
സർക്കാരിന്റെ സജീവമായ പ്രവർത്തനങ്ങളിലൂടെ, കേരളം വ്യാവസായിക സൗഹൃദ സംസ്ഥാനമായി മാറി കൊണ്ടിരിക്കുകയാണ്. അനൂകൂല ബിസിനസ് സമീപനം, നിക്ഷേപകരുടെ ഉയർന്ന ആത്മവിശ്വാസം, ജനങ്ങൾക്കിടയിലുള്ള സംരംഭകത്വ മനോഭാവം എന്നിവയാൽ സവിശേഷമാണ് നിലവില്‍ കേരളത്തിലെ വ്യാവസായിക മേഖല. സംസ്ഥാനത്തിന്റെ വ്യാവസായിക മേഖലയെ പുനരുജ്ജീവിപ്പിക്കുന്നതിലും പരിവർത്തനം ചെയ്യുന്നതിലും സർക്കാർ ഗണ്യമായ പുരോഗതിയാണ് കൈവരിച്ചിട്ടുള്ളത്.
2024-25 ൽ സംസ്ഥാനത്തിന്റെ സംയോജിത മൂല്യവര്‍ധനവിന്റെ 28.5 ശതമാനം വിഹിതം, വ്യവസായ മേഖലയുടേതാണ്. 2023ലെ ഈസ് ഓഫ് ഡൂയിങ്ങ് ബിസിനസ് റാങ്കിങ്ങിൽ 28ൽ നിന്ന് 15-ാം സ്ഥാനത്തേക്ക് വ്യവസായ കേരളം കുതിപ്പ് നടത്തി. തൊട്ടടുത്ത വർഷം കേന്ദ്ര ഈസ് ഓഫ് ഡൂയിങ്ങ് ബിസിനസ് സൂചികയിൽ കേരളം ഒന്നാമതെത്തുകയും ചെയ്തു.
എംഎസ്എംഇകളുടെ വികസനം പ്രോത്സാഹിപ്പിക്കുന്നതിനായി 2022-23 ൽ കേരള സർക്കാർ "സംരംഭക വർഷം 1.0" ആരംഭിച്ചു. തുടർന്ന്, 'സംരംഭക വർഷം 2.0' 2023-24 ലും, 'സംരംഭക വർഷം 3.0' 2024-25 ലും 2025-26 ലുമായും നടപ്പിലാക്കിവരുന്നു. സംരംഭക വര്‍ഷത്തിന്റെ ഭാഗമായി 2025 മാർച്ച് വരെ കേരളത്തിൽ 3.5 ലക്ഷത്തിലധികം യൂണിറ്റുകൾ ആരംഭിക്കുകയും, ഇതിലൂടെ 22,600 കോടിയിലധികം രൂപയുടെ നിക്ഷേപവും, ഏകദേശം 7.5 ലക്ഷം ആളുകൾക്ക് തൊഴിലവസരങ്ങളും സൃഷ്ടിക്കുകയും ചെയ്തു.
വ്യവസായങ്ങൾക്കുള്ള അനുമതികൾ വേഗത്തിലും സുതാര്യമായും ലഭ്യമാക്കാൻ സഹായിക്കുന്ന കെ-സ്വിഫ്റ്റ് (K-SWIFT) പോർട്ടൽ വ്യാവസായിക മുന്നേറ്റത്തിൽ ഏറെ പിന്തുണ നൽകിയിട്ടുണ്ട്. കെ-സിസ് (K-CIS) എന്ന ഏകീകൃത പരിശോധനാ സംവിധാനം നിലവിൽ വന്നതോടെ പരിശോധനകൾ കൂടുതൽ കാര്യക്ഷമമായി. 50 കോടി രൂപ വരെ നിക്ഷേപമുള്ളതും റെഡ് കാറ്റഗറിയിൽ പെടാത്തതുമായ വ്യവസായങ്ങൾക്ക് സംസ്ഥാന സർക്കാരിന്റെ മുൻകൂർ ലൈസൻസ് ഇല്ലാതെ മൂന്നുവർഷം വരെ പ്രവർത്തന അനുമതി നൽകുന്ന സംയോജിത ലൈസൻസ് സ്കീമും (composite license scheme) നടപ്പാക്കിയിട്ടുണ്ട്. സംരംഭക പരാതികൾ പരിഹരിക്കാൻ രാജ്യത്ത് ആദ്യമായി സിവിൽ കോടതി അധികാരത്തോടെയുള്ള സ്റ്റാറ്റിയൂട്ടറി സമിതിയും ഓൺലൈൻ പോർട്ടലും സംസ്ഥാനത്ത് സാധ്യമാക്കിയതും കേരളത്തിന്റെ വ്യവസായ വിപ്ലവത്തിന്റെ മൂർച്ച കൂട്ടി.
മൂലധന സഹായം, പലിശ സബ്‌സിഡി, വാടക ഇളവ്, ഭൂമി ഏറ്റെടുക്കുന്നതിനുള്ള പിന്തുണ, അടിസ്ഥാന സൗകര്യ വികസനം, സംരംഭക വികസനം, വിപണനസഹായം, സാങ്കേതിക പിന്തുണ, ഇൻഷുറൻസ് പിന്തുണ, ശേഷി വർദ്ധിപ്പിക്കൽ തുടങ്ങിയ പൊതുവായ ആവശ്യങ്ങൾക്ക് സഹായകമാകുന്ന നയങ്ങൾ രൂപകൽപ്പന ചെയ്യുന്നതിലും പദ്ധതികൾ നടപ്പിലാക്കുന്നതിലുമാണ് സംസ്ഥാന സർക്കാരിന്റെ വിജയം. നാല് വർഷത്തിനുള്ളിൽ ശരാശരി 100 കോടി രൂപയുടെ വിറ്റുവരവുള്ള സംരംഭങ്ങളായി 1000 എംഎസ്എംഇകളെ വികസിപ്പിക്കുന്നതിനായി കേരളം "മിഷൻ 1,000" ആരംഭിച്ചു. ആഗോള വിപണിയിൽ കേരളത്തിന്റെ ഉൽപ്പന്നങ്ങളുടെയും സേവനങ്ങളുടെയും ശക്തവും ആകർഷകവുമായ ഒരു പ്രതിച്ഛായ സൃഷ്ടിക്കുന്നതിനാണ് കേരള ബ്രാൻഡ്(മെയ്ഡ് ഇൻ കേരള) അവതരിപ്പിച്ചത്. ‘ഒരു തദ്ദേശസ്ഥാപനം ഒരു ഉൽപ്പന്നം’ (ഒ.എല്‍.ഒ.പി) എന്നത് മറ്റൊരു നൂതന പദ്ധതിയാണ്.
വ്യാവസായിക നിക്ഷേപം സുഗമമാക്കുന്നതിനും വ്യാപാരം എളുപ്പമാക്കുന്നതിനും കേരള സർക്കാർ നിരവധി പരിഷ്കാരങ്ങളും നൂതനമായ മാറ്റങ്ങളും കൊണ്ടുവന്നിട്ടുണ്ട്. ഇത് നിക്ഷേപകർക്ക് ബിസിനസ്സ് ആരംഭിക്കുന്നത് ലളിതമാക്കുകയും എളുപ്പമാക്കുകയും ചെയ്തു. 2023 ൽ സംസ്ഥാനം പുതിയ കേരള വ്യാവസായിക വാണിജ്യ നയം പുറത്തിറക്കി. സർക്കാരിന്റെ പുതിയ വ്യാവസായിക നയത്തിന്റെ ഭാഗമായി സംസ്ഥാനത്ത് ഹൈടെക് നിർമ്മാണത്തിനുള്ള ഒരു രൂപരേഖയും ആവിഷ്കരിച്ചു. സർക്കാർ മുന്നോട്ടു വെച്ച കേരള ലോജിസ്റ്റിക്സ് നയവും ഇ.എസ്.ജി നയവും കേരളം ശക്തമായ വ്യാവസായിക മുന്നേറ്റങ്ങൾ കൈവരിക്കുന്നു എന്ന് വ്യക്തമാക്കുന്നു.