചപ്പാടിനും പ്രതിബദ്ധതയ്ക്കും ഈ പ്രവർത്തനം അടിവരയിടുന്നു.

അവസാനമായി അപ്ഡേറ്റ് ചെയ്തത് : 2025-06-18 15:55:38

ലേഖനം നമ്പർ: 1781

sitelisthead