തിരുവനന്തപുരം സര്‍ക്കാര്‍ മെഡിക്കല്‍ കോളേജിലെ എമര്‍ജന്‍സി മെഡിസിന്‍ വിഭാഗത്തെ രാജ്യത്തെ  സെന്റര്‍ ഓഫ് എക്‌സലന്‍സ് ആയി തിരഞ്ഞെടുത്തു.  അത്യാഹിത വിഭാഗ ചികിത്സയുടെ പഠനത്തിനായി നീതി ആയോഗ് - ഐസിഎംആർ തിരഞ്ഞടുക്കുന്ന രാജ്യത്തെ 5 മെഡിക്കൽ കോളേജുകളുടെ പട്ടികയിലാണ്  മെഡിക്കൽ  കോളേജ് എമർജൻസി മെഡിസിൻ വിഭാഗം  ഇടം നേടിയത്. കേരളത്തില്‍ നിന്നൊരു മെഡിക്കല്‍ കോളേജ് ഈ സ്ഥാനത്ത് എത്തുന്നത് ചരിത്രത്തില്‍ ആദ്യമായാണ്. ഇതിന്റെ അടിസ്ഥാനത്തില്‍ ഓരോ വര്‍ഷവും രണ്ടു കോടി രൂപ മെഡിക്കല്‍ കോളേജിന് ലഭിക്കും. 

കാലഘട്ടത്തിന്റെ അനിവാര്യതക്കനുസൃതമായി സമാനകളില്ലാത്ത വികസന പ്രവർത്തനങ്ങൾക്കാണ് തിരുവനന്തപുരം മെഡിക്കൽ കോളേജ് സാക്ഷ്യം വഹിക്കുന്നത്.  അതിനൂതന എമർജൻസി മെഡിസിൻ സംവിധാനങ്ങളോടെയാണ്  മെഡിക്കൽ  കോളേജ്  അത്യാഹിത വിഭാഗം പ്രവർത്തനമാരംഭിച്ചത്. എമർജൻസി വിഭാഗത്തിന്റെ സേവനങ്ങളും ഇൻഫ്രാസ്റ്റ്‌സർ സൗകര്യങ്ങളും ഇതിനോടകം തന്നെ ലോകശ്രദ്ധയാകർഷിച്ചിട്ടുണ്ട് .ശാസ്ത്രീയമായ ട്രയാജ് സംവിധാനം ഉൾപ്പടെ ചെസ്റ്റ് പെയിൻ ക്ലിനിക്, സ്ട്രോക്ക് ഹോട്ട്‌ലൈൻ, അത്യാധുനിക പരിശോധനാ സംവിധാനങ്ങൾ എന്നിവ എമർജൻസി വിഭാഗത്തിൽ സജ്ജമാണ്. കൂടാതെ  കൂടുതൽ രോഗീ പരിചരണത്തിനായി  100 ഐസിയു കിടക്കകളുള്ള പ്രത്യേക ബ്ലോക്ക്, എന്നിവയും  ആരംഭിച്ചു.  ന്യൂക്ലിയർ മെഡിസിൻ വിഭാഗത്തിൽ നൂതന സ്പെക്റ്റ് സിടി സ്‌കാനർ സ്ഥാപിച്ചിട്ടുണ്ട്. മെഡിക്കൽ കോളേജിൽ കരൾ മാറ്റിവയ്ക്കൽ ശസ്ത്രക്രിയ വിജയകരമായി നടപ്പാക്കി. ലിനാക്, ഇന്റർവെൻഷണൽ പൾമണോളജി യൂണിറ്റ്, ബേൺസ് ഐസിയു എന്നിവ സ്ഥാപിച്ചു. രാജ്യത്ത് മെഡിക്കൽ കോളേജുകളിൽ ആദ്യമായി തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ന്യൂറോ ഇന്റർവെൻഷൻ ആരംഭിച്ചു.

ദേശീയ മെഡിക്കൽ വിദ്യാഭ്യാസ റാങ്കിങ്ങിൽ തുടർച്ചയായ രണ്ട് വർഷങ്ങളിൽ മെഡിക്കൽ കോളേജ് നേട്ടം കൈവരിച്ചു. മെഡിക്കൽ കോളേജ്  ഇൻഫ്രാസ്റ്റ്‌സർ വികസന  മാസ്റ്റർപ്ലാനിന്റെ ഭാഗമായി കിഫ്ബി വഴി 717 കോടിയുടെ വികസന പ്രവർത്തനങ്ങളാണ് മെഡിക്കൽ കോളേജിൽ നടന്നു വരുന്നത്. ആദ്യഘട്ടത്തിലെ റോഡും പാലവും നിർമ്മാണം പൂർത്തിയാക്കി 194.32 കോടി അനുവദിച്ച് രണ്ടാംഘട്ട പ്രവർത്തനങ്ങൾ പുരോഗമിക്കുന്നു. രാജ്യത്ത് ആദ്യമായി സർക്കാർ മേഖലയിലെ ന്യൂറോ കാത്ത് ലാബ് ഉൾപ്പെട്ട 14.3 കോടിയുടെ സമഗ്ര സ്‌ട്രോക്ക് സെന്റർ സജ്ജമാക്കി. മെഡിക്കൽ കോളേജിൽ റോബോട്ടിക് സർജറി സംവിധാനവും ഉടൻ ആരംഭിക്കും. 

 സംസ്ഥാനത്ത് ആദ്യമായി തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ക്രിറ്റിക്കൽ കെയർ, ജനറ്റിക്സ്, ജെറിയാട്രിക്, ഇന്റർവെൻഷണൽ റേഡിയോളജി, റുമറ്റോളജി വിഭാഗങ്ങൾ ആരംഭിക്കാനുള്ള നടപടികൾ പുരോഗമിക്കുന്നു. സെന്റർ ഓഫ് എക്സലൻസ് പദവിയിലേക്ക്  തിരുവനന്തപുരം മെഡിക്കൽ കോളേജ്  എമർജൻസി മെഡിസിൻ വിഭാഗം എത്തിയത് കേരളത്തിന്റെ ആരോഗ്യ പരിപാലന രംഗത്ത് ഒരു പുത്തൻ ചുവടുവെയ്‌പിന്‌ നാന്ദി കുറിക്കും. 

അവസാനമായി അപ്ഡേറ്റ് ചെയ്തത് : 2024-12-16 15:02:57

ലേഖനം നമ്പർ: 1599

sitelisthead