പൊലീസ് സ്റ്റേഷനിലോ ഓഫീസുകളിലോ നേരിട്ട് പോകാതെ തന്നെ പരാതി നൽകാനുള്ള സംവിധാനമൊരുക്കി കേരള പൊലീസ്. കേരള പൊലീസിന്റെ ഔദ്യോഗിക മൊബൈൽ ആപ്പായ പോല്‍-ആപ്പ് വഴിയോ thuna.keralapolice.gov.in വഴിയോ ആർക്കും പരാതി നൽകാൻ കഴിയുന്ന സംവിധാനമാണ് സജ്ജമാക്കിയത്. പൊലീസ് സ്റ്റേഷൻ മുതൽ ഡിജിപി ഓഫീസിലേക്ക് വരെ പരാതി നൽകുവാൻ ഈ സംവിധാനത്തിലൂടെ സാധിക്കും. പൊലീസിന്‍റെ എല്ലാ സേവനങ്ങളും ഒരൊറ്റ ആപ്പില്‍ ലഭിക്കുന്നതിന് 2020 ൽ ആണ് പോല്‍-ആപ്പ് സംവിധാനം നിലവിൽ വന്നത്. അത്യാഹിത സേവനങ്ങൾ, പോൽ - ബ്ലഡ് സേവനങ്ങൾ, തുണ സേവനങ്ങൾ , പൗര സുരക്ഷാ സേവനങ്ങൾ , പൗര സേവനങ്ങൾ, റിപ്പോർട്ട് തുടങ്ങിയുള്ള വിഭാഗങ്ങളിൽ സ്‌റ്റേഷനില്‍ നേരിട്ട് എത്താതെ പരാതി നൽകുന്ന സേവനം ഉൾപ്പടെ കേരള പൊലീസിന്‍റെ 30 സേവനങ്ങളാണ് പൊതുജനങ്ങള്‍ക്ക് ലഭിക്കുന്നത്.
പോല്‍-ആപ്പ് വഴി പരാതി നൽകുന്നതിന് ആപ്പ് ഇൻസ്റ്റാൾ ചെയ്‌തതിനുശേഷം മൊബൈൽ നമ്പർ ഉപയോഗിച്ച് രജിസ്റ്റർ ചെയ്യണം. ഇതിനായി പരാതിക്കാരന്റെ പേര്, വയസ്, മൊബൈൽ നമ്പർ, ആധാർ നമ്പർ, പൂർണ മേൽവിലാസം എന്നിവ ആദ്യഘട്ടത്തിൽ നല്കണം. തുടർന്ന് പരാതിക്ക് ആധാരമായ സംഭവം നടന്ന സ്ഥലം, തീയതി, പരാതിയുടെ ലഘുവിവരണം എന്നിവ രേഖപ്പെടുത്തി പോലീസ് സ്റ്റേഷൻ പരിധി, ഏത് ഓഫീസിലേക്കാണോ പരാതി അയയ്ക്കുന്നത് എന്നിവ സെലക്ട് ചെയ്ത് നൽകിയശേഷം അനുബന്ധമായി രേഖകൾ നല്കാനുണ്ടെങ്കിൽ അതുകൂടി അപ്‌ലോഡ് ചെയ്യാവുന്നതാണ്. അടുത്തതായി, ആർക്കെതിരെയാണോ പരാതി നൽകുന്നത് (എതിർകക്ഷി അല്ലെങ്കിൽ സംശയിക്കുന്ന ആളുടെ) വിവരങ്ങൾ കൂടി നൽകി പരാതി സബ്മിറ്റ് ചെയ്യാവുന്നതാണ്. സമർപ്പിച്ച പരാതിയുടെ നിലയും സ്വീകരിച്ച നടപടികളും പരിശോധിക്കാനും ആപ്പിലൂടെ കഴിയും. പരാതി നൽകിയതിനുള്ള രസീത് പരാതിക്കാരന് ഡൗൺലോഡ് ചെയ്യാം. കൂടുതൽ വേഗതയിലും കൃത്യതയിലും നടപടികൾ സ്വീകരിച്ചു പൊതുജനങ്ങൾക്ക് പൊലീസ് സ്റ്റേഷനിൽ നേരിട്ടെത്തി പരാതി നൽകുന്നതിനുള്ള സമയം ലഭിക്കാനും ബുദ്ധിമുട്ടുകൾ ഒഴിവാക്കാനും പുതിയ സംവിധാനത്തിലൂടെ സാധിക്കും.സാധാരണക്കാര്‍ക്ക് വളരെയെളുപ്പം ഉപയോഗിക്കാന്‍ പറ്റുന്ന രീതിയിലാണ് പോല്‍-ആപ്പ് തയ്യാറാക്കിയിരിക്കുന്നത്.
അവസാനമായി അപ്ഡേറ്റ് ചെയ്തത് : 2023-09-05 14:28:44
ലേഖനം നമ്പർ: 1178