ലോക ടൂറിസം ദിനത്തിൽ ഇരട്ട പുരസ്‌കാരത്തിളക്കവുമായി കേരള ടൂറിസം. കേന്ദ്ര സർക്കാരിന്റെ ബെസ്റ്റ് റൂറൽ ടൂറിസം വില്ലേജ് അവാർഡ് കാറ്റഗറിയിൽ രാജ്യത്തെ ഏറ്റവും മികച്ച ടൂറിസം വില്ലേജായി കടലുണ്ടിയും കുമരകവും തിരഞ്ഞെടുക്കപ്പെട്ടു. ഉത്തരവാദിത്ത ടൂറിസം മിഷന്റെ മികവുറ്റ പദ്ധതികളാണ് കേരളത്തെ പുരസ്‌കാരത്തിന് അർഹമാക്കിയത്. കടലുണ്ടിക്ക് ബെസ്റ്റ് റെസ്പോൺസിബിൾ ടൂറിസം വില്ലേജ് അവാർഡും കുമരകത്തിന് ബെസ്റ്റ് അഗ്രി ടൂറിസം വില്ലേജ് പുരസ്‌കാരവുമാണ് ലഭിച്ചത്.തുടർച്ചയായ രണ്ടാം വർഷമാണ് ഉത്തരവാദിത്ത ടൂറിസം പ്രവർത്തനങ്ങളിലൂടെ കേരളത്തിന് ബെസ്റ്റ് ടൂറിസം വില്ലേജ് പുരസ്‌കാരം ലഭിക്കുന്നത്. കഴിഞ്ഞ തവണ ഉത്തരവാദിത്ത ടൂറിസം മിഷന്റെ സ്ട്രീറ്റ് പദ്ധതി നടപ്പാക്കിയതോടെ കാന്തല്ലൂരിന് സുവർണ പുരസ്‌കാരം ലഭിച്ചിരുന്നു.


രാജ്യത്തെ ആയിരത്തോളം ടൂറിസം വില്ലേജുകളിൽ നിന്നാണ് കടലുണ്ടി ഒന്നാമതെത്തിയത്. 2021 മുതൽ സംസ്ഥാന ആർടി മിഷൻ കീഴിൽ ബേപ്പൂർ മണ്ഡലത്തിൽ ആരംഭിച്ച സമഗ്ര ഉത്തരവാദിത്ത ടൂറിസത്തിന്റെ ഭാഗമായി നടപ്പാക്കിയ വ്യത്യസ്ത പദ്ധതികളാണ് കടലുണ്ടി പഞ്ചായത്തിനെ അംഗീകാരത്തിന് അർഹമാക്കിയത്. പദ്ധതികൾ നടപ്പാക്കും മുൻപ് ആദ്യഘട്ടത്തിൽ ജനപ്രതിനിധികളെയും 22 വാർഡുകളിലെ ജനങ്ങളെയും ഉത്തരവാദിത്വ ടൂറിസത്തിന്റെ പ്രാധാന്യം ബോധ്യപ്പെടുത്തി, റിസോഴ്സ് മാപ്പിങ്ങിലൂടെ റിസോഴ്സ് ഡയറക്ടറി രൂപപ്പെടുത്തി. ശേഷം മൂന്നാം ഘട്ടത്തിൽ ഗ്രീൻ ഡെസ്റ്റിനേഷൻ പ്രോട്ടോകോൾ പദ്ധതിയിലൂടെ പ്രകൃതി സംരക്ഷണത്തിനും മാലിന്യനിർമാർജനത്തിനും പ്രാധാന്യം നൽകി.

'വൺ ടൂറിസ്റ്റ്, വൺ ട്രീ' ക്യാമ്പയിനിലൂടെ ഓരോ വിനോദസഞ്ചാരിയും കടലുണ്ടിയിൽ ഒരുവൃക്ഷം നട്ടുപിടിപ്പിക്കാനുള്ള ബോധവൽക്കരണ പരിപാടി നടപ്പിലാക്കുകയും. തോണി തുഴയുന്നവർ, ഹോം സ്റ്റേ നടത്തിപ്പുകാർ, ഫുഡ് യൂണിറ്റുകൾ, ഓട്ടോ തൊഴിലാളികൾ, കരകൗശല വസ്തുക്കൾ വിപണനം ചെയ്യുന്നവർ, ടൂർ ഗൈഡുകൾ എന്നിവർക്ക് പ്രത്യേക പരിശീലനം നൽകുകയും ചെയ്തു. വില്ലേജ് ലൈഫ് എക്‌സ്പീരിയൻസ് സ്ട്രീറ്റുകൾ, ആർട്ട് സ്ട്രീറ്റ് എന്നിവയിലൂടെ കയർപിരിക്കൽ, ഓലമെടയൽ, കള്ളുചെത്ത് തുടങ്ങിയ പാരമ്പര്യ തൊഴിലുകളെ സഞ്ചാരികൾക്ക് പരിചയപ്പെടുത്തി. ഫിഷിങ് സ്ട്രീറ്റ്, കൾച്ചറൽ സർക്യൂട്ട്, വാട്ടർ സ്ട്രീറ്റ് എന്നിവയും കടലുണ്ടി ടൂറിസത്തിന്റെ ആകർഷകങ്ങളായി. തദ്ദേശീയ ഭക്ഷണം, കൃഷി, കമ്യൂണിറ്റി റിസർവിലെ കണ്ടൽക്കാട്ടിലൂടെയും പക്ഷിസങ്കേതത്തിലൂടെയും തോണിയാത്ര, പാരമ്പര്യ കൈത്തൊഴിലുകൾ എന്നിവ സഞ്ചാരികൾക്ക് കടലുണ്ടിയെ പ്രിയപ്പെട്ടതാക്കി. ഗ്രാമത്തിന്റെ ഇത്തരം കൂട്ടായ പ്രവർത്തനങ്ങളിലൂടെ പ്രാദേശിക സമൂഹത്തിന്റെ വരുമാനം വർധിപ്പിക്കാനും തൊഴിലവസരങ്ങൾ സൃഷ്ടിക്കാനുമായി. ലോക ഉത്തരവാദിത്വ ടൂറിസം സ്ഥാപകൻ ഡോ. ഹാരോൾഡ് ഗുഡ്വിൻ, ഗ്ലോബൽ ആർടി സമ്മിറ്റിൽ പങ്കെടുത്ത 16 രാജ്യങ്ങളിലെ പ്രതിനിധികൾ,26 രാജ്യങ്ങളിലെ ബ്ലോഗേഴ്‌സ് തുടങ്ങിയവർ കടലുണ്ടി സന്ദർശിക്കാനെത്തിയിരുന്നു.

കാർഷിക പ്രവർത്തനങ്ങളെ ബാധിക്കാതെ ഉത്തരവാദിത്ത വിനോദസഞ്ചാരം വിജയകരമായി നടപ്പാക്കുന്ന ഗ്രാമമാണ് കുമരകം. ഉത്തരവാദിത്ത ടൂറിസം മിഷൻ സൊസൈറ്റിയും പഞ്ചായത്തും ചേർന്ന് കാർഷിക പ്രവർത്തനങ്ങളെ വിനോദ സഞ്ചാരികൾക്കു ആസ്വദിക്കാവുന്ന ടൂർപാക്കേജുകളാക്കി അവതരിപ്പിക്കുകയും ഫാമിങ്-ഫിഷിങ് എക്‌സ്പീരിയൻസ്, എ ഡേ വിത്ത് ഫാർമർ തുടങ്ങിയ പരിപാടികളും ഗ്രാമീണ സൗന്ദര്യം ആസ്വദിക്കാൻ വിവിധ പദ്ധതികളും നടപ്പാക്കുകയും ചെയ്തു. കാർഷിക ഉത്പന്നങ്ങൾ റിസോർട്ടുകളുമായി ബന്ധപ്പെടുത്തി വിപണനം ചെയ്യുന്നതിലൂടെ പ്രാദേശിക സാമ്പത്തിക വികസനം ടൂറിസത്തിലൂടെ സാധ്യമാക്കുന്നു. ഇതുകൂടാതെ സ്ത്രീ ശാക്തീകരണം, പരിസ്ഥിതി സംരക്ഷണം എന്നിവയിലൂടെ ഉത്തരവാദിത്ത ടൂറിസത്തെ പരിപോഷിപ്പിക്കാൻ ഇന്ത്യയിലെ ആദ്യ ഉത്തരവാദിത്ത ടൂറിസം പ്രവർത്തനങ്ങൾ ആരംഭിച്ച  പ്രദേശമായ കുമരകത്തിന് കഴിഞ്ഞു. 

പ്രാദേശിക സമൂഹത്തിന് മികച്ച തൊഴിലും സമ്പത്തും കൈവരുന്നതിനൊപ്പം വിനോദസഞ്ചാരഭൂപടത്തിൽ വളരുകയും ചെയ്യുന്ന കേരളത്തിന്റെ ടൂറിസം മേഖലയുടെ വളർച്ച ലക്ഷ്യമിട്ട്  സംസ്ഥാനം നടത്തിവരുന്ന പദ്ധതികൾക്ക് ലഭിക്കുന്ന   ദേശീയ അംഗീകാരം ഈ മേഖലയുടെ സർവതലസ്പർശിയായ വികസന പ്രവർത്തങ്ങൾക്ക് ഉത്തേജകമാവും.

അവസാനമായി അപ്ഡേറ്റ് ചെയ്തത് : 2024-09-30 14:28:36

ലേഖനം നമ്പർ: 1535

sitelisthead