പ്രവാസി കേരളീയരുടെയും അവരുടെ കുടുംബാംഗങ്ങളുടെയും സമഗ്ര ആരോഗ്യ സംരക്ഷണം ഉറപ്പാക്കുന്നതിനായി, നോർക്ക റൂട്ട്സ് നോർക്ക കെയർ എന്ന പേരിൽ പുതിയൊരു ആരോഗ്യ അപകട ഇൻഷുറൻസ് പദ്ധതിക്ക് തുടക്കമിട്ടു. രാജ്യത്ത് ആദ്യമായി പ്രവാസികൾക്കായി നടപ്പാക്കുന്ന ഒരു ഇൻഷുറൻസ് പദ്ധതിയാണിത്. വിദേശത്തും കേരളത്തിന് പുറത്ത് ഇന്ത്യയ്ക്കുള്ളിൽ ജോലി ചെയ്യുന്ന പ്രവാസി കേരളീയരുടേയും അവരുടെ കുടുംബാംഗങ്ങളുടേയും ആരോഗ്യപരമായ ആവശ്യങ്ങൾക്ക് ശക്തമായൊരു പിന്തുണ നൽകുക എന്നതാണ് ഈ പദ്ധതിയുടെ പ്രധാന ലക്ഷ്യം.
നോർക്ക കെയർ പദ്ധതിയുടെ ഭാഗമായി, പ്രവാസി കേരളീയർക്കും അവരുടെ കുടുംബത്തിനും കേരളത്തിലെ 500-ൽ അധികം ആശുപത്രികളടക്കം രാജ്യത്തുള്ള 16,000-ത്തോളം ആശുപത്രികളിൽ ക്യാഷ്‌ലെസ് ചികിത്സാ സൗകര്യം ലഭ്യമാകും. ഭാവിയിൽ, ഗൾഫ് രാജ്യങ്ങളിലടക്കമുള്ള ആശുപത്രികളിലേക്കും ഈ പദ്ധതി വ്യാപിപ്പിക്കും. ഓരോ പ്രവാസിക്കും താങ്ങാവുന്ന നിരക്കിൽ വിശ്വാസയോഗ്യമായ, ആരോഗ്യ ഇൻഷുറൻസ് മലയാളികൾക്ക് ആശ്വാസമാകും.
ഇന്ത്യയ്ക്ക് അകത്തും വിദേശത്തുമുള്ള പ്രവാസി കേരളീയർക്ക് (NRKS) ഇൻഷുറൻസ് പദ്ധതിയുടെ ആനുകൂല്യങ്ങൾ ലഭിക്കും. NORKA ID കാർഡ്, NRK ID കാർഡ് അല്ലെങ്കിൽ STUDENT ID കാർഡ് അനിവാര്യമാണ്. പ്രായം: 18-70 വയസ്. പോളിസി എടുത്ത ശേഷം കേരളത്തിലേക്ക് മടങ്ങിയെത്തുന്ന പ്രവാസികൾക്ക് ഇത് തുടരാനുള്ള സൗകര്യവും ഒരുക്കുന്നുണ്ട്. നോർക്ക കെയറിനായുള്ള (NORKA CARE ) ആപ്പ് ഉപയോഗിച്ച് നിങ്ങളുടെ NORKA ID കാർഡ് നമ്പർ അല്ലെങ്കിൽ NRK ID കാർഡ് നമ്പർ അല്ലെങ്കിൽ STUDENT ID കാർഡ് നമ്പർ ഉപയോഗിച്ച് ലോഗിൻ ചെയ്തതിനു ശേഷം വിവരങ്ങൾ സമർപ്പിക്കുക. തുടർന്ന് പ്രീമിയം നൽകി പദ്ധതിയിൽ അംഗമാകാം. ഭാര്യ/ഭർത്താവ്, മക്കൾ എന്നീ ആശ്രിതരെ ഉൾപ്പെടുത്താം. ഇൻഷുറൻസ് പദ്ധതിയിൽ അംഗമാകാൻ നോർക്ക കാർഡുകൾ ആവശ്യമാണ്. കാർഡിനായി www.norkaroots.kerala.gov.in മുഖേന 408 രൂപ അടച്ച് അപേക്ഷിക്കാം.
പദ്ധതികൾ
വ്യക്തിഗത പദ്ധതി
8,101/വർഷം
5 ലക്ഷം കവർ + 10 ലക്ഷം രൂപയുടെ അപകട പരിരക്ഷയും.
കുടുംബ പദ്ധതി
പ്രവാസി, പങ്കാളി, 2കുട്ടികൾ *13,411/വർഷം 5 ലക്ഷം കവർ + 10 ലക്ഷം രൂപയുടെ അപകട പരിരക്ഷയും.
നോർക്ക കെയർ പദ്ധതിയുടെ പ്രധാന സവിശേഷതകൾ:
- ₹5 ലക്ഷം ആരോഗ്യ ഇൻഷുറൻസ് കവർ
- ഇന്ത്യയിലെ 16,000+ ആശുപത്രികളിൽ കാഷ്‌ലെസ് ചികിത്സ
- (കേരളത്തിൽ 470+ ആശുപത്രികളിൽ) നിലവിലുള്ള രോഗങ്ങൾക്കും ചികിത്സ ലഭിക്കും
- ₹50000 വരെ ആയുഷ് ചികിത്സ സൗകര്യം
- കാത്തിരുപ്പ് കാലാവധിയില്ല
- 18 മുതൽ 70 വയസ്സ് വരെയുള്ളവർക്ക് ഒരേ പ്രീമിയം
നോർക്ക കെയർ പദ്ധതിയുടെ ഭാഗമായി സെപ്റ്റംബർ 22 മുതൽ ഒക്ടോബർ 22 വരെ ഒരു ഗ്ലോബൽ രജിസ്‌ട്രേഷൻ ഡ്രൈവ് സംഘടിപ്പിക്കും. നവംബർ ഒന്ന് മുതൽ പദ്ധതിയുടെ പരിരക്ഷ പ്രവാസികൾക്ക് ലഭ്യമായി തുടങ്ങും. പദ്ധതി സംബന്ധിക്കുന്ന വിവരങ്ങൾക്ക് 24 മണിക്കൂറും പ്രവർത്തിക്കുന്ന നോർക്ക ഗ്ലോബൽ കോൺടാക്ട് സെന്ററിന്റെ ടോൾ ഫ്രീ നമ്പറുകളായ 1800 425 3939 (ഇന്ത്യയിൽ നിന്നും) +91-8802 012 345 (വിദേശത്തുനിന്നും, മിസ്സ്ഡ് കോൾ സർവ്വീസ്) ബന്ധപ്പെടാം. നോർക്ക ഹെൽപ് ലൈൻ 1800 2022 501
പ്രവാസി കേരളീയരുടെ ജീവിതത്തിൽ സുരക്ഷിതത്വവും ആശ്വാസവും ഉറപ്പാക്കുന്നതിനുള്ള സംസ്ഥാന സർക്കാരിന്റെ പ്രതിബദ്ധതയുടെ ദൃഢമായ പ്രഖ്യാപനമാണ് നോർക്ക കെയർ പദ്ധതി. സാമ്പത്തിക ഭാരം ഒഴിവാക്കി, ഉയർന്ന നിലവാരമുള്ള ആരോഗ്യ സേവനങ്ങൾ ലഭ്യമാക്കാൻ ലക്ഷ്യമിടുന്ന ഈ സംരംഭം, പ്രവാസികളുടെ ക്ഷേമത്തിന് പുതിയൊരു ദിശാബോധം നൽകുന്നു. ലോകമെമ്പാടുമുള്ള പ്രവാസി സമൂഹത്തിന് ഒരു ശക്തമായ കൈത്താങ്ങായി ഈ പദ്ധതി നിലകൊള്ളും.
അവസാനമായി അപ്ഡേറ്റ് ചെയ്തത് : 2025-09-19 14:29:53
ലേഖനം നമ്പർ: 1856