ഭിന്നശേഷിക്കാരുടെ സമഗ്ര പുനരധിവാസവും ശാക്തീകരണവും ലക്ഷ്യമിട്ട് ഇന്ത്യയിൽ ആദ്യമായി ഒരുങ്ങുന്ന മാതൃകാ ഭിന്നശേഷി പുനരധിവാസ ഗ്രാമം മലപ്പുറത്ത് യാഥാർഥ്യമാകുന്നു. ​സാമൂഹ്യനീതി വകുപ്പിന് കീഴിൽ സജ്ജമാക്കുന്ന  സമഗ്ര ഭിന്നശേഷി പുനരധിവാസ ഗ്രാമത്തിന്റെ (ഇന്റഗ്രേറ്റഡ് ഡിസബിലിറ്റി വില്ലേജ്) ഒന്നാംഘട്ട നിർമ്മാണ പ്രവൃത്തികൾക്ക് തുടക്കമായി.  

​ഭിന്നശേഷിക്കാരുടെ സമഗ്ര പുനരധിവാസവും സാമൂഹിക ഉൾച്ചേരലും ലക്ഷ്യമിട്ടാണ് പദ്ധതി വിഭാവനം ചെയ്തിട്ടുള്ളത്. ഒന്നര വർഷത്തിനകം ആദ്യഘട്ടം പൂർത്തിയാക്കും. പുത്തനത്താണി ചുങ്കത്ത് ജില്ലാ പഞ്ചായത്ത് വിട്ടുനൽകിയ അഞ്ച് ഏക്കർ സ്ഥലത്താണ് പദ്ധതി യാഥാർത്ഥ്യമാകുന്നത്. ഒന്നാംഘട്ടത്തിൽ അത്യാധുനിക അഡ്മിനിസ്ട്രേറ്റീവ് ബ്ലോക്ക്, ഓഫീസ്, കോൺഫറൻസ് ഹാൾ, തൊഴിൽ നൈപുണ്യ പരിശീലന കേന്ദ്രം (വൊക്കേഷണൽ ട്രെയിനിംഗ് സെന്റർ), ഡേ കെയർ സെന്റർ, ഹോർട്ടികൾച്ചർ പാർക്ക്, റോഡുകൾ, മാലിന്യ സംസ്കരണ പ്ലാന്റ് തുടങ്ങിയ അടിസ്ഥാന സൗകര്യങ്ങളാണ് ഒരുക്കുന്നത്. ബാക്കി ഘട്ടങ്ങൾ പൂർത്തിയാക്കുന്നതിനായി നബാർഡ് ഉൾപ്പെടെയുള്ള ധനസഹായ സാധ്യതകളും സർക്കാർ പ്രയോജനപ്പെടുത്തും. ഇതിലൂടെ ഭിന്നശേഷിക്കാരുടെ അവകാശ സംരക്ഷണം, ക്ഷേമം, സാമൂഹിക സുരക്ഷ, അവസര സമത്വം, സ്വയംപര്യാപ്തത, അന്തസ്സോടെയുള്ള ജീവിതം എന്നിവ ഉറപ്പാക്കാൻ പദ്ധതിയ്ക്ക് കഴിയും.

പല ജനക്ഷേമ പദ്ധതികളിലും രാജ്യത്തിന് തന്നെ മാതൃകയായ കേരളം, ഭിന്നശേഷി പുനരധിവാസ രംഗത്തും ചരിത്രം കുറിക്കുകയാണ്. തങ്ങളുടെ കാലശേഷം ഈ കുട്ടികളുടെ ഭാവി എന്താകുമെന്നത് ഓരോ ഭിന്നശേഷി രക്ഷിതാവിന്റെയും വലിയ ആശങ്കയാണ്. ആ ഭയത്തിന് ശാശ്വതമായ പരിഹാരമുണ്ടാക്കുകയാണ് ഈ പദ്ധതി. ആദ്യഘട്ടത്തിൽ തന്നെ വെല്ലുവിളികൾ കണ്ടെത്തുന്ന 'ഏർലി ഇന്റർവെൻഷൻ' മുതൽ സർജിക്കൽ കറക്ഷൻ, വിദഗ്ധ തെറാപ്പികൾ, തുടർവിദ്യാഭ്യാസം, തൊഴിൽ പരിശീലനങ്ങൾ എന്നിവയെല്ലാം ഒരൊറ്റ കുടക്കീഴിൽ ലഭ്യമാക്കി ഭിന്നശേഷിക്കാരെ സ്വയം പര്യാപ്ത ജീവിതത്തിലേക്ക് നയിക്കും. ഇതിനൊപ്പം, കുട്ടികൾക്കൊപ്പം ഡേ കെയർ സെന്ററുകളിൽ എത്തുന്ന രക്ഷിതാക്കൾക്ക് കൂടി തൊഴിൽ നൈപുണ്യ പരിശീലനം നൽകാനുള്ള സംവിധാനങ്ങൾ ഇവിടെ ഏർപ്പെടുത്തും.

​രാജ്യത്തെ ആദ്യത്തെ മോഡൽ ഇന്റഗ്രേറ്റഡ് ഡിസബിലിറ്റി വില്ലേജാണ് ചുങ്കത്ത് ഉയരുന്നത്. സംസ്ഥാനത്ത് ഏറ്റവും കൂടുതൽ ഭിന്നശേഷിക്കാരുള്ള ജില്ല എന്ന പരിഗണന നൽകിയാണ് സർക്കാർ മലപ്പുറത്തെ ആദ്യ കേന്ദ്രമായി തെരഞ്ഞെടുത്തത്. ഈ പദ്ധതിക്ക് പിന്നാലെ തിരുവനന്തപുരത്തും സമാന മാതൃകയിൽ ഡിസബിലിറ്റി വില്ലേജ് സ്ഥാപിക്കും. ഇതിന്റെ ഡി.പി.ആർ പൂർത്തിയായിട്ടുണ്ട്. തുടർന്ന് മറ്റ് രണ്ട് ജില്ലകളിലേക്ക് കൂടി പദ്ധതി വ്യാപിപ്പിക്കും.

ചികിത്സയ്ക്കും പുനരധിവാസത്തിനുമൊപ്പം ഭിന്നശേഷിക്കാരുടെ വിദ്യാഭ്യാസം, തൊഴിൽ, നൈപുണ്യ വികസനം, സാമൂഹിക പങ്കാളിത്തം എന്നിവയ്ക്ക് ആവശ്യമായ പിന്തുണ കൂടി ലഭ്യമാക്കുന്നതിലൂടെ ഭിന്നശേഷിക്കാരെ സമൂഹത്തിന്റെ മുഖ്യധാരയിൽ സജീവ പങ്കാളികളാക്കാനും സ്വയംപര്യാപ്തമായ ജീവിതം നയിക്കുന്നതിന് ആവശ്യമായ അവസരങ്ങൾ ഒരുക്കാനും സാധിക്കും. സാമൂഹിക ഉൾച്ചേരലും തുല്യാവസരവും അന്തസ്സോടെയുള്ള ജീവിതവും ഉറപ്പാക്കുന്ന ഈ പദ്ധതി സാമൂഹ്യ മുന്നേറ്റത്തിന്റെ വലിയ ചുവടുവെയ്പ്പാണ്.

അവസാനമായി അപ്ഡേറ്റ് ചെയ്തത് : 2026-09-08 06:48:45

ലേഖനം നമ്പർ: 2076

സർക്കാർ വെബ്സൈറ്റുകൾ

India Logo
India Logo
State Logo
State Logo
State Logo