പൊതുജനങ്ങൾക്കിടയിൽ ആരോഗ്യകരവും സുരക്ഷിതവുമായ ഭക്ഷണ സംസ്കാരം പ്രോത്സാഹിപ്പിക്കുന്നതിനായി ഭക്ഷ്യ സുരക്ഷ വകുപ്പിന്റെ നേതൃത്വത്തിൽ കേരളത്തിൽ ആധുനിക ഫുഡ് സ്ട്രീറ്റുകൾ പ്രവർത്തനമാരംഭിച്ചു. മോഡേണൈസേഷൻ ഓഫ് ഫുഡ് സ്ട്രീറ്റ്‌സ് പദ്ധതിയുടെ ഭാഗമായി കേരളത്തിൽ 4 ഇടങ്ങളിൽ ഫുഡ് സ്ട്രീറ്റുകൾ സജ്ജമാക്കി. തിരുവനന്തപുരം ശംഖുമുഖം, എറണാകുളം പനമ്പിള്ളി നഗർ, മലപ്പുറം കോട്ടക്കുന്ന്, കോഴിക്കോട് ബീച്ച് എന്നിവിടങ്ങളിലാണ് ആദ്യ ഘട്ടത്തിൽ ഫുഡ് സ്ട്രീറ്റുകൾ പ്രവർത്തിക്കുന്നത്.
ഫുഡ് സ്ട്രീറ്റുകളിൽ നിന്നും ലഭിക്കുന്ന ഭക്ഷണത്തിന്റെ സുരക്ഷിതത്വവും ശുചിത്വവും ഉറപ്പാക്കുകയാണ് മോഡേണൈസേഷൻ ഓഫ് ഫുഡ് സ്ട്രീറ്റ്സ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. നിലവിലുള്ള ഫുഡ് സ്ട്രീറ്റുകൾ പദ്ധതിയിലൂടെ കൂടുതൽ മികവുറ്റതാക്കും. ഭക്ഷ്യജന്യ രോഗങ്ങൾ കുറച്ച് പൊതുജനാരോഗ്യം വർധിപ്പിക്കുന്നതിനൊപ്പം പ്രാദേശിക തൊഴിൽ മേഖലയെ ശക്തിപ്പെടുത്താനും പദ്ധതിയിലൂടെ സാധിക്കും. സംസ്ഥാനത്തിന്റെ തനത് ഭക്ഷണങ്ങൾ ലഭ്യമാക്കി ഫുഡ് ഡെസ്റ്റിനേഷനുകൾ പ്രോത്സാഹിപ്പിക്കുക എന്നതും പദ്ധതിയുടെ ലക്ഷ്യമാണ്.
ഫുഡ് സ്ട്രീറ്റുകളിൽ ആദ്യം പൂർത്തിയായത് എറണാകുളം കസ്തൂർബ നഗർ ഫുഡ് സ്ട്രീറ്റാണ്. കൊച്ചി കോർപ്പറേഷന്റെയും ജി.സി.ഡി.എ.യുടെയും (ഗ്രേറ്റർ കൊച്ചിൻ ഡെവെലപ്‌മെന്റ് അതോറിറ്റി) നിയന്ത്രണത്തിലാണ് ഈ ഫുഡ് സ്ട്രീറ്റ് പ്രവർത്തിക്കുന്നത്. തിരുവനന്തപുരം ജില്ലയിൽ ശംഖുമുഖത്തുള്ള ഫുഡ് സ്ട്രീറ്റാണ് നവീകരിച്ചത്. നിർമിതി കേന്ദ്രത്തിനാണ് നിർമ്മാണച്ചുമതല. മലപ്പുറത്ത് ഡിടിപിസിയുടെ സഹകരണത്തോടെയും കോഴിക്കോട് ബീച്ചിൽ കോർപ്പറേഷന്റെ സഹകരണത്തോടെയുമാണ് നിർമ്മാണം പൂർത്തിയാക്കുന്നത്.
ഭക്ഷ്യ സുരക്ഷാ ഗുണനിലവാര നിയമം 2006 പ്രകാരം കൃത്യമായ മാനദണ്ഡങ്ങൾ പാലിച്ചായിരിക്കും വിൽപന കേന്ദ്രങ്ങൾ പ്രവർത്തിക്കുക. ഫോസ്ടാക് പരിശീലനം ലഭിച്ച ജീവനക്കാരുടെ സേവനം ഉറപ്പാക്കും. ഭക്ഷണ സുരക്ഷയോടൊപ്പം പരിസര ശുചിത്വത്തിനും പ്രാധാന്യം നൽകും. ടോയിലറ്റ് ഉൾപ്പെടെയുള്ള സംവിധാനങ്ങളും കൃത്യതയോടെയുള്ള മാലിന്യ സംസ്‌കരണ സംവിധാനവും കേന്ദ്രങ്ങളിൽ സജ്ജീകരിക്കും. അതത് സ്ഥലങ്ങളിലെ തദ്ദേശസ്ഥാപനങ്ങൾ, ജില്ലാ ഭരണകൂടം, ഫുഡ് സേഫ്റ്റി സ്റ്റാൻഡേർഡ്‌സ് അതോറിറ്റി ഓഫ് ഇന്ത്യ, നാഷണൽ ഹെൽത്ത് മിഷൻ എന്നിവയുടെയും സഹകരണം പദ്ധതിക്കുണ്ട്. ഒരു കോടി രൂപ വീതം ചെലവഴിച്ചാണ് ആധുനിക ഫുഡ് സ്ട്രീറ്റുകൾ നിർമ്മിച്ചിട്ടുള്ളത്.
വൃത്തിയുള്ള, മനോഹരമായ അന്തരീക്ഷത്തിൽ ആരോഗ്യകരവും സുരക്ഷിതവുമായ ഭക്ഷണം പ്രദാനം ചെയ്യുന്നതിലൂടെ, കേരളത്തിലെ ആധുനിക ഫുഡ് സ്ട്രീറ്റുകൾ പ്രാദേശിക തൊഴിൽ മേഖല ശക്തിപ്പെടുത്തുകയും ഭക്ഷ്യ ടൂറിസം വികസിപ്പിക്കാനും സഹായിക്കും. കേരളത്തിലെ തെരുവോര കച്ചവടത്തിന്റെ പ്രതിച്ഛായ തന്നെ മാറ്റുന്ന പുതിയൊരു പദ്ധതിയാകും.
അവസാനമായി അപ്ഡേറ്റ് ചെയ്തത് : 2025-09-29 12:45:28
ലേഖനം നമ്പർ: 1875