ശുചിത്വത്തിലും മാലിന്യനിർമാർജനത്തിലും ദേശീയ നേട്ടം കൊയ്‌ത്‌ കിൻഫ്ര പാർക്കുകൾ. ഫെഡറേഷൻ ഓഫ് ഇന്ത്യൻ ചേംബർ ഓഫ് കൊമേഴ്സ് ആൻഡ് ഇൻഡസ്ട്രീസ് (എഫ്‌ഐസിസിഐ) അഖിലേന്ത്യാതലത്തിൽ ഏർപ്പെടുത്തിയ സ്വച്ഛ് ഇൻഡസ്ട്രി പാർക്ക് പുരസ്‌കാരങ്ങളിൽ രണ്ടെണ്ണം കിൻഫ്ര പാർക്കുകൾ സ്വന്തമാക്കി. എൻവയോൺമെന്റ് സസ്റ്റെയ്നബിലിറ്റി ചാമ്പ്യൻസ്  വിഭാഗത്തിൽ പാലക്കാട് ഇന്റഗ്രേറ്റഡ് ഇൻഡസ്ട്രിയൽ ആൻഡ് ടെക്‌സ്‌റ്റൈൽ പാർക്കും ഇൻഫ്രാസ്ട്രക്ചർ ചാമ്പ്യൻസ്‌ വിഭാഗത്തിൽ കളമശേരി ഹൈടെക് പാർക്കുമാണ് പുരസ്‌കാരങ്ങൾ നേടിയത്. ദക്ഷിണേന്ത്യയിലെ മികച്ച പാർക്കുകളിലൊന്നായി കഴിഞ്ഞ തവണ തെരഞ്ഞെടുക്കപ്പെട്ട പാർക്ക് കൂടിയാണ് കളമശ്ശേരി ഹൈടെക് പാർക്ക്. 

വ്യാവസായിക മേഖലകളിൽ ശുചിത്വവും മികച്ച മാലിന്യസംസ്കരണ രീതികളും ഹരിതപെരുമാറ്റച്ചട്ടങ്ങളും പരിപോഷിപ്പിക്കുന്നതിനാണ് എഫ്ഐസിസിഐ പുരസ്കാരങ്ങൾ ഏർപ്പെടുത്തിയത്. സംസ്ഥാന സർക്കാരുകളുടെയോ കേന്ദ്രഭരണ പ്രദേശങ്ങളുടെയോ ഉടമസ്ഥതയിലുള്ള, കുറഞ്ഞത് 100 ഏക്കർ ഭൂവിസ്തൃതിയും 50 ശതമാനം ഒക്യുപ്പെൻസിയുമുള്ള പാർക്കുകളെയാണ് പരിഗണിച്ചത്. ആകെ 137 പാർക്കുകളാണ് മത്സരത്തിലേക്ക് നാമനിർദേശം ചെയ്യപ്പെട്ടത്. എഫ്ഐസിസിഐയുടെ മൂല്യനിർണയ സംഘം പാർക്കുകൾ നേരിട്ട് പരിശോധിച്ച് മാനദണ്ഡങ്ങളെല്ലാം പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കിയാണ് പുരസ്കാരങ്ങൾ തീരുമാനിച്ചത്.

കേരളത്തിന്റെ വ്യവസായമേഖലയിലെ മുന്നേറ്റത്തിനൊപ്പം വ്യവസായ പാർക്കുകളിൽ ശുചിത്വം ഉൾപ്പെടെയുള്ള കാര്യങ്ങളിലും അതീവശ്രദ്ധ ചെലുത്തുന്നതിനുള്ള അംഗീകാരമാണിത്. വ്യാവസായിക നിക്ഷേപങ്ങൾ ആകർഷിക്കുന്നതിനൊപ്പം പാർക്കുകളുടെ പരിപാലനത്തിലും മറ്റു ഘടകങ്ങളിലും കേരളം പുലർത്തുന്ന നിഷ്കർഷ ശ്രദ്ധേയമാണ്.

അവസാനമായി അപ്ഡേറ്റ് ചെയ്തത് : 2024-11-25 17:30:42

ലേഖനം നമ്പർ: 1581

sitelisthead