ലോകോത്തര നിലവാരത്തിലേക്ക് കുതിക്കുന്ന കേരളത്തിന്റെ ഉന്നതവിദ്യാഭ്യാസ മേഖലയ്ക്ക് അന്താരാഷ്ട്ര തലത്തിൽ നേട്ടം സമ്മാനിച്ച് കേരള സർവ്വകലാശാലയും മഹാത്മാഗാന്ധി സർവ്വകലാശാലയും. അന്താരാഷ്ട്ര തലത്തിൽ ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളുടെ നിലവാരം അളക്കുന്നതിനുള്ള ആഗോള റാങ്കിംഗ് സംവിധാനമായ ക്യുഎസ് വേൾഡ് യൂണിവേഴ്സിറ്റി റാങ്കിംഗിൽ (QS - Quacquarelli Symonds World University Rankings) കേരള സർവ്വകലാശാലയും ടൈംസ് ആഗോള റാങ്കിംഗിൽ മഹാത്മാഗാന്ധി സർവ്വകലാശാലയും മികച്ച പോയിന്റാണ് നേടിയിരിക്കുന്നത്.
ക്യുഎസ് വേൾഡ് യൂണിവേഴ്സിറ്റി റാങ്കിംഗിന്റെ വേൾഡ് യൂണിവേഴ്‌സിറ്റി റാങ്കിംഗ്‌സ് ഏഷ്യ 2025 (World University Rankings Asia 2025 ) ൽ കേരള സർവ്വകലാശാല 339 സ്ഥാനം നേടി. കൂടാതെ വേൾഡ് യൂണിവേഴ്‌സിറ്റി റാങ്കിംഗ് ദക്ഷിണേഷ്യ (World University Rankings Southern Asia ) യിൽ എൺപത്തെട്ടാം സ്ഥാനവും കേരള യൂണിവേഴ്സിറ്റിക്ക് ലഭിച്ചു. സർവ്വകലാശാലകളുടെ അക്കാദമിക നിലവാരം, ഗവേഷണ നിലവാരം, വിദ്യാർത്ഥി-അധ്യാപക അനുപാതം, ജോലി സാധ്യത, അന്താരാഷ്ട്ര നിലവാരമുള്ള അദ്ധ്യാപകരുടെ ലഭ്യത തുടങ്ങിയ പല മാനദണ്ഡങ്ങളാണ് ക്യുഎസ് റാങ്ക് നേട്ടത്തിനായി പരിഗണിക്കുന്നത്. ആഗോളതലത്തിൽ വിദ്യാർത്ഥികൾക്കും ഗവേഷകർക്കും ലോകോത്തര ഗവേഷണ-വിദ്യാഭ്യാസ സ്ഥാപനങ്ങൾ തിരഞ്ഞെടുക്കുന്നതിൽ സുപ്രധാന സൂചികകളിൽ ഒന്നാണ് QS റാങ്കിംഗ്.സമീപ വർഷങ്ങളിൽ NAAC, NIRF തുടങ്ങിയ ദേശീയതലത്തിലെ അക്കാദമിക ഗുണനിലവാര സൂചികകളിലും റാങ്കിംഗിലും സ്വന്തമാക്കിയ മികച്ച നേട്ടങ്ങളുടെ തുടർച്ചയാണ് കേരള സർവ്വകലാശാലയുടെ QSലെ മികവ്.
ലണ്ടൻ ആസ്ഥാനമായ ടൈംസ് ഹയർ എജ്യുക്കേഷൻറെ 2025 വർഷത്തേക്കുള്ള വേൾഡ് യൂണിവേഴ്സിറ്റി റാങ്കിംഗിൽ 401 മുതൽ 500 വരെയുള്ള റാങ്ക് വിഭാഗത്തിലാണ് മഹാത്മാഗാന്ധി സർവ്വകലാശാല സ്ഥാനമുറപ്പിച്ചത്. 2024 ലെ റാങ്കിംഗിൽ 501-600 റാങ്ക് വിഭാഗത്തിലായിരുന്നു സർവ്വകലാശാല. അധ്യാപനം,ഗവേഷണ അന്തീക്ഷം, ഗവേഷണ മികവ്, രാജ്യാന്തര വീക്ഷണം, വ്യവസായ മേഖലയുമായുള്ള സഹകരണം തുടങ്ങി 18 സൂചകങ്ങളെ അടിസ്ഥാനമാക്കിയാണ് ടൈംസ് ഹയർ എജ്യുക്കേഷന് റാങ്കിംഗ് നൽകുന്നത്. 115 രാജ്യങ്ങളിൽനിന്നുള്ള 2092 വിദ്യാഭ്യാസ സ്ഥാപനങ്ങൾ ഉൾപ്പെടുന്നതാണ് റാങ്ക് പട്ടിക. എം.ജി സർവ്വകലാശാലയ്ക്കു പുറമെ തമിഴ്‌നാട്ടിലെ അണ്ണാ സർവ്വകലാശാല, സിമാറ്റ്‌സ് ഡീംഡ് സർവ്വകലാശാല, ഹിമാചൽ പ്രദേശിലെ ശൂലിനി യൂണിവേഴ്‌സിറ്റി ഓഫ് ബയോടെക്‌നോളജി ആൻറ് മാനേജ്‌മെൻറ് എന്നിവ മാത്രമാണ് 401-500 റാങ്ക് വിഭാഗത്തിലുള്ളത്.
2021 മുതൽ തുടർച്ചയായി ടൈംസ് ഹയർ എജ്യുക്കേഷൻ റാങ്കിംഗിൽ ഇടം നേടുന്ന സർവ്വകലാശാല ഈ വർഷം ടൈംസ് യംഗ് യൂണിവേഴ്സിറ്റി റാങ്കിംഗിൽ രാജ്യത്ത് ഒന്നാം സ്ഥാനവും ഏഷ്യ യൂണിവേഴ്സിറ്റി റാങ്കിംഗിൽ മൂന്നാം സ്ഥാനവും നേടി. സാങ്കേതികവിദ്യകളെയും പുതിയ മാറ്റങ്ങളെയും ഉന്നതവിദ്യാഭ്യാസ മേഖലയിൽ സമന്വയിക്കുന്നതിലുള്ള മികവാണ് എം ജി സർവ്വകലാശാലയുടെ അംഗീകാരങ്ങൾക്ക് അടിത്തറ.
ഉന്നതവിദ്യാഭ്യാസ വകുപ്പിൻറെ സമഗ്ര പരിഷ്‌കരണവുമായി കൈകോർത്ത് നടത്തുന്ന പ്രവർത്തനങ്ങളിൽ ലഭിക്കുന്ന ഇത്തരം അംഗീകാരങ്ങൾ
കേരളത്തിൻറെ ഉന്നത വിദ്യാഭ്യാസ മേഖലയിൽ പുത്തൻ ഉണർവ്വ് പകർന്ന് അതിൻറെ വളർച്ചയ്ക്ക് കാരണമാകും. കൂടാതെ വിദ്യാർത്ഥികളുടെ കഴിവുകൾ മെച്ചപ്പെടുത്തുകയും, ഗവേഷണ മേഖലയിലെ നേട്ടങ്ങൾ പ്രോത്സാഹിപ്പിക്കുകയും ചെയ്യുമ്പോൾ, രാജ്യത്ത് വിദ്യാഭ്യാസത്തിന്റെ നിലവാരവും മൂല്യവും വർദ്ധിപ്പിക്കുന്നതിനും സഹായകമാകും.
അവസാനമായി അപ്ഡേറ്റ് ചെയ്തത് : 2024-10-10 17:01:32
ലേഖനം നമ്പർ: 1551