കേരളത്തിലേക്ക് പുതിയ നിക്ഷേപങ്ങളും ബിസിനസ്സുകളും കൂടുതൽ എളുപ്പത്തിൽ ആകർഷിക്കുന്നതിനായി സംസ്ഥാന സർക്കാർ സരൾ കേരളം' (SARAL KERALAM - Simplified and Accelerated Regulatory Approvals and Licenses) പദ്ധതി നടപ്പാക്കുന്നു. വ്യവസായ സംരംഭങ്ങൾക്ക് ആവശ്യമായ ലൈസൻസുകളും അനുമതികളും കാലതാമസമില്ലാതെ ലഭ്യമാക്കുക എന്നതാണ് ഈ പദ്ധതിയുടെ പ്രധാന ലക്ഷ്യം. ഇതിനായി 'One-State-One-Approval-One-Document' (OSAD) എന്ന ആശയം മുൻനിർത്തി, എല്ലാ അനുമതികളും ഒരൊറ്റ കേന്ദ്രത്തിലൂടെ നൽകാനായി ഒരു ഏകീകൃത അതോറിറ്റിക്ക് (Single Statutory Authority) രൂപം നൽകും. ഇതിന്റെ ഭാഗമായി നിലവിലുള്ള 19 നിയമങ്ങളിൽ കാതലായ ഭേദഗതികൾ വരുത്തും.
ഈ പുതിയ സംവിധാനം അനുസരിച്ച് 25 കോടി മുതൽ 50 കോടി രൂപ വരെയുള്ള നിക്ഷേപങ്ങൾക്ക് ജില്ലാതല ബോഡിയും, 50 കോടി രൂപയ്ക്ക് മുകളിലുള്ള വലിയ നിക്ഷേപങ്ങൾക്ക് സംസ്ഥാനതല ബോഡിയുമാണ് അനുമതി നൽകുന്നത്. കേരള വ്യാവസായിക വികസന കോർപ്പറേഷനാണ് (KSIDC) ഇതിന്റെ ഏകോപന ചുമതല. പദ്ധതി വഴി വകുപ്പുകളുടെ അധികാരം കവർന്നെടുക്കുന്നില്ല; മറിച്ച്, ഒരു പ്രൊപ്പോസൽ വന്നാൽ ഓരോ വകുപ്പും നിശ്ചിത ദിവസങ്ങൾക്കകം പരിശോധന പൂർത്തിയാക്കി മറുപടി നൽകണമെന്ന് നിർബന്ധമാക്കുകയാണ് ചെയ്യുന്നത്. വകുപ്പുകളുടെ പരിശോധനയ്ക്ക് ശേഷം അപ്രൈസൽ ബോഡി വിലയിരുത്തി സമിതിയുടെ മുൻപാകെ വെച്ച് വേഗത്തിൽ അന്തിമ അനുമതി നൽകും. ഏതെങ്കിലും വകുപ്പിന് വിയോജിപ്പുണ്ടെങ്കിൽ അത് പരിഹരിക്കാനുള്ള അപ്പീൽ സംവിധാനവും ഇതിലുണ്ട്.
വർഷങ്ങളോളം (5 മുതൽ 7 വർഷം വരെ) അനുമതി ലഭിക്കാതെ കിടക്കുന്ന ഇൻവെസ്റ്റ്മെന്റ് പ്രൊപ്പോസലുകൾക്ക് ഈ പദ്ധതി വലിയൊരു ആശ്വാസമാകും. എല്ലാ വകുപ്പുകളുമായും വിശദമായ ചർച്ചകൾ നടത്തി, അവരുടെ അഭിപ്രായങ്ങൾ കൂടി ഉൾപ്പെടുത്തിയാണ് ഈ പദ്ധതി പ്രാവർത്തികമാക്കുന്നത്. വ്യവസായ സംരംഭകർക്ക് തടസ്സങ്ങളോ കാലതാമസമോ ഇല്ലാതെ കാര്യങ്ങൾ എളുപ്പത്തിലാക്കുന്നതിലൂടെ കേരളത്തിന്റെ വികസന സാധ്യതകൾക്ക് പുതിയൊരു വാതിലാണ് 'സരൾ കേരളം' തുറന്നിടുന്നത്.
അവസാനമായി അപ്ഡേറ്റ് ചെയ്തത് : 2026-09-16 09:54:55
ലേഖനം നമ്പർ: 2087