കേരളത്തിന്റെ ആരോഗ്യ മേഖലയുടെ വളർച്ചയുടെ ചരിത്രവും സുപ്രധാന നാഴികക്കല്ലുകളും വ്യക്തമാക്കുന്ന പുരാരേഖകളുടെ സമാഹാരമായ 'Health in History – Selected Documents' (ഹെൽത്ത് ഇൻ ഹിസ്റ്ററി - സെലക്ടഡ് ഡോക്യുമെന്റസ്) പുസ്തകം പുറത്തിറക്കി സംസ്ഥാന പുരാരേഖാ വകുപ്പ്. തിരുവിതാംകൂർ, കൊച്ചി, മലബാർ എന്നീ പ്രദേശങ്ങളിൽ ആധുനിക ചികിത്സാ സമ്പ്രദായങ്ങൾ ആരംഭിച്ചതും വികസിച്ചതും കേരളത്തിന്റെ ആരോഗ്യ പൈതൃകത്തിന് അടിത്തറ പാകിയ വിവിധ ഘട്ടങ്ങളും പുരാരേഖകളിലൂടെ വ്യക്തമാക്കുന്ന ഗ്രന്ഥമാണിത്.
സെൻട്രൽ ആർക്കൈവ്സ് തിരുവനന്തപുരം, പുരാരേഖാ വകുപ്പ് ഡയറക്ടറേറ്റ്, റീജിയണൽ ആർക്കൈവ്സ് എറണാകുളം, റീജിയണൽ ആർക്കൈവ്സ് കോഴിക്കോട് എന്നിവിടങ്ങളിൽ സൂക്ഷിച്ചുവരുന്ന 1800 മുതൽ 1956 വരെയുള്ള കാലയളവിലെ തെരഞ്ഞെടുക്കപ്പെട്ട അപൂർവ ഔദ്യോഗിക രേഖകളാണ് പുസ്തകത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. പകർച്ചവ്യാധികളെ നേരിടുന്നതിനായി ഭരണകൂടങ്ങൾ സ്വീകരിച്ച വിവിധ മാർഗങ്ങളും നടപടികളും, ലോക്ക്ഡൗൺ, ക്വാറന്റൈൻ സംവിധാനങ്ങൾ, വാക്സിനേഷന്റെ തുടക്കം, വാക്സിനേഷൻ ക്യാമ്പുകളുടെ പ്രവർത്തനം, ആശുപത്രികളുടെ നിർമ്മാണം, ആരോഗ്യ മേഖലയിലെ ഇന്തോ-നോർവീജിയൻ പദ്ധതി, ജയിലുകളിലെ ആരോഗ്യപരിപാലന സംവിധാനങ്ങൾ, ആയുർവേദത്തിന്റെ പ്രചാരണം എന്നിവ സംബന്ധിച്ച ചരിത്രരേഖകൾ ഗ്രന്ഥത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. സാനിറ്ററി വകുപ്പിന്റെ രൂപീകരണം, രോഗപ്രതിരോധ നിയമങ്ങൾ, ഡോക്ടർമാർക്കായുള്ള ഔദ്യോഗിക ചികിത്സാ മാർഗനിർദേശങ്ങൾ എന്നിവയും പുസ്തകത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
കേരളം ഇന്ന് ആരോഗ്യരംഗത്ത് കൈവരിച്ചിട്ടുള്ള നേട്ടങ്ങൾക്ക്, സ്വാതന്ത്ര്യലബ്ധിക്ക് മുമ്പുതന്നെ ഗ്രാമീണ മേഖലകളിൽ ഡിസ്പെൻസറികളും ആശുപത്രികളും സ്ഥാപിച്ച് ആരോഗ്യപരിപാലന സംവിധാനത്തിന് അടിത്തറ പാകിയിരുന്ന ചരിത്രമുണ്ടെന്ന് ഈ പുസ്തകം വ്യക്തമാക്കുന്നു. ഐക്യകേരള രൂപീകരണത്തിന് മുമ്പുതന്നെ വികസിച്ച വികേന്ദ്രീകൃത ആരോഗ്യപരിപാലന സംവിധാനത്തിന്റെ വളർച്ചയും പ്രവർത്തനരീതികളും വ്യക്തമാക്കുന്ന നിരവധി ശ്രദ്ധേയമായ ചരിത്രരേഖകളും പുസ്തകത്തിൽ ഉൾക്കൊള്ളിച്ചിട്ടുണ്ട്.
കേരളത്തിന്റെ ആരോഗ്യരംഗം കൈവരിച്ച പുരോഗതിയുടെ ചരിത്രപശ്ചാത്തലവും അതിന് അടിത്തറ പാകിയ ഭരണപരവും സാമൂഹികവുമായ ഇടപെടലുകളും മനസ്സിലാക്കുന്നതിനുള്ള സ്രോതസ്സാണ് ഹെൽത്ത് ഇൻ ഹിസ്റ്ററി എന്ന പുസ്തകം. കഴിഞ്ഞ കാലത്തെ ആരോഗ്യസംവിധാനങ്ങളുടെ അനുഭവങ്ങളും വെല്ലുവിളികളും രേഖപ്പെടുത്തുന്ന ഈ പുസ്തകം ഭാവിയിലെ ആരോഗ്യപരിപാലന സംവിധാനങ്ങൾക്കും പ്രവർത്തനങ്ങൾക്കും കൂടുതൽ കാര്യക്ഷമവും സുസ്ഥിരവുമായ ദിശാബോധം നൽകും.
അവസാനമായി അപ്ഡേറ്റ് ചെയ്തത് : 2026-09-02 09:05:52
ലേഖനം നമ്പർ: 2072