ഭിന്നശേഷി ആരോഗ്യ മേഖലയിലെ രാജ്യാന്തര സ്ഥാപനമായി വികസിച്ച നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫിസിക്കൽ മെഡിസിൻ ആൻഡ് റിഹാബിലിറ്റേഷന് (നിപ്മർ) ഐക്യരാഷ്ട്രസംഘടനയുടെ കർമ്മസേന(NCD Task Force) പുരസ്‌കാരം. പകർച്ചേതര വ്യാധികളുടെ നിയന്ത്രണത്തിൽ കാഴ്ചവച്ച മികച്ച പ്രവർത്തനമാണ് നിപ്മറിനെ യുഎൻ പുരസ്‌കാരത്തിന് അർഹമാക്കിയത്. ഇതോടൊപ്പം 2023 വർഷത്തിൽ സഹായക സാങ്കേതികവിദ്യ (Assistive Technology), മാനസികാരോഗ്യം എന്നീ മേഖലകളിലുണ്ടായ മുന്നേറ്റവും പുരസ്‌കാരത്തിന് അർഹമാക്കി.
സംസ്ഥാന സാമൂഹ്യനീതി വകുപ്പിനു കീഴിൽ ഇരിങ്ങാലക്കുടയിൽ പ്രവർത്തിക്കുന്ന സ്വയംഭരണ സ്ഥാപനമാണ് നിപ്മർ. എല്ലാത്തരം ഭിന്നശേഷികളുടെയും പുനരധിവാസപ്രക്രിയകളുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളിൽ മികവിന്റെ കേന്ദ്രമായി തീർന്നിരിക്കുന്ന നിപ്മർ, ലോക നിലവാരത്തിലുള്ള സ്ഥാപനമായി അംഗീകരിക്കപ്പെടുകയാണ് ഈ യുഎൻ പുരസ്‌കാരത്തിലൂടെ. പകർച്ചേതര വ്യാധികളുടെ നിയന്ത്രണത്തിലും മാനസികാരോഗ്യ രംഗത്തും സഹായക സാങ്കേതികവിദ്യയിലും അന്താരാഷ്ട്ര സുസ്ഥിര വികസന ലക്ഷ്യങ്ങൾ സാക്ഷാത്കരിക്കുന്നതിൽ നിപ്മർ നൽകുന്ന സംഭാവനകളെ പ്രത്യേകം പരിഗണിച്ചാണ് പുരസ്‌കാരം പ്രഖ്യാപിച്ചിരിക്കുന്നത്.
വെർച്വൽ റിയാലിറ്റി അധിഷ്ഠിത ചികിത്സ, അക്ക്വാറ്റിക് തെറാപ്പി, അഡാപ്റ്റീവ് റിക്രീയേഷൻ സൗകര്യം, ഫീഡിങ് ഡിസോർഡർ ക്ലിനിക്, കുട്ടികളിൽ ഏറ്റമധികം കണ്ടുവരുന്ന പെരുമാറ്റപ്രശ്‌നമായ അറ്റെൻഷൻ ഡെഫിസിറ്റ് ഹൈപ്പർ ആക്ടിവിറ്റി ഡിസോർഡർ എന്നിവ പരിഹരിക്കാനുള്ള എഡിഎച്ച്ഡി ക്ലിനിക്, നട്ടെല്ലിന് ക്ഷതം, പക്ഷാഘാതം, ബ്രെയിൻ ഇഞ്ചുറി തുടങ്ങിയ അവസ്ഥകൾ നേരിടുന്നവർക്കായുള്ള സ്പൈനൽ കോഡ് ഇഞ്ചുറി റീഹാബിലിറ്റേഷൻ യൂണിറ്റ്, ഭിന്ന ശേഷിക്കാരായ യുവാക്കൾക്കുള്ള തൊഴിൽപരിശീലന സംവിധാനം, ഭിന്നശേഷിക്കാർക്കായുള്ള പ്രത്യേക ഡെന്റൽ ക്ലിനിക്, വൈകല്യങ്ങൾ നേരത്തേ കണ്ടെത്തുന്നതിനും ഇടപെടുന്നതിനുമുള്ള സ്റ്റെപ്‌സ് പ്രോഗ്രാം എന്നിവ നിപ്മറിലെ പ്രത്യേകതകളാണ്. കൂടാതെ ഈ രംഗത്തെ പ്രൊഫഷണലുകളെ വാർത്തെടുക്കുന്നതിനായി കേരള ആരോഗ്യ സർവ്വകലാശാലയുടെ അംഗീകാരമുള്ള ബാച്ചിലർ ഓഫ് ഒക്യൂപ്പേഷണൽ തെറാപ്പി, റീഹാബിലിറ്റേഷൻ കൗൺസിൽ ഓഫ് ഇന്ത്യയുടെ അംഗീകാരമുള്ള ഡിപ്ലോമ ഇൻ സ്‌പെഷ്യൽ എഡ്യൂക്കേഷൻ, കെയർ ഗിവേഴ്‌സ് ട്രെയിനിങ് പ്രോഗ്രാം എന്നിവയും നിപ്മർ നൽകുന്നു.
കഴിഞ്ഞ മൂന്നുവർഷവും തുടർച്ചയായി ഭിന്നശേഷി ആരോഗ്യ മേഖലയിലെ പ്രവർത്തനത്തിന് സംസ്ഥാന പുരസ്‌കാരം നിപ്മർ നേടിയിരുന്നു. ഭിന്നശേഷി പുനരധിവാസത്തിന് വെർച്വൽ റിയാലിറ്റി സംവിധാനം രാജ്യത്ത് ആദ്യമായി ഒരുക്കിയ നിപ്മറിനെ ലോകാരോഗ്യ സംഘടനയുമായി സഹകരിച്ചുള്ള സഹായക സാങ്കേതികവിദ്യാ പരിശീലന പരിപാടിയ്ക്ക് തിരഞ്ഞെടുത്തിരുന്നു. വിവിധ ഭിന്നശേഷികൾക്കായി അന്താരാഷ്ട്ര നിലവാരത്തിനനുസൃതമായ ചികിത്സാ സേവനങ്ങളും കൗൺസിലിംഗ് സേവനങ്ങളും നല്കിവരുന്ന നിപ്മറിന്റെ സേവനങ്ങൾ കേരളത്തിനകത്തും പുറത്തും കൂടുതൽ ജനവിഭാഗങ്ങൾക്ക് ഉപയുക്തമാക്കാൻ ഈ പുരസ്‌കാരത്തിലൂടെ സാധിക്കും.
അവസാനമായി അപ്ഡേറ്റ് ചെയ്തത് : 2024-09-19 11:30:51
ലേഖനം നമ്പർ: 1525