
നദികളും കുളങ്ങളുമടങ്ങിയ ജലസ്രോതസ്സുകളാൽ സമ്പന്നമാണ് കേരളം. ആഗോള കാലാവസ്ഥാ പ്രതിഭാസങ്ങൾ കേരളത്തെയും ബാധിക്കുന്നുവെന്നതിനാൽ ജലദൗർലഭ്യം വരാനിരിക്കുന്ന വലിയ വെല്ലുവിളിയായി കേരളം തിരിച്ചറിഞ്ഞിട്ടുണ്ട്. അതിനാൽ തന്നെ ജലസംരക്ഷണ പ്രവർത്തനങ്ങൾ നിലനിൽപ്പിന്റെ ആവശ്യകതയായി നിറവേറ്റി വരുകയാണ് കേരളം. നൂതനവും സമഗ്രവുമായ പ്രവർത്തനങ്ങളിലൂടെ ജലസംരക്ഷണം ഉറപ്പാക്കാനുള്ള ശ്രമങ്ങൾ നടന്നുവരുകയാണ്.
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തില്‍ ഹരിതകേരളം മിഷന്‍ സംഘടിപ്പിക്കുന്ന നീര്‍ച്ചാല്‍ പുനരുജ്ജീവന പരിപാടിയാണ് ഇനി ഞാൻ ഒഴുകട്ടെ. എല്ലാ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലും ഒരു തോടോ നീര്‍ച്ചാലോ തെരഞ്ഞെടുത്ത് ജനകീയമായി ശുചിയാക്കുന്ന കര്‍മപരിപാടിയാണിത്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടേയും വിവിധ വകുപ്പുകളുടേയും ജനകീയ കൂട്ടായ്മകളുടേയും പങ്കാളിത്തത്തോടെയാണ് നീര്‍ച്ചാലുകളുടെയും തോടുകളുടേയും ശുചീകരണവും ആഴം വര്‍ധിപ്പിക്കലും സാധ്യമാക്കുന്നത്. ജില്ലാ, ബ്ലോക്ക്, ഗ്രാമ പഞ്ചായത്തുകൾ, നഗരസഭാ തലങ്ങളിലെ സാങ്കേതിക സമിതികൾ എന്നിവയാണ് നീര്‍ച്ചാല്‍ വീണ്ടെടുപ്പ് പ്രവര്‍ത്തനങ്ങളുടെ സാങ്കേതിക മേല്‍നോട്ടം നിര്‍വഹിക്കുന്നത്. ശുചീകരിച്ച നീര്‍ച്ചാലുകളുടെ തുടര്‍പരിപാലനം പ്രാദേശികമായി സംഘടിപ്പിക്കുന്ന സമിതികള്‍ ഏറ്റെടുക്കും.
2021 ഏപ്രിൽ മുതൽ 2025 ജൂലെെ വരെ 51736 കി.മീ നീര്‍ച്ചാലുകള്‍ പുനരുജ്ജീവിപ്പിച്ചു. 4,220 കുളങ്ങളാണ് ഇതിലുള്ളത്. 5,943 കുളങ്ങൾ പുതുതായി നിർമിച്ചു. 10,424 കിണറുകൾ റീചാർജ് ചെയ്തു. 19,76 കിണറുകൾ പുതുതായി നിർമിച്ചു. കൂടാതെ 916 സ്ഥിര തടയണകളും 81,225 താൽക്കാലിക തടയണകളും നിർമിച്ചു. നിലവിൽ ഇനി ഞാൻ ഒഴുകട്ടെ ക്യാമ്പയിന്റെ മൂന്നാം ഘട്ടം സംസ്ഥാനത്ത് പുരോഗമിക്കുകയാണ്.
ജലലഭ്യതയും ഉപഭോഗവും ശാസ്ത്രീയമായി കണക്കാക്കി, ഭാവി തലമുറയ്ക്കായി ജലം സംരക്ഷിക്കുക എന്ന ദീർഘവീക്ഷണത്തോടെയുള്ള പദ്ധതിയാണ് ജലബജറ്റ്. ഇത്തരത്തിൽ രാജ്യത്ത് ആദ്യമായി തദ്ദേശ സ്വയംഭരണ സ്ഥാപന അടിസ്ഥാനത്തിൽ ജലബജറ്റ് തയ്യാറാക്കി നടപ്പാക്കുന്ന ആദ്യ സംസ്ഥാനമാണ് കേരളം. കേരളത്തിൽ ജലലഭ്യത കുറഞ്ഞുവരുന്നതായുള്ള പഠനങ്ങളുടെ അടിസ്ഥാനത്തിലാണ് ഈ നൂതന പദ്ധതിക്ക് രൂപം നൽകിയത്. ഈ വെല്ലുവിളികളെ നേരിടുന്നതിനുള്ള ഫലപ്രദമായ നടപടിയാണ് ജലബജറ്റ്. ഓരോ പ്രദേശത്തും ലഭിക്കാനിടയുള്ള വെള്ളത്തിന്റെ അളവ്, അവിടുത്തെ ജനസംഖ്യാ അടിസ്ഥാനത്തിലുള്ള ഉപഭോഗം എന്നിവ കൃത്യമായി രേഖപ്പെടുത്തുന്ന സമഗ്രമായ ഒരു രേഖയാണ് ജലബജറ്റ്. ജലം പാഴാക്കരുത് എന്ന ബോധം ജനങ്ങളിൽ വളർത്താനും, ജലം സംരക്ഷിക്കാനും ശാസ്ത്രീയമായി നടപ്പാക്കുന്ന ഒരു ജനകീയ പദ്ധതി കൂടിയാണിത്.
ജനങ്ങൾക്ക് ശുദ്ധവും സുരക്ഷിതവുമായ കുടിവെള്ളം ഉറപ്പാക്കുന്നതിന്റെ ഭാഗമായി സംസ്ഥാനത്തുടനീളം വിപുലമായ ജലഗുണനിലവാര പരിശോധനാ സംവിധാനവും സജ്ജീകരിച്ചിട്ടുണ്ട്. മൺസൂണിന് മുൻപും ശേഷവും നദീജല സ്രോതസ്സുകളിൽ നിന്നുള്ള വെള്ളത്തിന്റെ ഗുണനിലവാരം ഉറപ്പാക്കാൻ പരിശോധനകൾ കർശനമാക്കിയിട്ടുണ്ട്. കേരള വാട്ടർ അതോറിറ്റിയുടെ കീഴിൽ നിലവിൽ 86 ലാബുകളാണ് പ്രവർത്തിക്കുന്നത്. ഇതിൽ എറണാകുളത്തെ അത്യാധുനിക സൗകര്യങ്ങളുള്ള എസ്.ആർ.ഐ (സ്റ്റേറ്റ് റെഫറൽ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ വാട്ടർ ക്വാളിറ്റി) സ്റ്റേറ്റ് ലാബും, 14 ജില്ലാ ലാബുകളും, 71 ഉപജില്ലാ ലാബുകളും ഉൾപ്പെടുന്നു. മൈക്രോബയോളജി മാനദണ്ഡങ്ങൾ പരിശോധിക്കാനായി റാന്നിയിൽ ഒരു സബ് ജില്ലാ ലാബും പ്രത്യേകം പ്രവർത്തിച്ചുവരുന്നു. ജല സംരക്ഷണത്തിന്റെ പ്രാധാന്യം മനസ്സിലാക്കി, ജനങ്ങളിലേക്കും അവബോധം വളർത്തുന്ന പങ്കാളിത്ത പ്രവർത്തനങ്ങളാണ് കേരളത്തിന്റേത്.