ഓൺലൈൻ ഭക്ഷ്യവിതരണം, ഇ-കൊമേഴ്സ്, റൈഡ്-ഹെയിലിംഗ് തുടങ്ങി വിവിധ മേഖലകളിൽ ജോലി ചെയ്യുന്ന ഗിഗ് തൊഴിലാളികൾക്ക് തൊഴിലിനിടയിൽ സുരക്ഷിതമായ വിശ്രമവും അടിസ്ഥാന സൗകര്യങ്ങളും ഉറപ്പാക്കാൻ സംസ്ഥാന സർക്കാരിന്റെ ‘GIGON’ വെൽനസ്സ് ഹബ്ബുകൾ ഒരുങ്ങുന്നു. സംസ്ഥാന സർക്കാരിന്റെ 100 ദിന കർമ്മപരിപാടിയുടെ ഭാഗമായി തൊഴിൽ വകുപ്പാണ് പദ്ധതി നടപ്പാക്കുന്നത്.
ഗിഗ് മേഖലയിലെ തൊഴിലാളികളുടെ എണ്ണം വർധിച്ചുവരുന്ന സാഹചര്യത്തിൽ, ജോലി ചെയ്യുന്ന ഇടവേളകളിൽ വിശ്രമിക്കാനും കുടിവെള്ളം, ശുചിമുറി, ഭക്ഷണം കഴിക്കൽ തുടങ്ങിയ അടിസ്ഥാന ആവശ്യങ്ങൾ നിറവേറ്റാനും സൗകര്യമൊരുക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. വിദ്യാർഥികൾ, യുവാക്കൾ, വനിതകൾ തുടങ്ങി വിവിധ വിഭാഗങ്ങളിൽപ്പെടുന്നവർ ഉൾപ്പെടുന്ന ഗിഗ് തൊഴിലാളികൾക്ക് പലപ്പോഴും ജോലിക്കിടയിൽ മതിയായ വിശ്രമ-ശുചിമുറി സൗകര്യങ്ങൾ ലഭ്യമാകാത്ത സാഹചര്യത്തിലാണ് ‘GIGON’ കേന്ദ്രങ്ങൾ ഒരുക്കുന്നത്.
തൊഴിലിനിടയിൽ വിശ്രമിക്കാനുള്ള സുരക്ഷിത ഇടം ഒരുക്കുന്നതിലൂടെ ഗിഗ് തൊഴിലാളികളുടെ ദൈനംദിന തൊഴിൽ സാഹചര്യങ്ങളിൽ അടിസ്ഥാനപരമായ പിന്തുണ നൽകുകയാണ് ‘GIGON’ കേന്ദ്രങ്ങൾ. ആദ്യഘട്ടത്തിൽ തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് നഗരങ്ങളിലാണ് GIGON വെൽനെസ്സ് ഹബ്ബുകൾ സജ്ജീകരിച്ചിരിക്കുന്നത്. രാവിലെ 8 മുതൽ രാത്രി 10 വരെയാണ് ‘GIGON’ കേന്ദ്രങ്ങളുടെ പ്രവർത്തനം. രാവിലെ 8 മുതൽ വൈകിട്ട് 3 വരെയും വൈകിട്ട് 3 മുതൽ രാത്രി 10 വരെയും രണ്ട് ഷിഫ്റ്റുകളിലായാണ് കേന്ദ്രങ്ങൾ പ്രവർത്തിക്കുക. ഓരോ ഷിഫ്റ്റിലും രണ്ട് ജീവനക്കാരെ വീതം തൊഴിൽ വകുപ്പ് നിയോഗിച്ചിട്ടുണ്ട്.
കസേരകൾ, കുടിവെള്ളം, ശുചിമുറി, ഭക്ഷണം കഴിക്കാനുള്ള സൗകര്യം, വൈഫൈ, മൊബൈൽ ചാർജിങ് സംവിധാനം, ടെലിവിഷൻ തുടങ്ങിയ അടിസ്ഥാന സൗകര്യങ്ങൾ കേന്ദ്രങ്ങളിൽ ഒരുക്കിയിട്ടുണ്ട്. ഗിഗ് തൊഴിലാളികൾക്ക് ഇവയുടെ സേവനം സൗജന്യമായി ലഭ്യമാക്കും. കേന്ദ്രങ്ങളുടെ നടത്തിപ്പ് തൊഴിൽ വകുപ്പിന്റെ നേരിട്ടുള്ള മേൽനോട്ടത്തിലായിരിക്കും. ആവശ്യമായ ജീവനക്കാരെ വകുപ്പ് നിയോഗിച്ചിട്ടുണ്ട്. ആദ്യഘട്ടത്തിൽ നഗരങ്ങളിൽ ഒരുക്കിയ കേന്ദ്രങ്ങളുടെ പ്രവർത്തനാനുഭവം വിലയിരുത്തിയ ശേഷം പദ്ധതി മറ്റ് ജില്ലകളിലേക്ക് വ്യാപിപ്പിക്കാനാകും.
ഗിഗ് തൊഴിലാളികളുടെ അവകാശങ്ങളും സുരക്ഷയും ക്ഷേമവും ഉറപ്പാക്കുന്നതിനുള്ള സമഗ്രമായ ഇടപെടലുകളുടെ ഭാഗമായി, ഇവരുടെ ക്ഷേമവും തൊഴിൽ അവകാശങ്ങളും സംരക്ഷിക്കുന്നതിനുള്ള ബിൽ കൊണ്ടുവരുന്നതും സർക്കാരിന്റെ പരിഗണനയിലാണ്. ഈ തുടർനടപടികൾക്കൊപ്പം, ജോലിയുടെ ഭാഗമായി നഗരങ്ങളിലൂടെ നിരന്തരം സഞ്ചരിക്കുന്ന ഗിഗ് തൊഴിലാളികൾക്ക് വിശ്രമിക്കാനും അടിസ്ഥാന സൗകര്യങ്ങൾ ഉപയോഗപ്പെടുത്താനും സുരക്ഷിതമായ ഒരിടം ഒരുക്കുന്നതിലൂടെ ‘GIGON’ വിശ്രമകേന്ദ്രങ്ങൾ തൊഴിലാളി ക്ഷേമത്തിന്റെ പുതിയ മാതൃകയ്ക്ക് തുടക്കമിടുകയാണ്.
അവസാനമായി അപ്ഡേറ്റ് ചെയ്തത് : 2026-09-22 09:56:01
ലേഖനം നമ്പർ: 2070