സാമൂഹിക സാമ്പത്തിക സാംസ്‌കാരിക രാഷ്ട്രീയ മേഖലകളിലുള്ള  സ്ത്രീകളുടെ ആഗോള മുന്നേറ്റങ്ങളെയും  സമഗ്ര   സംഭാവനകളെയും   അനുസ്മരിച്ച് 'സ്ത്രീകളിൽ നിക്ഷേപിക്കുക മുന്നേറ്റത്തെ ത്വരിതപ്പെടുത്തുക' എന്ന സന്ദേശവുമായി   അന്താരാഷ്ട്ര വനിതാ ദിനം 2024. സാമൂഹിക വികസന സൂചികകളിലും ലിംഗസമതത്തിലും തുടങ്ങി നവോത്ഥാന മുന്നേറ്റങ്ങളിൽ സ്ത്രീ പങ്കാളിത്തം ഏറെയുള്ള കേരളം സ്ത്രീ സൗഹൃദ നവ കേരളം കെട്ടിപ്പടുക്കുന്നതിനുള്ള അതിവേഗ പാതയിലാണിന്ന്. വിദ്യാഭ്യാസപരമായും രാഷ്ട്രീയമായും സാമൂഹികമായും സാമ്പത്തികമായും ദേശീയതലത്തിൽ തന്നെ  കേരളത്തിലെ  സ്ത്രീകൾ ഇന്ന് ബഹുദൂരം മുന്നിലാണെങ്കിലും ഉന്നതവിദ്യാഭ്യാസ മേഖലയ്‌ക്കൊപ്പം തൊഴിൽ മേഖലയിലും സ്ത്രീ പങ്കാളിത്തം ഉറപ്പാക്കുകയാണ് സംസ്ഥാന സർക്കാരിന്റെ ലക്ഷ്യം.

സുസ്ഥിര വികസന ഭാവി വിഭാവനം ചെയ്ത്  സ്ത്രീകളുടെയും പെൺകുട്ടികളുടെയും ആരോഗ്യം , വിദ്യാഭ്യാസം, തൊഴിൽ എന്നിവ മെച്ചപ്പെടുത്തുന്നതിനായി വിപുലമായ പദ്ധതികളും പ്രവർത്തനങ്ങളുമാണ് സംസ്ഥാനത്ത്  വിവിധ  വകുപ്പുകളുടെ നേതൃത്വത്തിൽ നടന്നു വരുന്നത്. 'സ്ത്രീകളിൽ നിക്ഷേപിക്കുക മുന്നേറ്റത്തെ ത്വരിതപ്പെടുത്തുക'  എന്ന ആശയം  നവോത്ഥാന മുന്നേറ്റങ്ങളിലൂടെയും  സ്ത്രീ വിദ്യാഭ്യാസത്തിലൂടെയും പതിറ്റാണ്ടുകൾക്ക് മുമ്പേ കേരളം കൈവരിച്ചു. സംസ്ഥാനത്ത് മെഡിക്കൽ വിദ്യാഭ്യാസ മേഖലയിൽ ഉൾപ്പെടെ ഉന്നത വിദ്യാഭ്യാസ മേഖലയിലുള്ള സ്ത്രീ പങ്കാളിത്തം ശ്രദ്ധേയമാണ്.  ഉന്നത വിദ്യാഭ്യാസ മേഖലയിൽ കാണുന്ന സ്ത്രീപ്രാതിനിത്യം   തൊഴിൽ മേഖലകളിലേക്കും പരിവർത്തനം ചെയ്യുന്നതിനായി  ജീവിതത്തിൽ ഏതെങ്കിലും ദിശയിൽ കരിയർ നഷ്ടപ്പെട്ടു പോയ സ്ത്രീകളെ തൊഴിലിടങ്ങളിലേക്ക് തിരിച്ചുകൊണ്ടുവരാനുള്ള ശ്രമങ്ങളുടെ ഭാഗമായാണ്  ബാക്ക് ടു വർക്ക് പദ്ധതി, ക്രഷ്, നൈപുണ്യ പരിപാടികൾ,ജോലിസ്ഥലത്ത്  ക്രഷുകൾ, റീ സ്‌കില്ലിംഗ്, ക്രോസ് സ്‌കില്ലിംഗ്  പ്രോഗ്രാമുകൾ എന്നിവ ആവിഷ്‌കരിച്ച് നടപ്പാക്കി വരുന്നത്.  

സ്ത്രീകളുടെ ഉന്നമനത്തിനായി വനിത ശിശുവികസന വകുപ്പ് രൂപീകരിക്കുകയും  ജെൻഡർ ബജറ്റ് നടപ്പിലാക്കുകയും ചെയ്തത് മാത്രമല്ല  സ്ത്രീ ലിംഗത്തിൽ രാജ്യത്ത് ആദ്യമായി നിയമം പാസാക്കാനും കേരളത്തിന്  സാധിച്ചു. സ്ത്രീകളുടെ  ആരോഗ്യസംരക്ഷണത്തിന്  പ്രത്യേക  ഊന്നൽ നൽകി  ആരോഗ്യവകുപ്പ് നടപ്പിലാക്കുന്ന  സ്ത്രീകളിലെ വിളർച്ച കണ്ടെത്തി ചികിത്സിക്കുന്നതിനായി വിവ കേരളം പദ്ധതി, സ്തനാർബുദം കണ്ടെത്തുന്നതിനായി കാമ്പയിൻ, സ്തനാർബുദം ബാധിച്ചവരെ നേരത്തെ കണ്ടെത്തി ചികിത്സ ഉറപ്പാക്കുന്നതിന്റെ ഭാഗമായി സംസ്ഥാനത്തെ കാൻസർ സെന്ററുകൾക്കും പ്രധാന മെഡിക്കൽ കോളേജുകൾക്കും പുറമേ ജില്ലാ, താലൂക്ക് തല ആശുപത്രികളിൽ കൂടി മാമോഗ്രാം മെഷീനുകൾ  എന്നീ പ്രവർത്തനങ്ങൾ  സ്ത്രീകളുടെ ആരോഗ്യം സംരക്ഷണത്തിൽ സുപ്രധാന പങ്ക് വഹിക്കുന്നുണ്ട്. സംസ്ഥാന വനിതാ കമ്മീഷന്റെ  നേതൃത്തിൽ നടത്തുന്ന  സമൂഹത്തിന്റെ വിവിധ മേഖലകളിൽ  വ്യക്തിമുദ്ര പതിപ്പിച്ച  സ്ത്രീകളെ ആദരിക്കുക, സ്ത്രീകളുടെ ഉന്നമനത്തിനായുള്ള പദ്ധതി നയരൂപീകരണത്തിനുതകുന്ന ഗവേഷണപ്രവർത്തങ്ങൾ, സ്ത്രീ ശാക്തീകരണ പ്രവർത്തനങ്ങൾ തുടങ്ങിയവയും   കേരത്തിലെ  സ്ത്രീ മുന്നേറ്റത്തിൽ  സുപ്രധാന പങ്ക് വഹിക്കുന്നു. കുടുംബശ്രീ , തദ്ദേശ സയംഭരണ സ്ഥാപനങ്ങൾ , വ്യവസായ വാണിജ്യ വകുപ്പ്  തുടങ്ങിയ വകുപ്പുകളും സ്ത്രീകളുടെ സാമ്പത്തിക ശാക്തീകരണത്തിനുതകുന്ന പദ്ധതികൾ നടപ്പിലാക്കിവരുന്നു.  

ലോകശ്രദ്ധയാകർഷിച്ച കേരളത്തിന്റെ സാമൂഹ്യ വികസന മാതൃക സ്ത്രീകളുടെ സാമൂഹിക ശാക്തീകരണത്തിൽ അധിഷ്ഠിതമാണ് . സ്ത്രീകളുടെ നാനാവിധമായ വികസന മുന്നേറ്റങ്ങളിൽ ചരിത്രമെഴുതിയ കേരളം വിഭാവനം ചെയ്യുന്ന  സ്ത്രീസൗഹൃദ നവകേരളത്തിന് സ്ത്രീകളുടെ അവകാശങ്ങൾ സ്വാഭാവിക പ്രക്രിയയിലൂടെ  നേടിയെടുക്കാനാകും.

അവസാനമായി അപ്ഡേറ്റ് ചെയ്തത് : 2024-03-15 11:49:03

ലേഖനം നമ്പർ: 1334

sitelisthead