രാജ്യത്തെ ഏറ്റവും മികച്ച അഞ്ചാമത്തെ പോലീസ് സ്റ്റേഷനായി പാലക്കാട് ജില്ലയിലെ ആലത്തൂര്‍ പോലീസ് സ്റ്റേഷനെ തെരഞ്ഞെടുത്ത് കേന്ദ്ര ആഭ്യന്തര മന്ത്രാലയം. മികവിന്റെ അടിസ്ഥാനത്തിൽ ഈ വർഷം അന്തിമ പട്ടികയിലുൾപ്പെടുത്തിയ 76 പൊലീസ് സ്റ്റേഷനുകളിൽ നിന്നാണ് ആലത്തൂർ അഞ്ചാമതെത്തിയത്. വിവിധ തരത്തിലുള്ള കുറ്റാന്വേഷണങ്ങള്‍, ക്രമസമാധാനപാലനം, അടിസ്ഥാന സൗകര്യങ്ങള്‍, പോലീസ് ഉദ്യോഗസ്ഥരുടെ പെരുമാറ്റം, ലോക്കപ്പും റെക്കോര്‍ഡ് റൂമും ഉള്‍പ്പെടെയുള്ള സൗകര്യങ്ങള്‍ എന്നിങ്ങനെ നിരവധി മാനദണ്ഡങ്ങള്‍ അടിസ്ഥാനമാക്കിയാണ് കേന്ദ്ര ആഭ്യന്തരമന്ത്രാലയം മികച്ച പോലീസ് സ്റ്റേഷനുകളെ തെരഞ്ഞെടുത്തത്.
സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും എതിരായ അതിക്രമങ്ങളില്‍ സ്വീകരിച്ച നടപടി, കേസുകളിലെ അന്വേഷണ പുരോഗതി, പരാതി പരിഹാരം, പരാതിക്കാരോടുള്ള നല്ല പെരുമാറ്റം, കുറ്റകൃത്യങ്ങള്‍ തടയാനുള്ള നടപടികള്‍ എന്നിവയിലെ മികവും മറ്റു ജനക്ഷേമ പ്രവര്‍ത്തനങ്ങളും പരിഗണനാവിഷയമായി. മലപ്പുറം ജില്ലയിലെ കുറ്റിപ്പുറം, കണ്ണൂര്‍ ജില്ലയിലെ വളപട്ടണം എന്നീ പോലീസ് സ്റ്റേഷനുകൾ മുന്‍വര്‍ഷങ്ങളില്‍ രാജ്യത്തെ ഏറ്റവും മികച്ച 10 പോലീസ് സ്റ്റേഷനുകളുടെ പട്ടികയിൽ ഉൾപ്പെട്ടിട്ടുണ്ട്.
ആലത്തൂർ സ്റ്റേഷൻ പരിധിയിലെ യുവജനങ്ങളെ ലഹരിവിരുദ്ധ പ്രവർത്തനങ്ങളിൽ പങ്കാളികളാക്കി കാര്യക്ഷമമായ ഇടപെടൽ നടത്തി, സ്കൂളുകൾ കേന്ദ്രീകരിച്ചു പ്രൊട്ടക്ഷൻ ഗ്രൂപ്പുകൾ രൂപീകരിച്ചു പ്രവർത്തനങ്ങൾക്കു നേതൃത്വം നൽകി, ഭിന്നശേഷി സൗഹൃദ സ്റ്റേഷൻ എന്ന നിലയിലും ശ്രദ്ധേയമായി. ഭിന്നശേഷിക്കാർക്കു പ്രത്യേക ഇരിപ്പിടങ്ങൾ സജ്ജീകരിക്കുകയും അവരുടെ വാഹനങ്ങൾ പാർക്ക് ചെയ്യുന്നതിനുള്ള സൗകര്യമൊരുക്കുകയും ചെയ്തു. ആശാ വർക്കർമാരെയും കുടുംബശ്രീ പ്രവർത്തകരെയും ഏകോപിപ്പിച്ചു സ്ത്രീ സുരക്ഷയെക്കുറിച്ചു ബോധവൽക്കരണം നടത്തി.
സ്റ്റേഷൻ പ്രവർത്തനവും വളരെ ചിട്ടയായ നിലയിലാണ്. ഫ്രണ്ട് ഓഫീസ്, പിആർഒ, ജിഡി എന്നിങ്ങനെ എല്ലാ സംവിധാനങ്ങളും ഫലപ്രദമായി പ്രവർത്തിക്കുന്നു. സ്റ്റേഷനിലെത്തുന്ന വനിതകൾക്കായി പ്രത്യേക വിശ്രമമുറിയും അമ്മമാർക്കായി ഫീഡിങ് മുറിയുമുണ്ട്. കുറ്റകൃത്യത്തിൽ ഏർപ്പെടുന്നവരെ നിരന്തരം നിരീക്ഷിച്ചും ആവശ്യമായ ഘട്ടത്തിൽ താക്കീതുകൾ നൽകിയും കുറ്റവാസനയിൽ നിന്ന് പിന്തിരിപ്പിക്കുന്നു. സമൻസുകൾ കൃത്യസമയത്തും വേഗത്തിലും എത്തിക്കുന്നു. വാറന്റ് പുറപ്പെടുവിച്ച് എത്രയും വേഗം പ്രതികളെ പിടികൂടാനായിട്ടുണ്ട്.
സ്റ്റേഷനിൽ എത്തുന്ന പൊതുജനങ്ങളുടെ പ്രശ്നങ്ങൾ വിശദമായി കേട്ട് ആവശ്യമായ നിർദേശം നൽകി നീതി ഉറപ്പാക്കാനായതും സ്ത്രീകൾക്കും കുട്ടികൾക്കും എതിരായ അതിക്രമങ്ങളിലെ കുറ്റവാളികൾക്ക് പരമാവധി ശിക്ഷ ഉറപ്പാക്കിയതും കുറ്റകൃത്യങ്ങൾ ആവർത്തിക്കാതെ തടയാൻ കഴിഞ്ഞതും ആലത്തൂർ സ്റ്റേഷനെ പുരസ്കാര നിറവിലെത്തിച്ചു.ഒരു വർഷത്തിനിടെ 1,260 ക്രിമിനൽ കേസുകളാണ് ആലത്തൂർ പോലീസ് രജിസ്റ്റർ ചെയ്തത്. ഇതിൽ ഒടുവിലെടുത്ത 90 എണ്ണത്തിന്റേത് ഒഴികെ എല്ലാത്തിലും കുറ്റപത്രം സമർപ്പിച്ചു.
കുറ്റകൃത്യങ്ങളിലെല്ലാം യഥാസമയം അന്വേഷണം പൂർത്തിയാക്കി, മീഡിയേഷൻ വിഭാഗം വഴി മുന്നൂറോളം പ്രശ്നങ്ങൾ ഒത്തുതീർപ്പാക്കി. ജനമൈത്രി പോലീസ്, സ്റ്റുഡന്റ് പോലീസ് എന്നിവ നല്ല പ്രവർത്തനം കാഴ്ചവെച്ചു. സ്കൂളുകളിലും യുവാക്കളിലും ലഹരിക്കും സൈബർ കുറ്റകൃത്യങ്ങൾക്കും എതിരായ ബോധവത്കരണവും പ്രകൃതിക്ഷോഭ രക്ഷാപ്രവർത്തനവും ദുരിതാശ്വാസ പ്രവർത്തനവും നടത്തി. 2 എസ്ഐ, 2 എഎസ്ഐ എന്നിവരുൾപ്പെടെ 52 ഉദ്യോഗസ്ഥരുടെ സേവനം ആലത്തൂർ പോലീസ് സ്റ്റേഷനിൽ ലഭ്യമാണ്. 5 പഞ്ചായത്തുകളും ഒരു പഞ്ചായത്തിന്റെ പകുതിയും ഉൾപ്പെട്ട 40 കിലോമീറ്ററാണു സ്റ്റേഷൻ പരിധി.
അവസാനമായി അപ്ഡേറ്റ് ചെയ്തത് : 2024-12-05 17:00:01
ലേഖനം നമ്പർ: 1590