കേരളത്തിൽ ഉത്പാദിപ്പിക്കുന്ന ഗുണനിലവാരമുള്ള ഉൽപ്പന്നങ്ങൾക്ക് ഏകീകൃത ബ്രാൻഡ് സ്വത്വം നൽകുകയും ദേശീയ, അന്തർദേശീയ വിപണികളിൽ അവയുടെ വിപണന സാധ്യത വർധിപ്പിക്കുകയും ചെയ്യുന്നതിനായി വ്യവസായ വകുപ്പ് ‘കേരള ബ്രാൻഡ്’ പദ്ധതി നടപ്പാക്കുന്നു. സംസ്ഥാന വ്യവസായ വാണിജ്യ ഡയറക്ടറേറ്റിന്റെ നേതൃത്വത്തിൽ തയ്യാറാക്കിയ പോർട്ടലിലൂടെ നിശ്ചിത ഗുണനിലവാര മാനദണ്ഡങ്ങൾ പാലിക്കുന്ന തദ്ദേശീയ ഉൽപ്പന്നങ്ങൾക്ക് ‘MADE IN KERALA’ എന്ന ബ്രാൻഡ്  നൽകുകയാണ് പദ്ധതിയുടെ ലക്ഷ്യം.

ആദ്യഘട്ടത്തിൽ 11 ഉൽപ്പന്ന വിഭാഗങ്ങൾ

സംസ്ഥാനതല സമിതി അംഗീകരിച്ച മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തിൽ ആദ്യഘട്ടത്തിൽ 11 ഉൽപ്പന്ന വിഭാഗങ്ങളാണ് കേരള ബ്രാൻഡിന്റെ പരിധിയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. വെളിച്ചെണ്ണ, കാപ്പി, തേയില, പാദരക്ഷകൾ, നെയ്യ്, തേൻ, കുപ്പിവെള്ളം, പ്ലൈവുഡ്, പി.വി.സി പൈപ്പ്, സർജിക്കൽ റബ്ബർ ഗ്ലൗസ്, കാലിത്തീറ്റ എന്നിവയാണ് അംഗീകരിച്ച ഉൽപ്പന്ന വിഭാഗങ്ങൾ.

നിശ്ചിത മാനദണ്ഡങ്ങൾ പാലിക്കുന്ന ഉൽപ്പന്നങ്ങൾക്ക് അംഗീകാരം

കേരള ബ്രാൻഡ് സർട്ടിഫിക്കേഷനായി പരിഗണിക്കുന്ന ഉൽപ്പന്നങ്ങൾ നിശ്ചിത ഗുണനിലവാര മാനദണ്ഡങ്ങൾ പാലിക്കുന്നവയായിരിക്കണം. കേരളത്തിൽ നിന്നുള്ള അസംസ്‌കൃത വസ്തുക്കളുടെ ഉപയോഗം, പരിസ്ഥിതി സൗഹൃദ ഉൽപ്പാദനരീതി, ബാലവേല നിരോധനം, വിവേചനരഹിത തൊഴിൽ സാഹചര്യം എന്നിവ ഉൾപ്പെടെയുള്ള മാനദണ്ഡങ്ങൾ പദ്ധതിയുടെ ഭാഗമായി പരിഗണിക്കും. അതത് ഉൽപ്പന്ന മേഖലകൾക്ക് ബാധകമായ ഗുണനിലവാര മാനദണ്ഡങ്ങൾക്ക് പുറമേ, ഉത്തരവാദിത്തപരവും ധാർമ്മികവുമായ വ്യാവസായിക പ്രവർത്തനരീതികളും സ്ഥാപനങ്ങൾ പാലിക്കേണ്ടതുണ്ട്. വ്യവസായ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിയുടെ അധ്യക്ഷതയിലുള്ള സംസ്ഥാനതല കമ്മിറ്റി നിശ്ചയിച്ച മാനദണ്ഡങ്ങളാണ് സർട്ടിഫിക്കേഷൻ നടപടികൾക്ക് അടിസ്ഥാനമാക്കുന്നത്.

സർട്ടിഫിക്കേഷൻ

കേരള ബ്രാൻഡ് സർട്ടിഫിക്കേഷനുള്ള അപേക്ഷകളിൽ താലൂക്ക് തലത്തിലുള്ള പരിശോധന പൂർത്തിയാക്കിയ ശേഷമാണ് അർഹത നിർണയിക്കുന്നത്. ബന്ധപ്പെട്ട ഇൻഡസ്ട്രീസ് എക്സ്റ്റൻഷൻ ഓഫീസർ (IEO), അസിസ്റ്റന്റ് ഡിസ്ട്രിക്ട് ഇൻഡസ്ട്രീസ് ഓഫീസർ (ADIO) എന്നിവരുടെ നേതൃത്വത്തിലുള്ള പരിശോധനകൾക്ക് ശേഷം അർഹരായ സംരംഭങ്ങൾക്ക് സർട്ടിഫിക്കേഷൻ അനുവദിക്കും. സംരംഭകർക്ക് ഓൺലൈനായി അപേക്ഷിക്കാം. കേരളത്തിൽ ഉൽപ്പാദന യൂണിറ്റ് പ്രവർത്തിക്കുന്ന സംരംഭകർക്കാണ് കേരള ബ്രാൻഡിനായി അപേക്ഷിക്കാനുള്ള അവസരം. ആവശ്യമായ UDYAM രജിസ്‌ട്രേഷൻ, ബന്ധപ്പെട്ട ഗുണനിലവാര സർട്ടിഫിക്കറ്റുകൾ, മറ്റ് അനുബന്ധ രേഖകൾ എന്നിവ അപേക്ഷയോടൊപ്പം സമർപ്പിക്കണം. അർഹരായ സംരംഭകർക്ക് www.keralabrand.industry.kerala.gov.in എന്ന പോർട്ടൽ മുഖേന സെൽഫ് ഡിക്ലറേഷൻ ചെക്ക്ലിസ്റ്റും അനുബന്ധ രേഖകളും സമർപ്പിച്ച് അപേക്ഷിക്കാം.

ഗുണനിലവാരവും സുസ്ഥിരതയും ഉത്തരവാദിത്തപരമായ ഉൽപ്പാദന രീതികളും പാലിക്കുന്ന കേരളത്തിലെ സംരംഭങ്ങൾക്ക് ഏകീകൃത ബ്രാൻഡ് അംഗീകാരം നൽകുന്നതിലൂടെ തദ്ദേശീയ ഉൽപ്പന്നങ്ങളുടെ വിപണി സാധ്യത വർധിപ്പിക്കാനും സംരംഭകരുടെ മത്സരക്ഷമത മെച്ചപ്പെടുത്താനും ദേശീയ, അന്തർദേശീയ വിപണികളിൽ കേരളീയ ഉൽപ്പന്നങ്ങളുടെ സാന്നിധ്യം ശക്തിപ്പെടുത്താനും കേരള ബ്രാൻഡ് പദ്ധതിയിലൂടെ സാധിക്കും.

അവസാനമായി അപ്ഡേറ്റ് ചെയ്തത് : 2026-09-10 07:15:08

ലേഖനം നമ്പർ: 2079

സർക്കാർ വെബ്സൈറ്റുകൾ

India Logo
India Logo
State Logo
State Logo
State Logo
State Logo