ലഹരിവിരുദ്ധ പ്രവർത്തനങ്ങളിൽ പൊതുജനപങ്കാളിത്തം കൂടുതൽ ശക്തമാക്കുന്നതിനായി എക്‌സൈസ് വകുപ്പ് തദ്ദേശീയമായി വികസിപ്പിച്ച വെബ് അധിഷ്ഠിത മൊബൈൽ ആപ്പ് ‘പീപ്പിൾസ് ഐ’ (People’s Eye)  പ്രവർത്തനസജ്ജമായി. ലഹരിവസ്തുക്കളുടെയും അനധികൃത മദ്യത്തിന്റെയും നിർമ്മാണം, സംഭരണം, വിൽപ്പന, ഉപയോഗം എന്നിവ സംബന്ധിച്ച വിവരങ്ങൾ പൊതുജനങ്ങൾക്ക് സുരക്ഷിതമായും രഹസ്യമായും എക്‌സൈസ് വകുപ്പിനെ അറിയിക്കുന്നതിനുള്ള സൗകര്യമാണ് ആപ്പിൽ ഒരുക്കിയിരിക്കുന്നത്.

ലഹരിവിരുദ്ധ പോരാട്ടത്തിൽ പൊതുജനങ്ങളെയും സജീവ പങ്കാളികളാക്കുന്നതിനും എക്‌സൈസ് ഉദ്യോഗസ്ഥരും ജനങ്ങളും തമ്മിലുള്ള ഏകോപനം കൂടുതൽ കാര്യക്ഷമമാക്കുന്നതിനും ‘പീപ്പിൾസ് ഐ’ സഹായിക്കും. വ്യക്തിഗത വിവരങ്ങൾ വെളിപ്പെടുത്താതെ തന്നെ അനധികൃത ലഹരിവസ്തുക്കളുമായി ബന്ധപ്പെട്ട വിവരങ്ങൾ പൊതുജനങ്ങൾക്ക് ആപ്പിലൂടെ കൈമാറാനാകും. ലഭിക്കുന്ന വിവരങ്ങൾ ബന്ധപ്പെട്ട പ്രദേശത്തിന്റെ ചുമതലയുള്ള എക്‌സൈസ് ഓഫീസിലേക്ക് തത്സമയം കൈമാറുന്നതിനാൽ പരാതികളിൽ വേഗത്തിൽ തുടർനടപടി സ്വീകരിക്കാനും സാധിക്കും.

തത്സമയ നിരീക്ഷണവും നടപടിയും

പൊതുജനങ്ങളിൽ നിന്ന് ലഭിക്കുന്ന വിവരങ്ങൾ തത്സമയം സ്വീകരിക്കുകയും ബന്ധപ്പെട്ട എക്‌സൈസ് ഓഫീസിലേക്ക് സ്വമേധയാ കൈമാറുകയും ചെയ്യുന്ന സംവിധാനമാണ് ആപ്പിലുള്ളത്. ഫീൽഡ് ഓഫീസുകൾ പരാതികളിൽ സ്വീകരിക്കുന്ന നടപടികൾ ഉന്നത ഉദ്യോഗസ്ഥർക്ക് തത്സമയം നിരീക്ഷിക്കാനും ഇതിലൂടെ കഴിയും. ലഹരിവസ്തുക്കളുടെ വിൽപ്പനയും ഉപയോഗവും സംബന്ധിച്ച വിവരങ്ങളിൽ സമയബന്ധിതമായ ഇടപെടൽ ഉറപ്പാക്കുന്നതിനും നടപടി വേഗത്തിലാക്കുന്നതിനും സംവിധാനം സഹായകമാകും.

ഓട്ടോമേറ്റഡ് റൂട്ടിംഗും ഉന്നതതല മേൽനോട്ടവും

പരാതികളിൽ കൃത്യമായ നടപടിയും തുടർനടപടികളുടെ സുതാര്യതയും ഉറപ്പാക്കുന്നതിനായി എക്‌സൈസ് ഹെഡ് ക്വാർട്ടേഴ്സിൽ 24 മണിക്കൂറും പ്രവർത്തിക്കുന്ന സ്റ്റേറ്റ് കൺട്രോൾ റൂം സജ്ജീകരിച്ചിട്ടുണ്ട്. ആപ്പിലൂടെ ലഭിക്കുന്ന പരാതികളുടെ പുരോഗതിയും ഫീൽഡ് തലത്തിൽ സ്വീകരിക്കുന്ന നടപടികളും കൺട്രോൾ റൂമിലൂടെ നിരീക്ഷിക്കും. എക്‌സൈസ് കമ്മീഷണർ ഉൾപ്പെടെയുള്ള ഉന്നത ഉദ്യോഗസ്ഥർക്ക് പരാതികളിലെ നടപടികൾ തത്സമയം വിലയിരുത്തുന്നതിനുള്ള സംവിധാനവും ഒരുക്കിയിട്ടുണ്ട്.

ജനങ്ങളിൽ നിന്ന് ലഭിക്കുന്ന വിവരങ്ങൾ സാങ്കേതികവിദ്യയുടെ സഹായത്തോടെ വേഗത്തിൽ ബന്ധപ്പെട്ട സംവിധാനത്തിലെത്തിച്ച് ഫലപ്രദമായ ഇടപെടൽ ഉറപ്പാക്കുന്നതിലൂടെ സംസ്ഥാനത്തെ ലഹരിവിരുദ്ധ പ്രവർത്തനങ്ങൾക്ക് കൂടുതൽ ജനകീയവും ഏകോപിതവുമായ സമീപനം സാധ്യമാക്കുകയാണ് ‘പീപ്പിൾസ് ഐ’ ആപ്പിലൂടെ.


ആപ്പ് ലിങ്ക്: https://play.google.com/store/apps/details?id=in.gov.keralaexcise.peopleseyecitizen

അവസാനമായി അപ്ഡേറ്റ് ചെയ്തത് : 2026-09-17 06:21:03

ലേഖനം നമ്പർ: 2089

സർക്കാർ വെബ്സൈറ്റുകൾ

India Logo
India Logo
State Logo
State Logo
State Logo
State Logo