സംസ്ഥാനത്തെ ലഹരിക്കടത്തും മയക്കുമരുന്ന് കുറ്റകൃത്യങ്ങളും ശക്തമായി നേരിടാൻ എക്സൈസ് വകുപ്പിന്റെ നേതൃത്വത്തിൽ പ്രത്യേക സേന പ്രവർത്തന സജ്ജമായി. മയക്കുമരുന്ന് കേസുകൾ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്നതിനായി സ്റ്റേറ്റ് നാർക്കോട്ടിക് കൺട്രോൾ ബ്യൂറോ (SNCB) രൂപീകരിച്ചു. പ്രത്യേക അന്വേഷണ-എൻഫോഴ്സ്മെന്റ് സംവിധാനത്തോടൊപ്പം ജില്ലാതല ഓപ്പറേഷൻ–ഇന്റലിജൻസ് യൂണിറ്റുകൾ, സൈബർ ഇന്റലിജൻസ്, ഡാറ്റാ അനലിറ്റിക്സ്, ആർട്ടിഫിഷ്യൽ ഇന്റലിജൻസ് തുടങ്ങിയ ആധുനിക സംവിധാനങ്ങളും സേനയുടെ പ്രവർത്തനത്തിൽ ഉൾപ്പെടും. ഇതോടെ സംസ്ഥാനത്തെ ലഹരിവിരുദ്ധ പ്രവർത്തനങ്ങൾക്ക് കൂടുതൽ ഏകോപിതവും സാങ്കേതികവിദ്യാധിഷ്ഠിതവുമായ പുതിയ മുഖം കൈവരും.
മയക്കുമരുന്ന് കേസുകളുടെ എണ്ണം മാത്രമല്ല, കുറ്റകൃത്യങ്ങളുടെ സ്വഭാവത്തിലുണ്ടാകുന്ന മാറ്റവും കണക്കിലെടുത്താണ് പ്രത്യേക ബ്യൂറോ രൂപീകരിച്ചത്. പരമ്പരാഗത ലഹരിക്കടത്തിനൊപ്പം ഓൺലൈൻ പ്ലാറ്റ്ഫോമുകൾ, സോഷ്യൽ മീഡിയ, ഡിജിറ്റൽ ആശയവിനിമയ സംവിധാനങ്ങൾ എന്നിവ വഴിയുള്ള ഇടപാടുകളും വർധിക്കുന്ന സാഹചര്യത്തിൽ, അന്വേഷണവും രഹസ്യാന്വേഷണവും കൂടുതൽ സാങ്കേതികവിദ്യാധിഷ്ഠിതമാക്കുകയാണ് SNCB-യിലൂടെ ലക്ഷ്യമിടുന്നത്. സ്റ്റേറ്റ് നാർക്കോട്ടിക് കൺട്രോൾ ബ്യൂറോയിൽ നിയമിക്കപ്പെടുന്ന ഉദ്യോഗസ്ഥർക്ക് NDPS (Narcotic Drugs and Psychotropic Substances ) നിയമപ്രകാരമുള്ള അധികാരങ്ങൾ നൽകും.
389 തസ്തികകൾ; ജില്ലതോറും പ്രത്യേക യൂണിറ്റുകൾ
പുതിയ തസ്തികകൾ സൃഷ്ടിക്കാതെ നിലവിലുള്ള എക്സൈസ് സംവിധാനത്തിൽ നിന്നുള്ള ഉദ്യോഗസ്ഥരെ പുനർവിന്യസിച്ചാണ് ബ്യൂറോ പ്രവർത്തനം ആരംഭിക്കുന്നത്. 367 തസ്തികകൾ SNCB-യിലേക്ക് പുനർവിന്യസിക്കുകയും 22 തസ്തികകളിലുള്ള ഉദ്യോഗസ്ഥർക്ക് അധിക ചുമതല നൽകുകയും ചെയ്തതോടെ 389 ഉദ്യോഗസ്ഥരുടെ സംവിധാനമാണ് നിലവിൽ വരുന്നത്. സംസ്ഥാന എൻഫോഴ്സ്മെന്റ് സ്ക്വാഡ് ഉൾപ്പെടെയുള്ള പ്രത്യേക സ്ക്വാഡുകളിലെയും ആന്റി-നാർക്കോട്ടിക് സ്പെഷ്യൽ സ്ക്വാഡുകളിലെയും പരിചയസമ്പന്നരായ ഉദ്യോഗസ്ഥരെയാകും പ്രധാനമായും ബ്യൂറോയിൽ നിയോഗിക്കുക.
സംസ്ഥാന ആസ്ഥാനത്തിന് പുറമെ കേരളത്തിലെ എല്ലാ ജില്ലകളിലും SNCB-യുടെ ഓപ്പറേഷൻസ്, ഇന്റലിജൻസ് യൂണിറ്റുകൾ പ്രവർത്തിക്കും. നിലവിലുള്ള എക്സൈസ് എൻഫോഴ്സ്മെന്റ്, ആന്റി-നാർക്കോട്ടിക് സ്ക്വാഡ്, ഇന്റലിജൻസ് യൂണിറ്റുകൾ എന്നിവയെ ഏകോപിപ്പിച്ചാകും ജില്ലാതല സംവിധാനം ഒരുക്കുക. എക്സൈസ് വകുപ്പിന്റെ മറ്റ് പ്രവർത്തനങ്ങളിൽ നിന്ന് വേറിട്ട്, മയക്കുമരുന്ന് കുറ്റകൃത്യങ്ങളുടെ കണ്ടെത്തൽ, അന്വേഷണം, രഹസ്യാന്വേഷണം, സംഘടിത ലഹരി ശൃംഖലകളുടെ നിരീക്ഷണം, വിതരണം തടയൽ എന്നിവയിൽ കേന്ദ്രീകരിച്ചായിരിക്കും ബ്യൂറോയുടെ പ്രവർത്തനം.
സൈബർ ലോകത്തും ലഹരിവേട്ട; എഐയും ഡിജിറ്റൽ ഫോറൻസിക്സും
മയക്കുമരുന്ന് ഇടപാടുകൾ സൈബർ ലോകത്തേക്ക് വ്യാപിക്കുന്ന സാഹചര്യത്തിൽ, SNCB-യുടെ പ്രധാന ശക്തി സാങ്കേതികവിദ്യയാകും. ബ്യൂറോ ആസ്ഥാനത്ത് ഓപ്പറേഷൻസ്, ഇന്റലിജൻസ്, റിസർച്ച് ആൻഡ് അനാലിസിസ്, സൈബർ ഇന്റലിജൻസ്, സൈബർ ഓപ്പറേഷൻസ് എന്നീ പ്രത്യേക വിഭാഗങ്ങൾ രൂപീകരിക്കും. സോഷ്യൽ മീഡിയ, ഓൺലൈൻ പ്ലാറ്റ്ഫോമുകൾ, ഡിജിറ്റൽ ആശയവിനിമയ സംവിധാനങ്ങൾ എന്നിവ വഴി നടക്കുന്ന ലഹരി ഇടപാടുകളും വിതരണ ശൃംഖലകളും കണ്ടെത്തുന്നതിന് സൈബർ ഇന്റലിജൻസ് വിഭാഗം ശ്രദ്ധ കേന്ദ്രീകരിക്കും. സൈബർ സുരക്ഷ, എത്തിക്കൽ ഹാക്കിംഗ്, ഡിജിറ്റൽ ഫോറൻസിക്സ്, ഡാറ്റാ അനലിറ്റിക്സ്, ആർട്ടിഫിഷ്യൽ ഇന്റലിജൻസ് തുടങ്ങിയ മേഖലകളിൽ വൈദഗ്ധ്യമുള്ളവരെ വിവിധ വിഭാഗങ്ങളിൽ ഉൾപ്പെടുത്തും. ഐ.ടി. വിദഗ്ധരെ ഉൾപ്പെടുത്തി പ്രത്യേക സംഘങ്ങളും രൂപീകരിക്കും.
അന്വേഷണത്തിന്റെ ഭാഗമായി പിടിച്ചെടുക്കുന്ന മൊബൈൽ ഫോണുകൾ, കംപ്യൂട്ടറുകൾ, ഡിജിറ്റൽ രേഖകൾ തുടങ്ങിയവയിൽ നിന്ന് ലഭിക്കുന്ന വിവരങ്ങൾ ശാസ്ത്രീയമായി വിശകലനം ചെയ്യുന്നതിനും ഡിജിറ്റൽ തെളിവുകൾ കണ്ടെത്തുന്നതിനും പുതിയ സംവിധാനം സഹായിക്കും. മയക്കുമരുന്ന് ശൃംഖലയുടെ കണ്ണികൾ കണ്ടെത്തുന്നതിന് ഡാറ്റാ അനലിറ്റിക്സും ആർട്ടിഫിഷ്യൽ ഇന്റലിജൻസും ഉപയോഗപ്പെടുത്താനും പദ്ധതിയുണ്ട്.
സൈബർ രംഗത്തെ വിദഗ്ധരുടെ സേവനം പ്രയോജനപ്പെടുത്തുന്നതിനായി സൈബർ വോളന്റിയർ ടീം രൂപീകരിക്കാനും എക്സൈസ് കമ്മീഷണർക്ക് അധികാരം നൽകിയിട്ടുണ്ട്. അതിവേഗം മാറുന്ന സാങ്കേതികവിദ്യയ്ക്കൊപ്പം അന്വേഷണ സംവിധാനത്തെയും നവീകരിക്കാനാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.
പ്രത്യേക യൂണിഫോം
SNCB ഉദ്യോഗസ്ഥർക്കായി പ്രത്യേക യൂണിഫോം ഏർപ്പെടുത്തുന്നതിന് നടപടികൾ പുരോഗമിക്കുന്നു. അംഗീകാരം ലഭിക്കുന്നതോടെ കേരളത്തിലെ നിലവിലുള്ള എക്സൈസ് സേനാ വിഭാഗങ്ങളിൽ നിന്ന് വ്യത്യസ്തമായ വേഷവിധാനത്തോടെയാകും SNCB ഉദ്യോഗസ്ഥർ രംഗത്തിറങ്ങുക.
സംസ്ഥാനത്തെ ലഹരിക്കടത്ത് ശൃംഖലകളെ ഫലപ്രദമായി നിരീക്ഷിക്കുകയും മയക്കുമരുന്നിന്റെ ഉറവിടം മുതൽ വിതരണശൃംഖല വരെ കണ്ടെത്തി നിയമനടപടികൾ ശക്തമാക്കുകയും ചെയ്യുന്നതിൽ SNCB നിർണായക പങ്ക് വഹിക്കും. ആധുനിക സാങ്കേതികവിദ്യയും ഇന്റലിജൻസ് സംവിധാനങ്ങളും സമന്വയിപ്പിച്ചുള്ള പ്രവർത്തനത്തിലൂടെ ലഹരിക്കെതിരായ എക്സൈസ് വകുപ്പിന്റെ ഇടപെടലുകൾ കൂടുതൽ കാര്യക്ഷമമാക്കുന്നതിനും സംസ്ഥാനത്തെ ലഹരിവിരുദ്ധ എൻഫോഴ്സ്മെന്റ് സംവിധാനത്തെ കൂടുതൽ ശക്തിപ്പെടുത്തുന്നതിനും ബ്യൂറോ വഴിയൊരുക്കും.
അവസാനമായി അപ്ഡേറ്റ് ചെയ്തത് : 2026-09-14 08:50:56
ലേഖനം നമ്പർ: 2081