എൽ.പി, യു.പി ക്ലാസുകളിലെ വിദ്യാർഥികളിൽ മലയാളം, ഇംഗ്ലീഷ്, ഗണിതം എന്നീ വിഷയങ്ങളിൽ അനുഭവപ്പെടുന്ന പരിമിതികൾ പൂർണ്ണമായും പരിഹരിക്കാനും തുടർപഠനം മികച്ച നിലവാരത്തിലെത്തിക്കാനും ലക്ഷ്യമിട്ട് പൊതുവിദ്യാഭ്യാസ വകുപ്പ് നവജീവനം (റിവൈവ്) എന്ന പേരിൽ ഭാഷാ-ഗണിത പോഷണം പദ്ധതി നടപ്പിലാക്കുന്നു. നൂറുദിന കർമ്മപദ്ധതിയുടെ ഭാഗമായാണ് പദ്ധതി നടപ്പാക്കുന്നത്. മികച്ച രീതിയിലുള്ള ആസൂത്രണത്തിലൂടെയും, പ്രവൃത്തി പഥത്തിലെ ഊർജ്വസ്വലമായ ഇടപെടലുകളിലൂടെയും അതിലുപരി കൃത്യമായ മോണിറ്ററിങ്ങിലൂടെയും ഈ പദ്ധതി വിജയകരമായി പൂർത്തീകരിക്കാൻ പൊതുവിദ്യാഭ്യാസ വകുപ്പ് ലക്ഷ്യമിടുന്നു. സമഗ്രശിക്ഷാ കേരളം പദ്ധതിക്കാണ് ഈ പദ്ധതിയുടെ നടത്തിപ്പുചുമതല.
കുട്ടികൾക്ക് മലയാളം, ഇംഗ്ലീഷ്, ഗണിതം വിഷയങ്ങൾ പ്രൈമറിതലത്തിൽ കുട്ടികൾക്ക് മികച്ച രീതിയിൽ സംവേദനം ചെയ്യാൻ സാധിക്കുന്നില്ലെങ്കിൽ അവരുടെ ഭാവി വിദ്യാഭ്യാസത്തെയും തൊഴിൽ മേഖലയെയും ഗുരുതരമായി ബാധിക്കും.ന്യൂനതകൾ കണ്ടെത്തി, ആവശ്യമായ പ്രവർത്തനപദ്ധതികൾക്ക് രൂപം നൽകി, നിശ്ചിത കാലയളവിൽ അത് പൂർത്തീകരിച്ച് രണ്ടാം പാദവാർഷിക പരീക്ഷയിൽ തന്നെ ഈ പ്രയത്നങ്ങളുടെ ഫലം പ്രകടമാക്കുന്ന തരത്തിലാണ് ‘റിവൈവ്’വിഭാവനം ചെയ്യുന്നത്.
എസ്.സി.ഇ.ആർ.ടി. രൂപകല്പന ചെയ്ത പാഠപുസ്തകങ്ങളെയും അധ്യാപന-പഠന സഹായികളെയും അധികരിച്ചും അവയുടെ ഉള്ളടക്കത്തെ കൂടുതൽ കരുത്തുറ്റതാക്കിയുമായിരിക്കും ഈ പ്രോഗ്രാം നടപ്പാക്കുന്നത്. ഇതിനുവേണ്ടി സംസ്ഥാന-ജില്ലാ തലങ്ങളിൽ ആവശ്യമായ റിസോഴ്സ് ഗ്രൂപ്പുകൾ രൂപപ്പെടുത്തും. ഒരു ജില്ലയിൽ നിന്ന് ചുരുങ്ങിയത് 100 അധ്യാപകരെ (എൽ.പി. 50, യു.പി. 50) സജ്ജരാക്കി, അവരുടെ സേവനം ബിആർസികൾ കേന്ദ്രീകരിച്ച് സ്കൂളുകളിൽ ഉപയോഗപ്പെടുത്തുക എന്നതാണ് ലക്ഷ്യം. ‘റിവൈവ്’ വിഭാവനം ചെയ്യുന്ന ലക്ഷ്യങ്ങളും ഉദ്ദേശ്യങ്ങളും താഴെത്തട്ടിലേക്ക് ഫലപ്രദമായി എത്തിക്കുകയും പൊതുവിദ്യാലയങ്ങളെ ഗുണമേന്മയുള്ള വിദ്യാഭ്യാസത്തിന്റെ പ്രധാന പ്രഭവകേന്ദ്രങ്ങളായി നിലനിർത്തുകയും ചെയ്യുന്നതിനായി സമഗ്ര ശിക്ഷാ കേരളം പ്രതിജ്ഞാബദ്ധമാണ്. കൃത്യമായ മോണിറ്ററിംഗ് വിവിധ തലങ്ങളിൽ ഉറപ്പുവരുത്തും. പൊതുവിദ്യാഭ്യാസ സംവിധാനങ്ങളുടെ സഹകരണത്തോടെ പൂർത്തീകരിക്കുന്ന വിധത്തിലാണ് പദ്ധതി രൂപരേഖ തയ്യാറാക്കിയിരിക്കുന്നത്.
പഠനലക്ഷ്യവും പഠനാശയവും പരിഗണിച്ച് കൊണ്ടുള്ള ഇടപെടലാണ് ഭാഷാ പഠനത്തിൽ ഏറ്റവും പ്രധാനപ്പെട്ടത്. കൂടാതെ മലയാളത്തിളക്കം, വായനച്ചങ്ങാതി, സചിത്രപാഠം, സംയുക്ത ഡയറി, സർഗാത്മക ഡയറി, രീതിശാസ്ത്രം ഉൾച്ചേർക്കൽ, സമീപനരീതിയായി അവലംബിക്കുന്നു. എല്ലാ കുട്ടികളെയും പരിഗണിക്കുകയും ശിശുസൗഹൃദവും ആഹ്ളാദകരവുമായ അന്തരീക്ഷം ഒരുക്കുകയും ചെയ്യുന്നു. ഒപ്പം തന്നെ നൂതന സാങ്കേതിക വിദ്യ പ്രയോജനപ്പെടുത്തി മുഴുവൻ കുട്ടികൾക്കും എഴുത്തും വായനയും ഉറപ്പിക്കുന്നു. കുട്ടിയുടെ പഠനപരമായ പിന്നാക്കാവസ്ഥ തിരിച്ചറിഞ്ഞ് കുട്ടിയെ നന്നായി അറിയുന്നതിനായി ‘ട്രൈഔട്ട്’ ഭാഷയിൽ നടത്തുകയും ഇതിന്റെ അടിസ്ഥാനത്തിൽ തുടർപ്രവർത്തനങ്ങൾ ആസൂത്രണം ചെയ്യുകയും ചെയ്യും.
ക്രിയകൾക്കും നിർവചനങ്ങൾക്കും ഊന്നൽ നൽകുന്ന പരമ്പരാഗത ഗണിതപഠന രീതിയിൽ നിന്ന് മാറി ചിന്താപ്രക്രിയയിലൂന്നിയ ഗണിത പഠനം എന്ന രീതിയിലേക്ക് മാറിയിട്ടുണ്ട്. അതിനനുസരിച്ച് ക്ലാസ്റൂം പ്രക്രിയയിൽ വരുത്തേണ്ട മാറ്റങ്ങൾ കൃത്യമായി അധ്യാപകരെ ബോധ്യപ്പെടുത്തും. ഗണനചിന്ത (Computational thinking) യിലേക്ക് കുട്ടിയെ നയിക്കുന്ന രീതിയിലായിരിക്കും ഗണിതപഠനത്തിന്റെ ക്ലാസ്റൂം പ്രക്രിയ. ഇതിനാവശ്യമായ രീതിയിൽ ക്ലാസ് റൂമിൽ ഉപയോഗിക്കാവുന്ന പഠനോപകരണങ്ങളെക്കുറിച്ചും അവ ഉപയോഗിക്കുന്ന രീതിയെക്കുറിച്ചും അധ്യാപകരെ ബോധ്യപ്പെടുത്തുകയും അവ ലഭ്യമാക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കുകയും ചെയ്യും. ഇതിനായി അധ്യാപകർക്ക് പരിശീലനം നൽകുന്നതിനായി മികച്ച റിസോഴ്സ് ഗ്രൂപ്പിനെ രൂപപ്പെടുത്തുന്നതോടൊപ്പം തന്നെ നിലവിലുള്ള ബിആർസി ട്രെയിനർ/കോർഡിനേറ്റർമാർക്ക് ആവശ്യമായ പരിശീലനം നൽകുകയും ചെയ്യും. പാഠപുസ്തകത്തോടൊപ്പം ചേർന്ന് പോകുന്ന രീതിയിൽ പ്രക്രിയാബന്ധിതമായി പൂർത്തീകരിക്കാവുന്ന വർക്ക്ഷീറ്റുകളും കുട്ടികൾക്ക് നൽകും.
കേരളത്തിലെ പൊതുവിദ്യാഭ്യാസത്തെ മികവുള്ളതാക്കാൻ, ഭാഷാ-ഗണിത ശേഷി ആർജിക്കാനും മികച്ച തുടർ വിദ്യാഭ്യാസത്തിനായി കുട്ടികളെ പ്രാപ്തരാക്കുകയും ചെയ്യുന്ന റിവൈവ് പദ്ധതി മികച്ച പിന്തുണ നൽകും. കൃത്യവും കാര്യക്ഷമവുമായ പ്രവർത്തനങ്ങൾ ഈ പദ്ധതിയെ മികച്ച വിജയത്തിലേക്ക് നയിക്കുകയും പൊതുവിദ്യാഭ്യാസ മേഖലയിൽ ശക്തമായ മുന്നേറ്റം സാധ്യമാക്കുകയും ചെയ്യും.
അവസാനമായി അപ്ഡേറ്റ് ചെയ്തത് : 2026-09-09 09:53:38
ലേഖനം നമ്പർ: 2077