കേരളത്തിന്റെ കരുത്തുറ്റ സ്റ്റാർട്ടപ്പ് ആവാസവ്യവസ്ഥയിലേക്ക് കൂടുതൽ നിക്ഷേപം ആകർഷിക്കുന്നതിനും ആഗോള ബിസിനസ് പങ്കാളിത്തം ഉറപ്പിക്കുന്നതിനുമുള്ള സാധ്യതകൾക്ക് വഴിയൊരുക്കി കേരള സ്റ്റാർട്ടപ്പ് മിഷൻ (കെ.എസ്.യു.എം) സംഘടിപ്പിച്ച ഇന്ത്യയിലെ ഏറ്റവും വലിയ സ്റ്റാർട്ടപ്പ് സംഗമമായ ഹഡിൽ ഗ്ലോബൽ 2024. നവംബർ 28,29,30 തീയതികളിൽ തിരുവനന്തപുരം കോവളത്ത് നടന്ന ഹഡിൽ ഗ്ലോബൽ സമ്മേളനം കേരളത്തിലെ സംരംഭക പദ്ധതികൾ, മൂലധന സമാഹരണം, ബിസിനസ്, അന്താരാഷ്ട്ര സഹകരണം തുടങ്ങിയവയ്ക്ക് അനന്ത സാധ്യതകളാണ് തുറന്നിട്ടത്. സ്റ്റാർട്ടപ്പ് മേഖലയിലെ തുടക്കക്കാരേയും സംരംഭകരേയും നിക്ഷേപകരേയും ഒരേ വേദിയിലെത്തിക്കുക എന്നതായിരുന്നു ഹഡിൽ ഗ്ലോബലിന്റെ പ്രധാന ലക്ഷ്യം. കേരളത്തിന്റെ സ്റ്റാർട്ടപ്പ് മേഖലയെ ഉന്നതികളിലേക്ക് എത്തിക്കുക, പുതിയ സാങ്കേതിക വിദ്യയിൽ അധിഷ്ഠിതമായ ഉല്പന്നങ്ങളും സേവനങ്ങളും വൻതോതിൽ ലഭ്യമാക്കുന്ന ആഗോളകേന്ദ്രമാക്കി കേരളത്തെ മാറ്റുക തുടങ്ങിയവയും സമ്മേളനത്തിന്റെ ആത്യന്തിക ലക്ഷ്യമായിരുന്നു. ബിസിനസ്, നിക്ഷേപം എന്നിവ നേടാൻ ആഗ്രഹിക്കുന്ന സ്റ്റാർട്ടപ്പുകൾക്ക് അത് നേടുന്നതിനുള്ള വഴി തുറക്കാനും ഹഡിൽ ഗ്ലോബൽ 2024 വേദിയൊരുക്കി . ഡീപ്ലെക് സ്റ്റാർട്ടപ്പുകൾക്കും എമർജിംഗ് ടെക്‌നോളജി മേഖലയിൽ പ്രവർത്തിക്കുന്നവർക്കും സുസ്ഥിര ആശയങ്ങൾ കൈമുതലായുള്ളവർക്കും ഹഡിൽ ഗ്ലോബലിൽ അവസരം ലഭ്യമായിരുന്നു .
10000 ത്തിലധികം ഡെലിഗേറ്റുകൾ, 250 ത്തിലധികം നിക്ഷേപകർ, 300 ലധികം മെന്ററിംഗ് സെഷനുകൾ, 250 ത്തിലധികം കോർപ്പറേറ്റ്-സർക്കാർ കണക്ട്സ്, 200 ലധികം ഉപദേഷ്ടാക്കൾ 15 ലധികം പ്രോഡക്ട് ലോഞ്ച്, 100 ലധികം സ്റ്റാർട്ടപ്പുകൾ പങ്കെടുത്ത എക്‌സ്‌പോ, 1000+ ബിസിനസ് കണക്ട്സ് തുടങ്ങിയവ പരിപാടിയുടെ മുഖ്യ ആകർഷകങ്ങളായിരുന്നു. 300 വനിതാ സംരംഭകർ പരിപാടിയിൽ പങ്കെടുത്തു. മികച്ച അവതരണങ്ങളും പത്തിലധികം ധാരണാപത്രങ്ങളുടെ ഒപ്പിടലും പരിപാടിയുടെ ഭാഗമായി നടന്നു.
കേരളത്തിലെ സ്റ്റാർട്ടപ്പ് ആവാസവ്യവസ്ഥയ്ക്ക് വേണ്ടുന്ന പുതിയ നയം, ഫണ്ട് സ്വരൂപിക്കൽ തുടങ്ങിയവയും ഹഡിൽ ഗ്ലോബലിന്റെ ഭാഗമായി സാധ്യമായി. മന്ത്രിമാർ, ഉന്നത സർക്കാർ ഉദ്യോഗസ്ഥർ, വ്യവസായ പ്രമുഖർ തുടങ്ങിയവരുടെ മുഖ്യ പ്രഭാഷണങ്ങൾ, 250 ലധികം നിക്ഷേപകരുള്ള ഇൻവെസ്റ്റർ ഓപ്പൺ പിച്ചുകൾ, ഐഇഡിസി ഹാക്കത്തോൺ, ദേശീയ അന്തർദേശീയ സ്റ്റാർട്ടപ്പ് ഉല്പന്ന പ്രദർശനങ്ങൾ, ഡീക് ലീഡർഷിപ്പ് ഫോറം പ്രഖ്യാപനം, ഫണ്ടിംഗ് പ്രഖ്യാപനങ്ങൾ, ആഗോള തലത്തിൽ സ്റ്റാർട്ടപ്പുകൾക്കുള്ള ബിസിനസ് അവസരങ്ങൾ മനസിലാക്കാൻ അന്താരാഷ്ട്ര എംബസികളുമായും വ്യാപാര സ്ഥാപനങ്ങളുമായും വ്യവസായ വിദഗ്ധരുമായുമുള്ള പാനൽ ചർച്ചകൾ, നിക്ഷേപ അവസരങ്ങൾ മനസ്സിലാക്കാൻ നിക്ഷേപകരുമായുള്ള പാനൽ ചർച്ചകൾ എന്നിവയും ഹഡിൽ ഗ്ലോബലിന്റെ ഭാഗമായിരുന്നു.
ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള 250 ലധികം സ്റ്റാർട്ടപ്പുകളുടെ എക്സ്‌പോയും സമ്മേളത്തിൽ അണിനിരന്നു. മാലിന്യസംസ്‌കരണം, ദുരന്തനിവാരണം, കൃഷി, വിദ്യാഭ്യാസം തുടങ്ങി വിവിധ മേഖലകളിൽ ആധുനിക സാങ്കേതികവിദ്യയുടെ സഹായത്തോടെ പുരോഗതി ആർജിക്കാനുതകുന്ന ഉൽപ്പന്നങ്ങൾ അണിനിരത്തിയായിരുന്നു ഹഡിൽ ഗ്ലോബൽ എക്‌സ്‌പോയിൽ. കേരള സ്റ്റാർട്ടപ്പ് മിഷൻ സംഘടിപ്പിച്ച പരിപാടിയിൽ യുവസംരംഭകരാണ് സാമൂഹിക പ്രശ്‌നങ്ങൾക്കുള്ള സാങ്കേതിക പ്രതിവിധികൾ അവതരിപ്പിച്ചത്.
ഉത്പന്നങ്ങൾ പ്രദർശിപ്പിക്കുന്നതിലൂടെ സാങ്കേതിക, വ്യാവസായിക മേഖലകളിലെ പ്രമുഖരുമായി നേരിട്ട് സംവദിക്കാനും നിക്ഷേപകർക്ക് മികച്ച സ്റ്റാർട്ടപ്പുകളെ കണ്ടെത്തി നിക്ഷേപം നടത്താനും എക്‌സ്‌പോ അവസരമൊരുക്കും. എഡ്യൂടെക്, ഓഗ്മെന്റഡ് റിയാലിറ്റി/ വെർച്വൽ റിയാലിറ്റി, ഫിൻടെക്, ലൈഫ് സയൻസ്, സ്‌പേസ്‌ട്രെക്, ഹെൽത്ത്ടെക്, ബ്ലോക്ക് ചെയ്ൻ, ഐഒടി, ഇ - ഗവേണൻസ്, ആർട്ടിഫിഷ്യൽ ഇന്റലിജൻസ് / മെഷീൻ ലേണിംഗ്,റോബോട്ടിക്സ് എന്നിവയുൾപ്പെടെയുള്ള അത്യാധുനിക മേഖലകളിലെ സ്റ്റാർട്ടപ്പുകൾ എക്‌സ്‌പോയുടെ ഭാഗമായി. നെറ്റ്വർക്കിംഗ്, മെന്റർ സ്പീഡ് ഡേറ്റിംഗ്, നിക്ഷേപക കഫേ, കോർപ്പറേറ്റ് നിക്ഷേപ പ്രഖ്യാപനങ്ങൾ, സ്റ്റാർട്ടപ്പുകളെ പിന്തുണയ്ക്കുന്നതിനായി വിവിധ സ്ഥാപനങ്ങളുമായി ധാരണാപത്രം ഒപ്പിടൽ, മറ്റ് ബിസിനസ്- നിക്ഷേപ അധിഷ്ഠിത പ്രവർത്തനങ്ങൾ തുടങ്ങിയവ ഹഡിൽ ഗ്ലോബൽ 2024 ന്റെ സവിശേഷതയാണ്. വിവരങ്ങൾക്ക്: https://huddleglobal.co.in/ സന്ദർശിക്കുക
അവസാനമായി അപ്ഡേറ്റ് ചെയ്തത് : 2024-12-02 12:23:58
ലേഖനം നമ്പർ: 1587