വിനോദസഞ്ചാരികൾക്ക് വ്യത്യസ്ത യാത്രാനുഭവങ്ങൾ ഒരുക്കുന്നതിന്റെ ഭാഗമായി കെഎസ്ആർടിസി ബജറ്റ് ടൂറിസം സെൽ പുതിയ ലക്ഷ്വറി ടൂർ പാക്കേജുകൾക്ക് തുടക്കമിടുന്നു. ലക്ഷദ്വീപിന്റെ പ്രകൃതിസൗന്ദര്യവും ഹൈദരാബാദിലെ ചരിത്ര-വിനോദസഞ്ചാര കേന്ദ്രങ്ങളും ആസ്വദിക്കാനുള്ള അവസരമാണ് പുതിയ പാക്കേജുകളിലൂടെ ലഭ്യമാകുന്നത്. യാത്രാസൗകര്യങ്ങൾക്കൊപ്പം മികച്ച താമസവും അനുബന്ധ സേവനങ്ങളും ഉൾപ്പെടുത്തി ആസൂത്രണം ചെയ്തതാണ് പാക്കേജുകൾ.
ഹൈദരാബാദ് യാത്രാ പാക്കേജ്
ഹൈദരാബാദിൽ മൂന്ന് പകലും രണ്ട് രാത്രിയും, രണ്ട് പകലും ഒരു രാത്രിയും ചെലവഴിക്കുന്ന തരത്തിൽ രണ്ട് പാക്കേജുകളാണ് യാത്രക്കാർക്കായി ഒരുക്കിയിരിക്കുന്നത്. ഹൈദരാബാദിലെ താമസം, ഭക്ഷണം, വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്കുള്ള പ്രവേശന ഫീസ് എന്നിവ പാക്കേജിൽ ഉൾപ്പെടുന്നു.
മൂന്ന് പകലും രണ്ട് രാത്രിയും ഉൾപ്പെടുന്ന പാക്കേജിൽ നെഹ്‌റു സുവോളജിക്കൽ പാർക്ക്, ബിർള മന്ദിർ, എൻ.ടി.ആർ. ഗാർഡൻ, അംബേദ്കർ പ്രതിമ, ലുംബിനി പാർക്ക്, ഹുസൈൻ സാഗർ, രാമോജി ഫിലിം സിറ്റി, ഹൈടെക് സിറ്റി, ഗോൽകൊണ്ട കോട്ട, സലാർ ജങ് മ്യൂസിയം, ചൗമഹല്ല പാലസ്, മക്ക മസ്ജിദ്, ചാർമിനാർ എന്നിവിടങ്ങൾ സന്ദർശിക്കും.
രണ്ട് പകലും ഒരു രാത്രിയും ഉൾപ്പെടുന്ന രണ്ടാമത്തെ പാക്കേജിൽ ഗോൽകൊണ്ട കോട്ട, സലാർ ജങ് മ്യൂസിയം, ചാർമിനാർ, മക്ക മസ്ജിദ്, ലുംബിനി പാർക്ക്, ഹുസൈൻ സാഗർ, ബിർള മന്ദിർ, രാമോജി ഫിലിം സിറ്റി എന്നിവിടങ്ങളാണ് ഉൾപ്പെടുത്തിയിരിക്കുന്നത്.
ആദ്യ ദിവസം ഉച്ചകഴിഞ്ഞ് മൂന്നിന് ആരംഭിച്ച് നാലാം ദിവസം രാവിലെ 10ന് തിരിച്ചെത്തുന്ന രീതിയിലാണ് യാത്ര ക്രമീകരിച്ചിരിക്കുന്നത്. ഒരു മുറിയിൽ മൂന്ന് പേർക്ക് താമസസൗകര്യം ലഭിക്കും. യാത്രയ്ക്കിടെ വിവിധ സ്ഥലങ്ങളിൽ മൊബൈൽ ഫോൺ, ബാഗ്, ചെരുപ്പ് തുടങ്ങിയവ സൂക്ഷിക്കുന്നതിനുള്ള ഫീസ് യാത്രികർ സ്വയം വഹിക്കണം.
ലക്ഷദ്വീപ് യാത്രാ പാക്കേജ്
കൊച്ചിയിൽ നിന്ന് വിമാനമാർഗം ആരംഭിച്ച് അഗത്തി, കൽപ്പിട്ടി ദ്വീപുകൾ സന്ദർശിക്കുന്നതാണ് ലക്ഷദ്വീപ് യാത്രാ പാക്കേജ്. മൂന്ന് രാത്രിയും നാല് പകലും നീളുന്ന യാത്ര സാധാരണക്കാർക്ക് താങ്ങാനാകുന്ന നിരക്കിൽ ആസൂത്രണം ചെയ്തിട്ടുണ്ട്.
യാത്രികരുടെ താൽപര്യമനുസരിച്ച് ഹോംസ്റ്റേ, റിസോർട്ട് എന്നീ രണ്ട് താമസസൗകര്യങ്ങൾ പാക്കേജിൽ ലഭ്യമാണ്. ലക്ഷദ്വീപ് പെർമിറ്റ്, വിമാനത്താവളത്തിൽ നിന്നുള്ള യാത്രാസൗകര്യം, രണ്ട് പേർക്ക് ഒരു മുറി എന്ന നിലയിലുള്ള താമസം, ഭക്ഷണം, വൈഫൈ, ഇൻഷുറൻസ് എന്നിവ പാക്കേജിന്റെ ഭാഗമാണ്.
അഗത്തിയിലെ ബീച്ചുകളും സൂര്യാസ്തമയവും ആസ്വദിക്കുന്നതിനൊപ്പം കൽപ്പിട്ടി ദ്വീപിലേക്കുള്ള പ്രത്യേക ബോട്ട് യാത്രയും ഒരുക്കിയിട്ടുണ്ട്. സ്‌നോർക്കലിങ്, ഗ്ലാസ് ബോട്ട് യാത്ര, കയാക്കിങ്, ഡോൾഫിനുകളെയും കടലാമകളെയും കാണാനുള്ള സൗകര്യം തുടങ്ങിയവയും യാത്രയിൽ ഉൾപ്പെടുന്നു. സ്‌കൂബ ഡൈവിങ്, പാരാസെയിലിങ് എന്നിവ ആസ്വദിക്കാൻ താൽപര്യമുള്ളവർ യഥാക്രമം 4,000 രൂപയും 3,500 രൂപയും അധികമായി നൽകണം. മാംസാഹാരം ഒഴിവാക്കേണ്ട യാത്രക്കാർ ബുക്കിങ് സമയത്ത് തന്നെ ഇക്കാര്യം മുൻകൂട്ടി അറിയിക്കണം.
യാത്രയ്ക്കുള്ള സീറ്റ് ഉറപ്പാക്കാൻ ബുക്കിങ് ദിവസം തന്നെ മുഴുവൻ തുകയും അടയ്ക്കണം. രണ്ട് വയസ്സിന് മുകളിലുള്ള കുട്ടികൾക്ക് മുഴുവൻ വിമാനനിരക്കും ബാധകമാണ്. കാലാവസ്ഥാ വ്യതിയാനങ്ങൾ യാത്രയെ പെട്ടെന്ന് ബാധിക്കാൻ സാധ്യതയുള്ളതിനാൽ ഉദ്യോഗസ്ഥരുടെ സുരക്ഷാ നിർദേശങ്ങൾ കർശനമായി പാലിക്കണം. സ്ഥിരമായി കഴിക്കുന്ന മരുന്നുകൾ യാത്രക്കാർ കൈവശം കരുതണം.
ബുക്കിങ്ങിനും കൂടുതൽ വിവരങ്ങൾക്കും കെഎസ്ആർടിസി ബജറ്റ് ടൂറിസം സെൽ സംസ്ഥാന കോ-ഓർഡിനേറ്റർ : ഫോൺ: 7907273399, 9961228777.
അവസാനമായി അപ്ഡേറ്റ് ചെയ്തത് : 2026-09-17 10:52:17
ലേഖനം നമ്പർ: 2091