പൊതുവിദ്യാഭ്യാസ മേഖലയിലെ പ്രൈമറി തലത്തിൽ ഡിജിറ്റൽ പഠനം കൂടുതൽ കാര്യക്ഷമമാക്കുന്നതിനായി കേരള ഇൻഫ്രാസ്ട്രക്ചർ ആൻഡ് ടെക്നോളജി ഫോർ എഡ്യൂക്കേഷൻ (കൈറ്റ്) നടപ്പാക്കുന്ന ‘ഡിജിറ്റൽ സ്ക്വയർ’ പദ്ധതിയുടെ ആദ്യഘട്ടത്തിൽ 5,183 സ്കൂളുകളെ ഉൾപ്പെടുത്തി. സ്കൂളിൽ പൊതുവായ ഒരു ഡിജിറ്റൽ പഠന ഇടം സജ്ജീകരിക്കുകയും കുറഞ്ഞത് രണ്ട് കമ്പ്യൂട്ടറുകൾ പ്രവർത്തനസജ്ജമാക്കുകയും ചെയ്തിട്ടുള്ള വിദ്യാലയങ്ങളെയാണ് പദ്ധതിയിലേക്ക് പരിഗണിച്ചത്. ഡിജിറ്റൽ പഠനസൗകര്യങ്ങൾ എല്ലാ കുട്ടികളിലേക്കും ഒരുപോലെ എത്തിക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം.
പദ്ധതിയിൽ ഉൾപ്പെട്ട സ്കൂളുകളുടെ പട്ടിക കൈറ്റ് വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. സെപ്റ്റംബർ ആദ്യവാരം തന്നെ പദ്ധതിയുടെ ഭാഗമായി കണ്ടെത്തിയ കമ്പ്യൂട്ടറുകളിൽ ആവശ്യമായ സോഫ്റ്റ്വെയർ പാക്കേജ് കൈറ്റ് ലഭ്യമാക്കും. തുടർന്ന് ഡിജിറ്റൽ സ്ക്വയറിന്റെ ചുമതലയുള്ള അധ്യാപകർക്ക് പദ്ധതിയുടെ പ്രവർത്തനങ്ങളും സാധ്യതകളും പരിചയപ്പെടുത്തുന്നതിനായി പ്രത്യേക പരിശീലനവും നൽകും.
കൈറ്റ് വികസിപ്പിച്ച സ്വതന്ത്ര സോഫ്റ്റ്വെയർ അധിഷ്ഠിത പ്ലാറ്റ്ഫോമിലൂടെ എല്ലാ കുട്ടികൾക്കും ഒരുപോലെ ഡിജിറ്റൽ പഠന പ്രവർത്തനങ്ങളിൽ ഏർപ്പെടാനുള്ള അവസരമാണ് പദ്ധതിയിലൂടെ ഒരുക്കുന്നത്. എൽ.പി, യു.പി തലങ്ങളിലെ ഡിജിറ്റൽ അധിഷ്ഠിത പഠനം കൂടുതൽ ഫലപ്രദവും ആസ്വാദ്യകരവുമാക്കുന്നതിനൊപ്പം കളിയിലൂടെയുള്ള പഠനം, സർഗാത്മകത, സ്വയംപഠനശേഷി, ഡിജിറ്റൽ സാക്ഷരത എന്നിവ വികസിപ്പിക്കുന്നതിനും പദ്ധതി സഹായകമാകും. പ്രൈമറി തലത്തിലെ കളിപ്പെട്ടി, ഇ@വിദ്യ തുടങ്ങിയ ഐ.സി.ടി. പാഠപുസ്തകങ്ങളുടെ സാധ്യതകൾ പ്രയോജനപ്പെടുത്തി മറ്റ് വിഷയങ്ങളുടെ പഠനവും കൂടുതൽ കാര്യക്ഷമമാക്കും.കാഴ്ചപരിമിതിയുള്ള കുട്ടികൾക്കും പ്രത്യേക പരിഗണന അർഹിക്കുന്ന വിദ്യാർഥികൾക്കും പ്രയോജനപ്പെടുത്താവുന്ന തരത്തിലാണ് ഡിജിറ്റൽ പ്ലാറ്റ്ഫോം രൂപകൽപ്പന ചെയ്തിരിക്കുന്നത്.
പദ്ധതിയുടെ ആദ്യഘട്ടത്തിൽ സന്നദ്ധത അറിയിച്ച സ്കൂളുകളെയാണ് ഉൾപ്പെടുത്തിയത്. ജില്ലാടിസ്ഥാനത്തിൽ മലപ്പുറത്ത് 814 സ്കൂളുകളും എറണാകുളത്ത് 475, പാലക്കാട് 466, കണ്ണൂർ 463 സ്കൂളുകളും പദ്ധതിയുടെ ഭാഗമായിട്ടുണ്ട്. സംസ്ഥാന സർക്കാരിന്റെ നൂറുദിന കർമപദ്ധതിയുടെ ഭാഗമായി 5,000 പ്രൈമറി സ്കൂളുകളെ ഉൾപ്പെടുത്താനായിരുന്നു ലക്ഷ്യമിട്ടിരുന്നത്. നിലവിൽ ലക്ഷ്യത്തേക്കാൾ കൂടുതൽ സ്കൂളുകൾ പദ്ധതിയിൽ ഉൾപ്പെട്ടിട്ടുണ്ട്. ഈ വർഷം തന്നെ സംസ്ഥാനത്തെ മുഴുവൻ പ്രൈമറി സ്കൂളുകളെയും ‘ഡിജിറ്റൽ സ്ക്വയർ’ പദ്ധതിയുടെ പരിധിയിൽ കൊണ്ടുവരുന്നതിനാണ് അടുത്തഘട്ടത്തിൽ ലക്ഷ്യമിടുന്നത്.
‘ഡിജിറ്റൽ സ്ക്വയർ’ പദ്ധതിയിലൂടെ പ്രൈമറി വിദ്യാഭ്യാസത്തിൽ സാങ്കേതികവിദ്യയുടെ സാധ്യതകൾ കൂടുതൽ ഫലപ്രദമായി പ്രയോജനപ്പെടുത്തുന്നതിനുള്ള സാഹചര്യം ഒരുങ്ങുകയാണ്. എല്ലാ കുട്ടികൾക്കും തുല്യമായ ഡിജിറ്റൽ പഠനാവസരം ഉറപ്പാക്കുന്നതിലൂടെ ഗുണമേന്മയുള്ളതും ഉൾക്കൊള്ളുന്നതുമായ വിദ്യാഭ്യാസത്തിന് പദ്ധതി കൂടുതൽ കരുത്തേകും.
അവസാനമായി അപ്ഡേറ്റ് ചെയ്തത് : 2026-09-01 11:16:12
ലേഖനം നമ്പർ: 2071