ദേശീയ തലത്തിലുള്ള മത്സരപ്പരീക്ഷകൾക്ക് ഒരുങ്ങുന്ന ഹയർ സെക്കൻഡറി വിദ്യാർഥികൾക്കായി സൗജന്യ എഐ അധിഷ്ഠിത പരിശീലന പോർട്ടൽ 'മുകുളം' (mukulam.kite.kerala.gov.in) പ്രവർത്തനസജ്ജമായി. കേരളാ ഇൻഫ്രാസ്ട്രക്ച്ചർ ആൻഡ് ടെക്നോളജി ഫോർ എഡ്യൂക്കേഷൻ (കൈറ്റ്) ആണ് പൊതുവിദ്യാഭ്യാസ വകുപ്പിന്റെ 100 ദിന കർമ്മ പദ്ധതിയുടെ ഭാഗമായി പദ്ധതി ആവിഷ്കരിച്ചിരിക്കുന്നത്. മത്സരപരീക്ഷകളിൽ പൊതുവിദ്യാലയങ്ങളിലെ വിദ്യാർത്ഥികൾക്ക് നിർമ്മിത ബുദ്ധിയുടെ സൗകര്യം കൂടി പ്രയോജനപ്പെടുത്തി അവസരസമത്വം ഉറപ്പാക്കുകയാണ് മുകുളം പോർട്ടലിന്റെ ലക്ഷ്യം.
ഉന്നതവിദ്യാഭ്യാസത്തിലേക്കും തൊഴിൽ മേഖലയിലേക്കുമുള്ള പ്രവേശനത്തിൽ മത്സരാധിഷ്ഠിത പരീക്ഷകൾക്ക് വർധിച്ചുവരുന്ന പ്രാധാന്യം കണക്കിലെടുത്ത്, 11, 12 ക്ലാസുകളിലെ വിദ്യാർത്ഥികൾക്ക് വിവിധ പ്രവേശന പരീക്ഷകൾ നേരിടുന്നതിനുള്ള അടിസ്ഥാന പരിശീലനമാണ് മുകുളം പോർട്ടലിലൂടെ നൽകുന്നത്. സാമ്പത്തിക പ്രതിസന്ധികൾ കാരണം സ്വകാര്യ കോച്ചിംഗ് സെന്ററുകളിൽ പരിശീലനം നേടാൻ കഴിയാത്ത സാധാരണക്കാരായ കുട്ടികൾക്കും നീറ്റ്, ജെ.ഇ.ഇ, സി.യു.ഇ.ടി, ഐ.ഐ.എസ്.ഇ.ആർ, കെ.വി.പി.വൈ തുടങ്ങിയ പ്രവേശന പരീക്ഷകളിൽ ഉന്നത വിജയം നേടാൻ ഈ സൗജന്യ പരിശീലനം സഹായിക്കും.
തെരഞ്ഞെടുത്ത 25 സ്‌കൂളുകളിൽ വിജയകരമായി പൂർത്തിയാക്കിയ പൈലറ്റ് പ്രോജക്റ്റിന് ശേഷമാണ് പദ്ധതി സംസ്ഥാനമെമ്പാടുമുള്ള ഹയർസെക്കൻഡറി, വൊക്കേഷണൽ ഹയർസെക്കൻഡറി വിദ്യാർഥികളിലേക്ക് വ്യാപിപ്പിക്കുന്നത്. കുട്ടികളുടെ വ്യക്തിഗത പഠന ആവശ്യങ്ങൾ തിരിച്ചറിഞ്ഞ് അനുയോജ്യമായ പരിശീലനവും പിന്തുണയും നൽകാൻ മുകുളം പോർട്ടലിൽ കൈറ്റിന്റെ എഐ സാങ്കേതികവിദ്യ സമന്വയിപ്പിച്ചിരിക്കുന്നു. സയൻസ്, ഹ്യൂമാനിറ്റീസ്, കോമേഴ്സ് വിഭാഗങ്ങളിലെ പത്തോളം വിഷയങ്ങൾക്കുള്ള ഡിജിറ്റൽ പഠന സാമഗ്രികൾ എഐ സങ്കേതങ്ങൾ ഉപയോഗിച്ച് പുതിയ കൈറ്റ് വെബ്‌സൈറ്റിൽ തയ്യാറാക്കിയിട്ടുണ്ട്. സ്കൂൾ അന്തരീക്ഷത്തിൽ അധ്യാപകരുടെ മാർഗനിർദേശത്തോടെ പരിശീലനം നൽകുന്നത് കൂടുതൽ പ്രയോജനകരമാണ്. ഇത് വിദ്യാർത്ഥികളിൽ ആത്മവിശ്വാസം വളർത്തുകയും പരീക്ഷയ്ക്ക് തയ്യാറെടുക്കുന്നതിനുള്ള ഫലപ്രദമായ തന്ത്രങ്ങൾ സ്വായത്തമാക്കാൻ സഹായിക്കുകയും ചെയ്യും.
പ്രധാന ലക്ഷ്യങ്ങൾ
സാർവത്രിക പരിശീലനം: സയൻസ്, കൊമേഴ്സ്, ഹ്യൂമാനിറ്റീസ് വിഭാഗങ്ങളിലെ 11, 12 ക്ലാസുകളിലെ എല്ലാ വിദ്യാർത്ഥികൾക്കും മത്സര പരീക്ഷാ പരിശീലനം നൽകുക.ആത്മവിശ്വാസം വളർത്തൽ: പ്രൊഫഷണൽ പ്രവേശന പരീക്ഷകളുടെ മാതൃകയും തയ്യാറെടുപ്പ് രീതികളും വിദ്യാർത്ഥികൾക്ക് പരിചയപ്പെടുത്തി അവരുടെ ആത്മവിശ്വാസം വർധിപ്പിക്കുക.
അക്കാദമിക്, കരിയർ സന്നദ്ധത: കേരളത്തിലെ പൊതുവിദ്യാലയങ്ങളിലെ വിദ്യാർത്ഥികൾക്ക് ഉന്നത വിദ്യാഭ്യാസത്തിൽ മികവ് പുലർത്താനും ഉയർന്ന നിലവാരമുള്ള തൊഴിൽ അവസരങ്ങൾ നേടാനും ആവശ്യമായ തയ്യാറെടുപ്പ് നൽകുക.പ്രാതിനിധ്യം വർധിപ്പിക്കൽ: പ്രമുഖ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലും മത്സരാധിഷ്ഠിത തൊഴിൽ മേഖലകളിലും കേരളത്തിലെ വിദ്യാർത്ഥികളുടെ സാന്നിധ്യം വർധിപ്പിക്കുക.
പരീക്ഷാ തയ്യാറെടുപ്പിനൊപ്പം വിഷയങ്ങൾ ആഴത്തിൽ മനസ്സിലാക്കാനും വിദ്യാർത്ഥികളുടെ പഠനനിലവാരം നിരന്തരം വിലയിരുത്താനും സഹായിക്കുന്ന സമഗ്ര പഠനസംവിധാനമാണ് മുകുളം പദ്ധതി. ഈ AI അധിഷ്ഠിത പോർട്ടലിൽ വിദ്യാർത്ഥികൾക്ക് പഠനവിഭവങ്ങളും ചോദ്യശേഖരങ്ങളും പരിശീലന സൗകര്യങ്ങളും ലഭ്യമാകും. വിദ്യാർത്ഥികളുടെ പുരോഗതി വിഷയാധ്യാപകർക്ക് നിരീക്ഷിക്കാനും ആവശ്യമായ നിർദേശങ്ങൾ നൽകാനും കഴിയും. വിദ്യാർത്ഥികൾ, അധ്യാപകർ, നോഡൽ അധ്യാപകർ, പ്രിൻസിപ്പൽമാർ എന്നിവർക്ക് പ്രത്യേകം ലോഗിൻ സൗകര്യവും ഏർപ്പെടുത്തും.
സ്കൂൾ പാഠ്യപദ്ധതിയുമായി ഏകോപിപ്പിച്ച് ഗണിതം, ഫിസിക്സ്, കെമിസ്ട്രി, സുവോളജി, ബോട്ടണി, അക്കൗണ്ടൻസി, ബിസിനസ് സ്റ്റഡീസ്, പൊളിറ്റിക്കൽ സയൻസ്, ഇക്കണോമിക്സ്, ഇംഗ്ലീഷ് എന്നീ വിഷയങ്ങളിൽ പഠനവിഭവങ്ങളും ചോദ്യശേഖരങ്ങളും തയ്യാറാക്കും. AI സംവിധാനങ്ങൾ ഉപയോഗിച്ച് തയ്യാറാക്കുന്ന ഉള്ളടക്കം വിദഗ്ധ അധ്യാപകർ പരിശോധിച്ച് ഉറപ്പാക്കും. ഇതിനൊപ്പം KITE VICTERS ചാനലിലൂടെ സംപ്രേഷണം ചെയ്യുന്നതിനായി പ്രത്യേക വീഡിയോ ക്ലാസുകളും തയ്യാറാക്കും. വിദ്യാർത്ഥികൾക്ക് ക്ലാസുകൾ എപ്പോൾ വേണമെങ്കിലും വീണ്ടും കാണാനുള്ള സൗകര്യവും ഒരുക്കും. തുടർന്നുള്ള ഘട്ടങ്ങളിൽ കൂടുതൽ വിഷയങ്ങളും മൂന്നാം ടേമിനുള്ള AI അധിഷ്ഠിത പഠനവിഭവങ്ങളും ഉൾപ്പെടുത്തും.
സാങ്കേതികവിദ്യ, അധ്യാപക പിന്തുണ, വ്യക്തിഗത പഠനം, മത്സര പരീക്ഷാ പരിശീലനം എന്നിവയെ സമന്വയിപ്പിക്കുന്നതിലൂടെ ഹയർ സെക്കൻഡറി വിദ്യാഭ്യാസത്തിന്റെ ഗുണനിലവാരം ഉയർത്തുന്നതിനും ഉന്നത പഠനത്തിനും മികച്ച തൊഴിൽ അവസരങ്ങൾക്കും വിദ്യാർത്ഥികളെ കൂടുതൽ ആത്മവിശ്വാസത്തോടെ സജ്ജരാക്കുന്നതിനും മുകുളം പദ്ധതി സഹായകരമാകും.
അവസാനമായി അപ്ഡേറ്റ് ചെയ്തത് : 2026-09-17 06:24:43
ലേഖനം നമ്പർ: 2086