സംസ്ഥാനത്തെ ക്ഷയരോഗ നിർമാർജ്ജനത്തിന്റെ നാൾവഴികൾ ഉൾക്കൊള്ളിച്ച് 'എ പാത്ത് ടു വെൽനെസ് കേരളാസ് ബാറ്റിൽ എഗേൻസ്റ്റ് ടിബി' ഡോക്യുമെന്റ് പുറത്തിറക്കി കേരളം. ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ച് നടത്തിയ ദേശീയ ക്ഷയരോഗ സർവേയിൽ ക്ഷയരോഗ വ്യാപനം ഏറ്റവും കുറവുള്ള സംസ്ഥാനമായി കേരളത്തെ അടയാളപ്പെടുത്തിയിട്ടുണ്ട്. കേരളത്തിൽ ഓരോ ഒരു ലക്ഷം പേരിലും 70 പേരെയാണ് ക്ഷയരോഗം ബാധിക്കുന്നത്. രാജ്യത്താകെ ഒരു ലക്ഷത്തിൽ 199ഉം ലോകത്താകെ ഒരു ലക്ഷത്തിൽ 133 ഉം ആളുകളെയാണ് ക്ഷയരോഗം ബാധിക്കുന്നത്. ലോകത്ത് ഏറ്റവുമധികം ആളുകളുടെ മരണത്തിനു കാരണമാകുന്ന പകർച്ചവ്യാധിയാണ് ക്ഷയരോഗം. കേരളത്തിൽ ഒരു ലക്ഷത്തിൽ 7 ഉം ഇന്ത്യയിൽ 34 ഉം ലോകത്ത് 18 ഉം ആളുകളാണ് ക്ഷയരോഗം മൂലം മരണപ്പെടുന്നത്.
ക്ഷയരോഗ നിർമാർജ്ജനം നടപ്പിലാക്കുകയെന്ന ലക്ഷ്യത്തോടെയാണ് 1962-ൽ കേരളം ദേശീയ ക്ഷയരോഗ പദ്ധതി ആരംഭിക്കുന്നത്. ഇതിന്റെ ഭാഗമായി എല്ലാ ജില്ലകളിലും ജില്ലാ ടിബി സെന്റർ പ്രവർത്തനമാരംഭിച്ചു. ശ്വാസകോശ സംബന്ധമായ രോഗങ്ങൾ, ക്ഷയരോഗം എന്നിവയിൽ വിദഗ്ധരായ ഡോക്ടർമാരെ നിയമിക്കുകയും പുലയനാർകോട്ട, മുളങ്കുന്നത്തുകാവ്, പരിയാരം എന്നീ മൂന്ന് കേന്ദ്രങ്ങളിൽ ക്ഷയരോഗ ചികിത്സയ്ക്കുള്ള ഇൻഡോർ സൗകര്യങ്ങൾ ലഭ്യമാക്കുകയും ചെയ്തു. കൂടാതെ തിരുവനന്തപുരം, കോഴിക്കോട്, കോട്ടയം, ആലപ്പുഴ മെഡിക്കൽ കോളേജുകളിലെ നെഞ്ചുരോഗ വിഭാഗം, തൊറാസിക് സർജറി ഉൾപ്പെടെയുള്ള വിഭാഗങ്ങളിലും ഇൻഡോർ ടിബി പരിചരണം ഉറപ്പാക്കി.
എറണാകുളം ജില്ലാ ടിബി സെന്ററിലും, കോട്ടയം ജില്ലാ ടിബി സെന്ററിലും ഇൻഡോർ ടിബി പരിചരണം ലഭ്യമാക്കി. ഒപ്പം മറ്റെല്ലാ ജില്ലകളിലെയും ജില്ലാ ആശുപത്രികളിലോ ജനറൽ ആശുപത്രികളിലോ ഇൻഡോർ ക്ഷയരോഗ പരിചരണം ആരംഭിച്ചു. പുതിയകാവ്, കരുവാറ്റ, പൊന്നാനി എന്നിവിടങ്ങളിൽ ടിബി ആശുപത്രികളും നിലവിൽ വന്നു. എല്ലാ താലൂക്ക് ആശുപത്രികളിലും എക്സ്-റേ യൂണിറ്റുകൾ, മൈക്രോസ്‌കോപ്പി സേവനങ്ങൾ, ഇൻഡോർ സൗകര്യങ്ങൾ ഉൾപ്പെടെയുള്ള ടിബി സേവനങ്ങൾ ലഭ്യമാക്കിയിട്ടുണ്ട്. മിനിയേച്ചർ റേഡിയോഗ്രാഫിക്കുള്ള ഒഡെൽക ഫോട്ടോ-ഫ്ലൂറോഗ്രാഫിക് എക്സ്-റേ സെറ്റുകൾ ജില്ലാ ടിബി സെന്ററുകളിൽ ലഭ്യമാണ്. ടിബി രോഗനിർണയത്തിനായുള്ള അടിസ്ഥാന സൗകര്യങ്ങൾക്ക് പുറമേ അത്യാധുനിക സൗകര്യങ്ങളും മെച്ചപ്പെട്ട ക്ലിനിക്കൽ സേവനങ്ങളും ലഭ്യമാക്കി ക്ഷയരോഗ നിർമാർജ്ജനത്തിൽ കേരളം വലിയ മുന്നേറ്റമാണ് നടത്തിയത്.
കേരളത്തിലെ ആദിവാസി ജനവിഭാഗങ്ങളിൽ ക്ഷയരോഗം കൂടുതലായി കാണപ്പെട്ടിരുന്ന സാഹചര്യത്തിൽ ആദിവാസി മേഖലയിലെ ക്ഷയരോഗ നിർമാർജ്ജനം ലക്ഷ്യമാക്കി പ്രത്യേക നടപടികൾ സ്വീകരിച്ചു. കൂടാതെ ക്ഷയരോഗ വിമുക്ത വായു ശ്വസിക്കുന്നത് കേരളത്തിലെ ഓരോ കുട്ടികളുടെയും അവകാശമെന്ന് വ്യക്തമാക്കി ഇന്ത്യൻ അക്കാദമി ഓഫ് പീഡിയാട്രിക്‌സ് കേരള ചാപ്റ്റർ (ഐഎപി) വിവിധ പ്രവർത്തനങ്ങൾ നടപ്പാക്കിട്ടുണ്ട്. ഐഎപി കേരള ചാപ്റ്റർ സംസ്ഥാനത്തുടനീളമുള്ള 1000 ശിശുരോഗ വിദഗ്ധരെ പീഡിയാട്രിക് ടിബി, ടിപിടി എന്നിവ കൈകാര്യം ചെയ്യുന്നതിനായി പരിശീലിപ്പിച്ചു. കൂടാതെ ടിബി പ്രിവന്റീവ് തെറാപ്പിക്ക് (ടിപിടി) 'ടെസ്റ്റ് ആൻഡ് ട്രീറ്റ്' നയം സ്വീകരിച്ച രാജ്യത്തെ ആദ്യ സംസ്ഥാനങ്ങളിലൊന്നാണ് കേരളം.
ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ചിന്റെയും ലോക ആരോഗ്യ സംഘടനയുടെയും പിന്തുണയോടെ കേന്ദ്ര സർക്കാർ ടിബി നിർമാർജനത്തിനായി ഒരു ഉപ-ദേശീയ സർട്ടിഫിക്കേഷൻ പദ്ധതി ആരംഭിച്ചിരുന്നു. 2021-ൽ, 2015-ലെ അടിസ്ഥാന വർഷത്തെ അപേക്ഷിച്ച് 37 ശതമാനം ക്ഷയരോഗബാധ കുറയ്ക്കുന്നതിന് കേരളത്തിന് സാധിച്ചു. ഇതിലൂടെ ദേശീയ തലത്തിൽ കേരളം വെങ്കല മെഡൽ നേടി. തുടർന്ന് 2022-ൽ ക്ഷയരോഗബാധയിൽ 40 ശതമാനത്തിലധികം കുറവുണ്ടാകുകയും 2022-ൽ വെള്ളി മെഡൽ നേട്ടം കൈവരിക്കുകയും ചെയ്തു. ജില്ലാതലത്തിലും ശ്രദ്ധേയമായ പ്രവർത്തനങ്ങളാണ് പ്രകടമായത്. മലപ്പുറവും വയനാടും 60 ശതമാനത്തിലധികം ക്ഷയരോഗ നിർമ്മാർജനം നടത്തി സ്വർണ്ണ മെഡൽ നേടി. മറ്റ് പതിനൊന്ന് ജില്ലകൾ 40 ശതമാനത്തിലധികം കുറവ് വരുത്തി വെള്ളി മെഡലുകളും നേടി.
ഈ പ്രവർത്തനങ്ങളിലൂടെ ക്ഷയരോഗം അവസാനിപ്പിക്കുന്നതിനുള്ള സുസ്ഥിര വികസന ലക്ഷ്യം നേടുന്ന ഏക സംസ്ഥാനമെന്ന നേട്ടം കേരളം കൈവരിച്ചു. സ്വകാര്യ മേഖലയിൽ ദേശീയ ക്ഷയരോഗ നിവാരണ പ്രവർത്തനങ്ങൾ ഏറ്റവും മികച്ച രീതിയിൽ ഏകോപിപ്പിച്ചതിനും പുരസ്‌കാരം ലഭിച്ചിരുന്നു. 2023 ൽ കേന്ദ്ര സർക്കാർ കേരളത്തിലെ 60 പഞ്ചായത്തുകളെ ക്ഷയരോഗ മുക്തമായി പ്രഖ്യാപിച്ചിരുന്നു. ശേഷിക്കുന്ന പഞ്ചായത്തുകളിൽ ടാസ്‌ക് ഫോഴ്‌സ് രൂപീകരിക്കുന്നതിനും കൂടുതൽ പഞ്ചായത്തുകളെ ക്ഷയരോഗ വിമുക്തമാക്കുന്നതിനുമുള്ള പ്രവർത്തനങ്ങൾ നടന്നുവരികയാണ്. ഇതിന്റെ തുടർച്ചയെന്നോണം സംസ്ഥാനത്ത് ക്ഷയരോഗ നിവാരണത്തിനുള്ള ആക്ഷൻ പ്ലാനിന്റെ രണ്ടാം ഘട്ടം (State Strategic Action Plan for TB Elimination 2.0) നടപ്പാക്കുന്ന പ്രവർത്തനങ്ങളിലാണ് സർക്കാർ
അവസാനമായി അപ്ഡേറ്റ് ചെയ്തത് : 2024-09-07 16:36:07
ലേഖനം നമ്പർ: 1515