ഹയർ സെക്കൻഡറി വിദ്യാർഥികൾക്ക് പഠനപിന്തുണ നൽകി പരീക്ഷാവിജയത്തിലേക്കും വ്യക്തിവികാസത്തിലേക്കും നയിക്കുന്നതിനായി ഹയർ സെക്കൻഡറി നാഷണൽ സർവീസ് സ്കീമിന്റെ (എൻ.എസ്.എസ്.) നേതൃത്വത്തിൽ പൊതുവിദ്യാഭ്യാസ വകുപ്പ് വിജയതീരം പദ്ധതി നടപ്പാക്കുന്നു. വിദ്യാർഥികളുടെ പഠനതുടർച്ച ഉറപ്പാക്കുന്നതിനൊപ്പം പരീക്ഷയെ ആത്മവിശ്വാസത്തോടെ നേരിടാനും ആവശ്യമായ പിന്തുണ ലഭ്യമാക്കാനും പദ്ധതിയിലൂടെ ഇടപെടലുകൾ നടത്തും.
പദ്ധതിയുടെ ആദ്യഘട്ടത്തിൽ പ്ലസ് വൺ ഇംപ്രൂവ്‌മെന്റ് പരീക്ഷയ്ക്ക് വിദ്യാർഥികളെ സജ്ജരാക്കുന്നതിനാണ് പ്രാധാന്യം നൽകുന്നത്. പരീക്ഷയെഴുതാൻ അർഹരായ പരമാവധി വിദ്യാർഥികളെ പരീക്ഷയിൽ പങ്കെടുപ്പിക്കുന്നതിനൊപ്പം സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന വിദ്യാർഥികൾക്ക് പരീക്ഷാഫീസ് അടയ്ക്കുന്നതിനുള്ള സഹായവും ലഭ്യമാക്കും. പരീക്ഷയെഴുതുന്ന വിദ്യാർഥികൾക്ക് ആത്മവിശ്വാസവും പ്രചോദനവും നൽകുന്നതിനായി പ്രചോദനാത്മക ക്ലാസുകളും സംഘടിപ്പിക്കും.
പഠനോപകരണങ്ങൾ, ആവശ്യമായ നോട്ടുകൾ എന്നിവ വിദ്യാർഥികൾക്ക് ലഭ്യമാക്കുന്നതിനൊപ്പം പ്രത്യേക പഠന പരിശീലനങ്ങളും നടത്തും. വിദ്യാർഥികളുടെ പഠനത്തിൽ രക്ഷിതാക്കളുടെ പങ്കാളിത്തം ശക്തിപ്പെടുത്തുന്നതിനായി രക്ഷാകർത്താക്കളുടെ യോഗങ്ങൾ സംഘടിപ്പിച്ച് ആവശ്യമായ ബോധവത്കരണവും നൽകും. പരീക്ഷാ കാലയളവിൽ വിദ്യാർഥികൾക്ക് ലഘുഭക്ഷണവും റിഫ്രഷ്മെന്റും ഒരുക്കുന്നതിനുള്ള നടപടികളും സ്വീകരിക്കും.
വിദ്യാർഥികളുടെ പഠനനിലവാരം മനസ്സിലാക്കി ആവശ്യമായ പിന്തുണ ഉറപ്പാക്കുന്നതിനും പരീക്ഷയെ ആത്മവിശ്വാസത്തോടെ നേരിടുന്നതിനുമുള്ള വിവിധ പ്രവർത്തനങ്ങൾ സ്കൂൾ എൻ.എസ്.എസ്. യൂണിറ്റുകളുടെ നേതൃത്വത്തിൽ ഏകോപിപ്പിച്ചാണ് നടപ്പാക്കുക. പഠനത്തിൽ പിന്നാക്കം നിൽക്കുന്ന വിദ്യാർഥികളെ കണ്ടെത്തി അവർക്ക് ആവശ്യമായ അക്കാദമിക പിന്തുണ നൽകുന്നതിലും പ്രത്യേക ശ്രദ്ധ ചെലുത്തും.
എൻ.എസ്.എസ്. യൂണിറ്റുകൾ പ്രവർത്തിക്കാത്ത വിദ്യാലയങ്ങളിലും പദ്ധതിയുടെ പ്രയോജനം വിദ്യാർഥികളിലേക്ക് എത്തിക്കും. ഇതിനായി ജില്ലാ ക്ലസ്റ്റർ കൺവീനർമാരുടെയും സമീപ വിദ്യാലയങ്ങളിലെ എൻ.എസ്.എസ്. പ്രോഗ്രാം ഓഫീസർമാരുടെയും നേതൃത്വത്തിൽ ആവശ്യമായ സഹായങ്ങളും പിന്തുണയും ലഭ്യമാക്കും.
വിദ്യാർഥികൾ, അധ്യാപകർ, രക്ഷിതാക്കൾ, എൻ.എസ്.എസ്. പ്രവർത്തകർ എന്നിവരുടെ കൂട്ടായ ഇടപെടലിലൂടെ പഠനാന്തരീക്ഷം കൂടുതൽ ശക്തിപ്പെടുത്തുകയാണ് ‘വിജയതീരം’ പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. പരീക്ഷാവിജയത്തോടൊപ്പം വിദ്യാർഥികളിൽ ആത്മവിശ്വാസവും പഠനതാൽപര്യവും ഉത്തരവാദിത്തബോധവും വളർത്തുന്നതിനുള്ള പിന്തുണാ സംവിധാനമായി പദ്ധതിയെ മാറ്റുകയാണ് കൂട്ടായ പ്രവർത്തനങ്ങളിലൂടെ ലക്ഷ്യമിടുന്നത്.
അവസാനമായി അപ്ഡേറ്റ് ചെയ്തത് : 2026-09-18 09:14:00
ലേഖനം നമ്പർ: 2092