പുതുതലമുറയെ കാർഷിക സംസ്‌കാരവുമായി ചേർത്തുനിർത്തുന്നതിനും വളർത്തുമൃഗങ്ങളോടും പക്ഷികളോടുമുള്ള സ്‌നേഹവും കരുതലും വളർത്തുന്നതിനുമായി മൃഗസംരക്ഷണ വകുപ്പ് ‘പൊൻചിറകുകൾ’ പദ്ധതി നടപ്പാക്കുന്നു. കേരള സർക്കാരിന്റെ നൂറുദിന കർമപരിപാടിയുടെ ഭാഗമായി സ്‌കൂളുകളിലെ പൗൾട്രി ക്ലബ്ബുകൾ മുഖേന നടപ്പാക്കുന്ന പദ്ധതിയിൽ വിദ്യാർഥികൾക്ക് സൗജന്യമായി താറാവുകുഞ്ഞുങ്ങളെ വിതരണം ചെയ്യും. നാടൻ ജനുസ്സുകളെ പരിചയപ്പെടുത്തുന്നതിനൊപ്പം വിദ്യാർഥികളിൽ കൃഷിയോടും മൃഗപരിപാലനത്തോടുമുള്ള താൽപര്യം വളർത്തിയെടുക്കാനും പദ്ധതി ലക്ഷ്യമിടുന്നു.
തിരഞ്ഞെടുക്കപ്പെട്ട സ്‌കൂളുകളിലെ വിദ്യാർഥികൾക്ക് ചാര, ചെമ്പല്ലി തുടങ്ങിയ നാടൻ ഇനങ്ങളിൽപ്പെട്ട അഞ്ച് താറാവുകുഞ്ഞുങ്ങൾ, ഒരു മാസത്തേക്കുള്ള പോഷകാഹാരം, ആവശ്യമായ മരുന്നുകൾ എന്നിവ സൗജന്യമായി നൽകും. നാടൻ താറാവ് ഇനങ്ങളുടെ സംരക്ഷണത്തിനും ശാസ്ത്രീയമായ വളർത്തൽ രീതികൾ പരിചയപ്പെടുത്തുന്നതിനും കുട്ടികളിൽ മൃഗങ്ങളോടുള്ള സ്‌നേഹവും കരുതലും ഉത്തരവാദിത്തബോധവും വളർത്തുന്നതിനും പദ്ധതി സഹായിക്കും. കുട്ടികളുടെ പോഷക സുരക്ഷയ്‌ക്കൊപ്പം അവരുടെ കുടുംബങ്ങൾക്ക് അധിക വരുമാനവും സാമ്പത്തിക സുരക്ഷയും ഉറപ്പാക്കാനും പദ്ധതിയിലൂടെ സാധിക്കും.
ഇന്ത്യൻ കാർഷിക ഗവേഷണ കൗൺസിലിന്റെ (ICAR) നാഷണൽ ബ്യൂറോ ഓഫ് ആനിമൽ ജനറ്റിക് റിസോഴ്സസിന്റെ (NBAGR) അംഗീകാരം ലഭിച്ച കുട്ടനാടൻ താറാവുകളുടെ ഇനങ്ങളാണ് ചാരയും ചെമ്പല്ലിയും. മികച്ച രോഗപ്രതിരോധശേഷിയോടൊപ്പം ഗുണമേന്മയുള്ള ഇറച്ചിയും മുട്ടയും ലഭിക്കുന്ന ഇവയ്ക്ക് വർഷത്തിൽ 100-ലധികം മുട്ടകൾ ഇടാനുള്ള ശേഷിയുണ്ട്.
പദ്ധതിയുടെ ഭാഗമായി വിദ്യാർഥികൾക്ക് താറാവുകളുടെ പരിപാലനം, തീറ്റക്രമം, ആരോഗ്യസംരക്ഷണം, ശുചിത്വം എന്നിവ സംബന്ധിച്ച അടിസ്ഥാന അറിവുകളും ലഭ്യമാക്കും. സ്‌കൂളുകളിലെ പൗൾട്രി ക്ലബ്ബുകളുടെ നേതൃത്വത്തിൽ താറാവുകുഞ്ഞുങ്ങളുടെ വളർച്ചയും പരിപാലനവും നിരീക്ഷിക്കുന്നതിലൂടെ പഠനത്തോടൊപ്പം പ്രായോഗിക അനുഭവവും കുട്ടികൾക്ക് ലഭിക്കും. കാർഷിക-മൃഗസംരക്ഷണ മേഖലകളെക്കുറിച്ചുള്ള അവബോധം വർധിപ്പിച്ച് ഭാവിതലമുറയെ ഉത്തരവാദിത്തമുള്ള കർഷക സമൂഹത്തിന്റെ ഭാഗമാക്കുന്നതിനും ‘പൊൻചിറകുകൾ’ പദ്ധതി വഴിയൊരുക്കും.
അവസാനമായി അപ്ഡേറ്റ് ചെയ്തത് : 2026-09-17 09:13:56
ലേഖനം നമ്പർ: 2090