സംസ്ഥാനത്ത് വിവിധ കാരണങ്ങളാൽ സ്കൂൾ പഠനം പാതിവഴിയിൽ ഉപേക്ഷിക്കേണ്ടിവന്ന കുട്ടികളെ കണ്ടെത്തി തിരികെ ക്ലാസ് മുറികളിലെത്തിക്കുന്നതിനായി പൊതുവിദ്യാഭ്യാസ വകുപ്പ് ആവിഷ്‌കരിച്ച ‘കൂടെ’ (സീറോ ഡ്രോപ്പ് ഔട്ട് മിഷൻ) പദ്ധതിക്ക് തുടക്കമായി. മലയോര, തീരദേശ, പിന്നാക്ക മേഖലകളിൽ സ്കൂൾ പഠനം മുടങ്ങിയ കുട്ടികളെ കണ്ടെത്തി തുടർപഠനത്തിന് അവസരമൊരുക്കാനാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. 100 ദിന കർമപരിപാടിയുടെ ഭാഗമായാണ് പദ്ധതി നടപ്പാക്കുന്നത്.
ജനപ്രതിനിധികൾ, വിദ്യാഭ്യാസ ഓഫീസർമാർ, സ്കൂൾ അധികൃതർ, പി.ടി.എ. പ്രതിനിധികൾ, സമഗ്ര ശിക്ഷാ കേരള പ്രതിനിധികൾ, എസ്.ടി. പ്രൊമോട്ടർമാർ തുടങ്ങിയവരുടെ നേതൃത്വത്തിൽ കുട്ടികളുടെ വീടുകൾ സന്ദർശിച്ചാണ് പ്രവർത്തനങ്ങൾ നടത്തുന്നത്. പഠനം മുടങ്ങിയതിന്റെ കാരണങ്ങൾ മനസിലാക്കി ആവശ്യമായ പിന്തുണ ഉറപ്പാക്കി കുട്ടികളെ വീണ്ടും സ്കൂളിലെത്തിക്കും.
അഗളിയിലെ ഭൂതിവഴി ഊരിൽ നടന്ന 100 ദിന കർമപരിപാടിയുടെ ഭാഗമായി ആറ്, ഏഴ് ക്ലാസുകളിൽ പഠനം നിർത്തിയ അഞ്ച് കുട്ടികളെ കണ്ടെത്തി ‘കൂടെ’ പദ്ധതിയുടെ ഭാഗമായി സ്കൂളിൽ പുനഃപ്രവേശിപ്പിക്കുന്നതിനുള്ള നടപടികൾ ആരംഭിച്ചു. കുട്ടികളുമായി നേരിട്ട് സംവദിച്ച് അവരുടെ പഠനതുടർച്ചയും കുടുംബങ്ങൾക്ക് ആവശ്യമായ പിന്തുണയും അധികൃതർ ഉറപ്പാക്കും.
തുടർപഠനത്തിലൂടെ ഭാവിക്ക് സുരക്ഷ
പഠനം മുടങ്ങുന്നതിനുള്ള വിവിധ സാമൂഹിക, സാമ്പത്തിക, കുടുംബപരമായ കാരണങ്ങൾ തിരിച്ചറിഞ്ഞ് ആവശ്യമായ പിന്തുണ നൽകുന്നതിലൂടെ കുട്ടികളുടെ വിദ്യാഭ്യാസം തുടരുകയാണ് പദ്ധതിയുടെ പ്രധാന സമീപനം. കാഴ്ചപരിമിതിയുള്ള വിദ്യാർഥികൾ ഉൾപ്പെടെ പ്രത്യേക പരിഗണന ആവശ്യമുള്ള കുട്ടികൾക്ക് ആവശ്യമായ പരിശോധനകളും പിന്തുണ സംവിധാനങ്ങളും ഉറപ്പാക്കും. വിദ്യാഭ്യാസം തുടരുന്നതിന് ഓരോ കുട്ടിക്കും അനുയോജ്യമായ പിന്തുണ ലഭ്യമാക്കുന്നതിനും പദ്ധതിയിലൂടെ നടപടി സ്വീകരിക്കും.
കൂട്ടായ ഇടപെടലിലൂടെ സീറോ ഡ്രോപ്പ് ഔട്ട്
ഒരു കുട്ടിയും പഠനത്തിൽ നിന്ന് പുറത്താകാത്ത സാഹചര്യം ഉറപ്പാക്കുന്നതിന് അധ്യാപകരുടെയും ജനപ്രതിനിധികളുടെയും രക്ഷിതാക്കളുടെയും പൊതുസമൂഹത്തിന്റെയും കൂട്ടായ ഇടപെടൽ അനിവാര്യമാണ്. സ്കൂൾ പ്രായത്തിലുള്ള കുട്ടികളുടെ ഹാജർനില നിരീക്ഷിക്കുകയും തുടർച്ചയായി ഹാജരാകാത്ത കുട്ടികളെ നേരത്തെ കണ്ടെത്തുകയും ആവശ്യമായ ഇടപെടലുകൾ നടത്തുകയും ചെയ്യുന്നതിലൂടെ പഠനം മുടങ്ങുന്നത് തടയാനാണ് ‘കൂടെ’ പദ്ധതി നടപ്പാക്കുന്നത്.
വിദ്യാഭ്യാസം ഓരോ കുട്ടിയുടെയും അവകാശമാണെന്ന സമീപനത്തിൽ, പഠനം മുടങ്ങിയ കുട്ടികളെ വീണ്ടും വിദ്യാഭ്യാസത്തിന്റെ മുഖ്യധാരയിലേക്ക് കൊണ്ടുവരുന്നതിനുള്ള സമഗ്ര ഇടപെടലായി ‘കൂടെ’ പദ്ധതി മാറുകയാണ്. കുട്ടികളുടെ തുടർപഠനം ഉറപ്പാക്കുന്നതിലൂടെ അവരുടെ ഭാവി കൂടുതൽ സുരക്ഷിതമാക്കാനും സാമൂഹികമായ പിന്നാക്കാവസ്ഥ മറികടക്കാനും പദ്ധതിയിലൂടെ സാധിക്കും.
അവസാനമായി അപ്ഡേറ്റ് ചെയ്തത് : 2026-09-14 09:50:03
ലേഖനം നമ്പർ: 2083