കേരളത്തെ സമ്പൂർണ ശുചിത്വത്തിലേക്കും സുസ്ഥിര മാലിന്യസംസ്കരണ ശീലങ്ങളിലേക്കും നയിക്കുന്നതിനായി തദ്ദേശ സ്വയംഭരണ വകുപ്പ് നടപ്പാക്കുന്ന അഞ്ചുവർഷ സമഗ്ര ക്യാമ്പയിനായ ’നിർമലം – പുതുയുഗ ശുചിത്വ കേരളം’ ഒക്ടോബർ രണ്ടിന് ആരംഭിക്കും. ശുചിത്വം ഓരോ പൗരന്റെയും ഉത്തരവാദിത്വമായി ഉയർത്തിപ്പിടിച്ച് തദ്ദേശ സ്ഥാപനങ്ങൾ, വിവിധ സർക്കാർ വകുപ്പുകൾ, സ്ഥാപനങ്ങൾ, ജനകീയ കൂട്ടായ്മകൾ എന്നിവയുടെ ഏകോപിത ഇടപെടലിലൂടെ സംസ്ഥാനത്തുടനീളം ശുചിത്വ പ്രവർത്തനങ്ങൾക്ക് പുതിയ ചലനശക്തി നൽകുകയാണ് ക്യാമ്പയിന്റെ ലക്ഷ്യം.
തദ്ദേശ സ്വയംഭരണ വകുപ്പ് ശുചിത്വ മിഷന്റെ ഏകോപനത്തോടെ നടപ്പാക്കുന്ന ക്യാമ്പയിനിലൂടെ മാലിന്യത്തിന്റെ ഉറവിടതല സംസ്കരണം, ശാസ്ത്രീയ മാലിന്യസംസ്കരണം, പൊതുയിടങ്ങളുടെ ശുചിത്വം, ജനപങ്കാളിത്തം എന്നിവ ശക്തിപ്പെടുത്തും. 2031 മാർച്ച് 30-ലെ സീറോ വേസ്റ്റ് ദിനത്തിൽ കേരളത്തെ സമ്പൂർണ മാലിന്യമുക്ത സംസ്ഥാനമാക്കി മാറ്റുക എന്ന ദീർഘകാല ലക്ഷ്യത്തിലേക്കുള്ള ഏകോപിത പ്രവർത്തനങ്ങൾക്ക് ക്യാമ്പയിൻ വഴിയൊരുക്കും.
പ്രധാന ലക്ഷ്യങ്ങളും കാഴ്ച്ചപ്പാടും
വൃത്തിയുള്ള പൊതുയിടങ്ങളും ശുദ്ധമായ ജലാശയങ്ങളും ഉറപ്പാക്കുക, മാലിന്യ ഉത്പാദനം പരമാവധി കുറച്ച് വിഭവങ്ങൾ വീണ്ടെടുക്കുക, ശാസ്ത്രീയ പരിപാലനം സാധ്യമാക്കുക, ഉത്തരവാദിത്വമുള്ള മാലിന്യ പരിപാലനം ജനങ്ങളുടെ ജീവിതശൈലിയാക്കി മാറ്റുക എന്നിവയാണ് ക്യാമ്പയിനിൻ്റെ അടിസ്ഥാന കാഴ്ചപ്പാടുകൾ. സമ്പൂർണ ശാസ്ത്രീയ ഖര-ദ്രവ മാലിന്യപരിപാലനത്തിലൂടെ ജലസ്രോതസ്സുകളുടെ സംരക്ഷണം ഉറപ്പാക്കുന്നതിനും മികച്ച പൊതുശുചിമുറികളും ശുചിത്വമുള്ള പൊതുയിടങ്ങളും ഒരുക്കുന്നതിനും ക്യാമ്പയിൻ ലക്ഷ്യമിടുന്നു. മാലിന്യത്തിന്റെ ഉത്പാദനം മുതൽ ശേഖരണം, ഗതാഗതം, സംസ്കരണം, അന്തിമപരിപാലനം വരെയുള്ള മുഴുവൻ ഘട്ടങ്ങളും ഡിജിറ്റൽ സംവിധാനങ്ങളിലൂടെ നിരീക്ഷിക്കുന്നതിനൊപ്പം നിയമാവബോധം ശക്തിപ്പെടുത്തുകയും നിയമലംഘനങ്ങൾക്കെതിരെ കർശനമായ നടപടികൾ ഉറപ്പാക്കുകയും ചെയ്യും.
മാലിന്യ ഉത്പാദനം മുതൽ സംസ്കരണം വരെയുള്ള മുഴുവൻ ഘട്ടങ്ങളും കുറ്റമറ്റ രീതിയിൽ ഡിജിറ്റലായി നിരീക്ഷിക്കുന്നതിനൊപ്പം, ജനങ്ങളിൽ നിയമാവബോധം ശക്തമാക്കാനും നിയമലംഘകർക്കെതിരെ കർശന നടപടികൾ സ്വീകരിക്കാനും സമഗ്രമായ ക്യാമ്പയിൻ വിഭാവനം ചെയ്യുന്നുണ്ട്. മാലിന്യസംസ്കരണ മേഖലയെ പുതിയ സാമ്പത്തിക സാധ്യതകളുടെ മേഖലയാക്കി വികസിപ്പിക്കുന്നതിനും ക്യാമ്പയിൻ ലക്ഷ്യമിടുന്നു. മാലിന്യത്തിൽ നിന്നുള്ള വിഭവ വീണ്ടെടുപ്പ്, പുനരുപയോഗം, പുനഃചംക്രമണം തുടങ്ങിയ മേഖലകളിൽ വ്യാപാര-വ്യവസായ സാധ്യതകൾ വികസിപ്പിക്കുകയും പുതിയ തൊഴിൽ, നിക്ഷേപ അവസരങ്ങൾ സൃഷ്ടിക്കുകയും ചെയ്യുന്നതാണ് സമീപനം.
പ്രതിദിനം 10,183 ടൺ ഖരമാലിന്യവും (7,477 ടൺ ജൈവ മാലിന്യം, 2,400 ടൺ അജൈവ മാലിന്യം, 204 ടൺ സാനിറ്ററി മാലിന്യം), 4,043 MLD ദ്രവമാലിന്യവുമാണ് സംസ്ഥാനത്ത് ഉത്പാദിപ്പിക്കപ്പെടുന്നത്. ദ്രവമാലിന്യ സംസ്കരണത്തിൽ 3,775 MLD ക്ക് ശാസ്ത്രീയ പരിചരണം ഇല്ലാത്ത സ്ഥിതിയുണ്ട്. ഇലക്ട്രോണിക്, പ്രത്യേക പരിചരണം ആവശ്യമായ മാലിന്യങ്ങൾ, കെട്ടിട നിർമ്മാണ-പൊളിക്കൽ മാലിന്യങ്ങൾ തുടങ്ങിയ മറ്റ് മാലിന്യങ്ങൾക്കായും ശാസ്ത്രീയ സംസ്കരണ സംവിധാനങ്ങൾ വേണ്ടത്ര ഒരുക്കേണ്ടതുണ്ട്. ഈ വെല്ലുവിളികൾ ശാസ്ത്രീയമായി നേരിടുന്നതിനായി മൂന്ന് ഘട്ടങ്ങളിലായാണ് ക്യാമ്പയിൻ ഇടപെടുന്നത്.
ഹ്രസ്വകാലം : 2026 ഒക്ടോബർ 2 - 2027 ഒക്ടോബർ 2
നിർമലം - പുതുയുഗ ശുചിത്വകേരളം ക്യാമ്പയിനിൻ്റെ ആദ്യവർഷമായ 2026 ഒക്ടോബർ മുതൽ 2027 ഒക്ടോബർ വരെയുള്ള ഹ്രസ്വകാല ഘട്ടത്തിൽ, സംസ്ഥാനത്തെ 30% വീടുകൾക്കും സ്ഥാപനങ്ങൾക്കും ജൈവ മാലിന്യ സംസ്കരണ സംവിധാനങ്ങൾ ഉണ്ടാക്കും. കൂടാതെ 20% വൻകിട മാലിന്യ ഉത്പാദകരും ഉറവിടത്തിൽ തന്നെ ജൈവമാലിന്യ സംസ്കരണം ഉറപ്പാക്കും. ഇതിനൊപ്പം 100 തദ്ദേശ സ്ഥാപനങ്ങളെ സമ്പൂർണ്ണ ജൈവമാലിന്യ സംസ്കരണ ശേഷിയിലേക്ക് ഉയർത്തുകയും ചെയ്യും. അജൈവ മാലിന്യങ്ങൾ കലണ്ടർ പ്രകാരം 100% വാതിൽപ്പടി ശേഖരണം നടത്തുകയും പുനഃചംക്രമണത്തിനായി കൂടുതൽ ഏജൻസികളെ ഉൾപ്പെടുത്തുകയും ചെയ്യും. കോർപ്പറേഷനുകളിൽ കെട്ടിട നിർമ്മാണ പൊളിക്കൽ (C&D) മാലിന്യ ശേഖരണ സംവിധാനം ഒരുക്കുന്നതിനൊപ്പം, 40% സാനിറ്ററി മാലിന്യം ശാസ്ത്രീയമായി സംസ്കരിക്കാനും ഇതിനായി രണ്ട് പുതിയ പ്ലാൻ്റുകളുടെ നിർമ്മാണം പൂർത്തിയാക്കാനും ലക്ഷ്യമിടുന്നു. പൊതുയിടങ്ങളുടെ കാര്യത്തിൽ, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്കും പൊതുസ്ഥലങ്ങൾക്കും ശുചിത്വ ഗ്രേഡിംഗ് ഏർപ്പെടുത്തുകയും പൊതുശുചിമുറികൾക്ക് മികച്ച പരിപാലന-നിരീക്ഷണ സംവിധാനം (O&M) കൊണ്ടുവരികയും ചെയ്യും. ഈ പ്രവർത്തനങ്ങൾക്ക് നിയമപരമായ പിൻബലം നൽകുന്നതിനായി ഖരമാലിന്യ സംസ്കരണം, പ്ലാസ്റ്റിക് റീസൈക്ലിങ്, ആക്രി, വൻകിട മാലിന്യ ഉത്പാദകർ എന്നീ വിഭാഗങ്ങൾക്കുള്ള പുതിയ നയങ്ങളും ആദ്യവർഷം പുറത്തിറക്കും.
മധ്യകാലം : 2027 ഒക്ടോബർ 2 - 2030 ജൂൺ 5
സംസ്ഥാനത്തെ 70% വീടുകളിലും സ്ഥാപനങ്ങളിലും ജൈവ മാലിന്യ സംസ്കരണ സംവിധാനം ഉറപ്പാക്കും. കൂടാതെ 500 തദ്ദേശ സ്ഥാപനങ്ങളെ സമ്പൂർണ്ണ ജൈവമാലിന്യ സംസ്കരണ ശേഷിയിലേക്ക് ഉയർത്തുകയും ചെയ്യും. പൊതു-സ്വകാര്യ പങ്കാളിത്ത (PPP) മാതൃകയിലും സ്വകാര്യ നിക്ഷേപത്തിലൂടെയും പുതിയ റീസൈക്ലിങ് പ്ലാൻ്റുകളും RDF പ്ലാൻ്റുകളും സജ്ജീകരിച്ച് സംസ്ഥാനത്തെ മാലിന്യ സംസ്കരണ രംഗത്ത് സ്വയംപര്യാപ്തമാക്കാനാണ് ഈ ഘട്ടത്തിൽ സർക്കാർ ലക്ഷ്യമിടുന്നത്. ഇതിനൊപ്പം സംസ്ഥാനത്ത് 100% ഇ-മാലിന്യ ശേഖരണം ഉറപ്പാക്കുകയും ഒരു അത്യാധുനിക ഇ-മാലിന്യ സംസ്ക്കരണ പ്ലാന്റ് സ്ഥാപിക്കുകയും ചെയ്യും. കെട്ടിട നിർമ്മാണ-പൊളിക്കൽ (C&D) മാലിന്യങ്ങൾ കൈകാര്യം ചെയ്യുന്നതിനായി പ്രത്യേക സംസ്ക്കരണ പ്ലാൻ്റിൻ്റെ നിർമ്മാണം ആരംഭിക്കുന്നതും ഇതേ കാലയളവിലാണ്. സാനിറ്ററി മാലിന്യത്തിൻ്റെ 60% സംസ്കരണം ഉറപ്പാക്കുന്നതിനായി, നിലവിൽ നിർമ്മാണത്തിലിരിക്കുന്ന 4 പ്ലാൻ്റുകൾ പൂർണ്ണ തോതിൽ പ്രവർത്തനസജ്ജമാക്കാനും മറ്റ് അനുബന്ധ പദ്ധതികളുടെ പൂർത്തീകരണവും ഈ മധ്യകാല കർമ്മപദ്ധതിയിലൂടെ ലക്ഷ്യമിടുന്നു.
ദീർഘകാലം : 2030 ജൂൺ 5 - 2031 മാർച്ച് 30
സംസ്ഥാനത്തെ 100% വീടുകളിലും സ്ഥാപനങ്ങളിലും പൂർണ്ണമായ ജൈവ മാലിന്യ സംസ്കരണ സംവിധാനം ഉറപ്പാക്കും. എല്ലാത്തരം അജൈവ മാലിന്യങ്ങളുടെയും 100% ശേഖരണവും ശാസ്ത്രീയ പരിപാലനവും സാധ്യമാക്കുന്നതിനൊപ്പം, പ്ലാസ്റ്റിക്, ഗ്ലാസ്, ഇ-മാലിന്യം, തുണി, പേപ്പർ എന്നിവയുടെ ഉത്പാദനത്തിന് ആനുപാതികമായി സംസ്ഥാനത്തുടനീളം റീസൈക്ലിങ് പ്ലാൻ്റുകൾ സ്ഥാപിക്കുകയും ചെയ്യും. സാനിറ്ററി മാലിന്യങ്ങളുടെ 100% ശേഖരണവും സംസ്കരണവും ഈ ഘട്ടത്തിൽ യാഥാർഥ്യമാകും. കൂടാതെ, വേസ്റ്റ് ടു എനർജി പ്ലാൻ്റും C&D (നിർമ്മാണ-പൊളിക്കൽ) മാലിന്യ സംസ്കരണ പ്ലാൻ്റും പൂർണ്ണ തോതിൽ പ്രവർത്തനസജ്ജമാകും. അടിസ്ഥാന വികസനത്തിൻ്റെ ഭാഗമായി മുഴുവൻ പൊതുസ്ഥലങ്ങളുടെയും വൃത്തിയും ദൃശ്യഭംഗിയും ഉറപ്പാക്കുകയും എല്ലായിടത്തും അത്യാധുനിക പൊതുശുചിമുറികൾ ലഭ്യമാക്കുകയും ചെയ്യും. ഈ വിപുലമായ പ്രവർത്തനങ്ങളിലൂടെ EPR (Extended Producer Responsibility), കാർബൺ ക്രെഡിറ്റ്, സുസ്ഥിര വികസന ലക്ഷ്യങ്ങൾ (SDG) എന്നിവ പൂർണ്ണമായും നേടിയെടുക്കാനാണ് പദ്ധതിയുടെ അവസാനം ലക്ഷ്യമിടുന്നത്.
കേരളത്തിലെ വിവിധ ഭാഗങ്ങളിൽ ആരംഭിക്കുന്ന 12 RDF (Refuse Derived Fuel) പ്ലാൻറുകൾ കൊച്ചിയിൽ ആരംഭിക്കുന്ന 500 TPD വേസ്റ്റ് എനർജി പ്ലാന്റ് എന്നിവ യാഥാർഥ്യമാകുന്നതോടെ തദ്ദേശ സ്ഥാപനങ്ങളിൽ നിന്നും ശേഖരിക്കുന്ന അജൈവ മാലിന്യം കേരളത്തിന് പുറത്തേക്ക് കൊണ്ടുപോകുന്നതിനായി നിലവിൽ തദ്ദേശ സ്ഥാപനങ്ങൾ ചിലവഴിക്കുന്ന വൻതുക ലാഭിക്കാൻ സാധിക്കും. കൂടാതെ തിരുവനന്തപുരം, കൊല്ലം, തൃശൂർ, പാലക്കാട്, കോഴിക്കോട്, കണ്ണൂർ തുടങ്ങിയ ജില്ലകളിൽ ജൈവ മാലിന്യ സംസ്കരണ പ്ലാൻ്റുകൾ സജ്ജമാകും. മേൽ പറഞ്ഞ എല്ലാ പദ്ധതികളുടെയും നടത്തിപ്പ് ഊർജ്ജിതമാക്കാൻ എല്ലാ വർഷവും 3 മാസം കൂടുമ്പോൾ മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ അവലോകന യോഗം ചേരും. മാലിന്യ ഉത്പാദനം മുതൽ സംസ്കരണം വരെയുള്ള മുഴുവൻ ഘട്ടങ്ങളും ഡിജിറ്റലായി നിരീക്ഷിക്കാനുള്ള സംവിധാനവും ക്യമ്പയിൻ്റെ ഭാഗമായി ഒരുക്കും. സർക്കാരിന്റെ എല്ലാ വകുപ്പുകളും ഏജൻസികളും ഇതിന്റെ ഭാഗമാകും. ഒക്ടോബർ 2 മുതൽ 7 വരെ സർക്കാരും വിവിധ വകുപ്പുകളും ഏജൻസികളും പൊതുജനങ്ങളും പങ്കെടുക്കുന്ന സംസ്ഥാനവ്യാപക ശുചീകരണ യജ്ഞവും സംഘടിപ്പിക്കും. വിവിധ വകുപ്പുകളുടെയും ജനങ്ങളുടെയും സജീവ പങ്കാളിത്തത്തോടെ സമ്പൂർണ്ണ മാലിന്യമുക്ത കേരളം എന്ന ലക്ഷ്യത്തിലേക്കുള്ള സുപ്രധാന ചുവടുവെപ്പാണ് ഈ ക്യാമ്പയിൻ.
അവസാനമായി അപ്ഡേറ്റ് ചെയ്തത് : 2026-10-01 11:29:20
ലേഖനം നമ്പർ: 2103