കുട്ടികളുടെയും കൗമാരക്കാരുടെയും മാനസികാരോഗ്യവും മാനസിക-സാമൂഹിക ക്ഷേമവും ലക്ഷ്യമിട്ട് വനിതാ ശിശു വികസന വകുപ്പിന്റെ ആഭിമുഖ്യത്തിൽ ആത്മഹത്യാ പ്രതിരോധ ക്യാമ്പയിന് തുടക്കമായി. ചൈൽഡ് ആൻഡ് അഡോളസെന്റ് മെന്റൽ ഹെൽത്ത് ആൻഡ് സൈക്കോളജിക്കൽ വെൽബീയിങ് ക്യാമ്പയിൻ ലോക ആത്മഹത്യ പ്രതിരോധ ദിനമായ സെപ്റ്റംബർ 10-ന് ആരംഭിച്ച് ഒക്ടോബർ 10 വരെ സംഘടിപ്പിക്കും.
‘Start the Conversation - Let's Talk, Let's Listen, Let's Support’ എന്ന സന്ദേശത്തെ അടിസ്ഥാനമാക്കി കുട്ടികളുടെയും കൗമാരക്കാരുടെയും മാനസികാരോഗ്യവുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ അവബോധം വർധിപ്പിക്കുക, മാനസിക സമ്മർദ്ദത്തിന്റെയും ആത്മഹത്യാ ചിന്തകളുടെയും മുന്നറിയിപ്പ് സൂചനകൾ നേരത്തെ തിരിച്ചറിയുക, കുട്ടികൾക്ക് സുരക്ഷിതമായി സംസാരിക്കാനും സഹായം തേടാനും അവസരം ഒരുക്കുക, ആവശ്യമായ പിന്തുണയും വിദഗ്ധ സേവനങ്ങളിലേക്കുള്ള റഫറൽ സംവിധാനവും ഉറപ്പാക്കുക എന്നിവയാണ് ക്യാമ്പയിന്റെ പ്രധാന ലക്ഷ്യങ്ങൾ.
പഠനസമ്മർദ്ദം, പരീക്ഷാ പരാജയം, കുടുംബത്തിലെ പ്രശ്‌നങ്ങൾ, മാതാപിതാക്കളുടെ അമിത പ്രതീക്ഷകൾ, ബന്ധങ്ങളിലെ പ്രശ്‌നങ്ങൾ, ഏകാന്തത, സൈബർബുള്ളിയിംഗ്, അമിതമായ സോഷ്യൽ മീഡിയ ഉപയോഗം, ഓൺലൈൻ ഗെയിമിംഗ് തുടങ്ങിയ വിവിധ ഘടകങ്ങൾ കുട്ടികളുടെ മാനസിക ക്ഷേമത്തെ ബാധിക്കുന്ന സാഹചര്യത്തിലാണ് ക്യാമ്പയിന് രൂപം നൽകിയിരിക്കുന്നത്. കുട്ടികളുടെ പ്രശ്‌നങ്ങൾ കൃത്യമായി മനസിലാക്കി തുടർച്ചയായ പിന്തുണ ഉറപ്പാക്കാൻ ഇത്തരം ദീർഘകാല പദ്ധതികൾ അനിവാര്യമാണ്. ക്യാമ്പയിനുശേഷം ഇതിനെ അഞ്ചുവർഷത്തെ സമഗ്ര പദ്ധതിയായി തുടർന്നു വികസിപ്പിക്കാനും ലക്ഷ്യമിടുന്നു.
വനിതാ-ശിശു വികസന വകുപ്പിന്റെ ഔവർ റെസ്‌പോൺസിബിലിറ്റി ടു ചിൽഡ്രൻ (ഒആർസി) പദ്ധതിയുടെ നേതൃത്വത്തിലാണ് ക്യാമ്പയിൻ സംഘടിപ്പിക്കുന്നത്. ക്യാമ്പയിന്റെ ഭാഗമായി അധ്യാപകർ, ഒആർസി നോഡൽ അധ്യാപകർ, സൈക്കോസോഷ്യൽ കൗൺസലർമാർ, കെയർടേക്കർമാർ, മുൻനിര പ്രവർത്തകർ എന്നിവർക്ക് പരിശീലനം നൽകും. രക്ഷാകർതൃപങ്കാളിത്ത വാരത്തിൽ പോസിറ്റീവ് പാരന്റിംഗ്, കുട്ടികളുമായുള്ള ആശയവിനിമയം, ഡിജിറ്റൽ പാരന്റിംഗ്, പഠനസമ്മർദ്ദം, കൗമാരപ്രായത്തിലെ പെരുമാറ്റ മാറ്റങ്ങൾ തുടങ്ങിയ വിഷയങ്ങളിൽ സംവാദങ്ങൾ സംഘടിപ്പിക്കും. ഒക്ടോബർ 10-ലെ ലോക മാനസികാരോഗ്യ ദിനത്തിൽ കുട്ടികളുടെ ശബ്ദത്തിനും അനുഭവങ്ങൾക്കും ഇടം നൽകുകയും മികച്ച മാതൃകകൾ പങ്കുവയ്ക്കുകയും തുടർപ്രവർത്തനങ്ങൾക്ക് രൂപം നൽകുകയും ചെയ്യും. നിലവിൽ 1,227 സ്‌കൂളുകളിൽ ഒആർസി പ്രവർത്തിക്കുന്നുണ്ട്.
കുട്ടികളുടെയും കൗമാരക്കാരുടെയും മാനസികാരോഗ്യം സംരക്ഷിക്കുന്നതിൽ കുടുംബത്തിന്റെയും വിദ്യാഭ്യാസ സ്ഥാപനങ്ങളുടെയും സമൂഹത്തിന്റെയും കൂട്ടായ ഇടപെടൽ അനിവാര്യമാണ്. വനിതാ ശിശു വികസന വകുപ്പ് ആവിഷ്‌കരിച്ച ഈ ക്യാമ്പയിൻ അവബോധ പ്രവർത്തനങ്ങൾക്കപ്പുറം കൃത്യമായ ഇടപെടലുകളും തുടർപിന്തുണയും ഉറപ്പാക്കുന്ന സമഗ്ര സംരംഭമാണ്.
അവസാനമായി അപ്ഡേറ്റ് ചെയ്തത് : 2026-09-10 10:37:36
ലേഖനം നമ്പർ: 2080