സംസ്ഥാനത്ത് വേനൽ ചൂട് വർധിച്ചു വരുന്ന സാഹചര്യത്തിൽ ദുരന്ത നിവാരണ അതോറിറ്റി, ആരോഗ്യ വകുപ്പ്, മൃഗസംരക്ഷണ വകുപ്പ്, കൃഷി വകുപ്പ്, വനം വകുപ്പ്, അഗ്‌നിശമന രക്ഷാസേന, തദ്ദേശ സ്ഥാപന വകുപ്പ് തുടങ്ങിയ വകുപ്പുകൾ വിപുലമായ രീതിയിൽ വേനൽക്കാല ദുരന്തങ്ങളെ സംബന്ധിച്ചുള്ള പ്രചാരണ പരിപാടികൾ നടത്തും. ചൂടിനെ പ്രതിരോധിക്കാൻ വേണ്ട മുന്നൊരുക്കങ്ങളെക്കുറിച്ച് ദുരന്ത നിവാരണ അതോറിറ്റിയുടെ മാർഗ നിർദേശങ്ങൾ എല്ലാവരും പാലിക്കാൻ ശ്രദ്ധിക്കണം . ദുരന്ത നിവാരണ അതോറിറ്റി  ഉഷ്ണകാല ദുരന്ത ലഘൂകരണ പ്രവർത്തന മാർഗരേഖ (സ്റ്റേറ്റ് ഹീറ്റ് ആക്ഷൻ പ്ലാൻ) തയാറാക്കിയിട്ടുണ്ട്. 

 തദ്ദേശ സ്ഥാപനങ്ങളിലും വ്യാപാര തെരുവുകളിലും വിവിധ വകുപ്പുകളുടെയും സ്ഥാപനങ്ങളുടെയും ഏകോപനത്തിൽ 'തണ്ണീർ പന്തലുകൾ' ആരംഭിക്കും. ഇവ മെയ് മാസം വരെ തുടരും.  തണ്ണീർപ്പന്തലുകളിൽ സംഭാരം, തണുത്ത വെള്ളം, അത്യാവശം ഓ.ആർ.എസ്. എന്നിവ ലഭ്യമാക്കും. തൊട്ടടുത്തുള്ള തണ്ണീർ പന്തൽ എവിടെയാണെന്നറിയുന്നതിനുള്ള വിപുലമായ പ്രചാരണവും നടത്തും. ചൂട് കൂടുതലുള്ള കേന്ദ്രങ്ങളിൽ താത്കാലികമായി തണുപ്പ് ഉറപ്പാക്കുന്ന പ്രത്യേക കേന്ദ്രങ്ങൾ സജ്ജീകരിക്കും. ഹോട്ടലുകൾ, സന്നദ്ധ, രാഷ്ട്രീയ, യുവജന സംഘടനകൾ, ക്ലബുകൾ തുടങ്ങിയവയുടെ സഹകരണത്തോടെ എല്ലാ പ്രദേശത്തും യാത്രക്കാർക്കും പൊതുജനങ്ങൾക്കും കുടിവെള്ള ലഭ്യത ഉറപ്പാക്കും. 

തീപിടുത്ത സാധ്യത കൂടുതലുള്ള പ്രധാന വ്യാപാര മേഖലകൾ, മാലിന്യ സംഭരണ കേന്ദ്രങ്ങൾ, ജനവാസ മേഖലയിൽ കാട് പിടിച്ച് കിടക്കുന്ന പ്രദേശങ്ങൾ, ആശുപത്രികൾ, സർക്കാർ ഓഫീസുകൾ തുടങ്ങിയയിടങ്ങളിൽ ഫയർ ഓഡിറ്റ് നടത്തും. ഇലക്ട്രിക്കൽ ഇൻസ്പെക്ടറേറ്റിന്റെയും, കെ.എസ്.ഇ.ബി.-യുടെയും നേതൃത്വത്തിൽ എല്ലാ ആശുപത്രികളുടെയും, പ്രധാന സർക്കാർ ഓഫീസുകളുടെയും  ഇലക്ട്രിക്കൽ ഓഡിറ്റ്  നടത്തും. ഷോർട്ട് സർക്യൂട്ടുകൾ തീപിടുത്തങ്ങൾക്ക് കാരണമാകുന്നത് ഒഴിവാക്കാൻ ഇതിലൂടെ സാധിക്കും. മേൽ പ്രവർത്തനങ്ങൾക്കായി ജില്ലാതലത്തിൽ ആക്ഷൻ പ്ലാൻ ഉണ്ടാക്കുകയും തദ്ദേശ സ്ഥാപനതലത്തിൽ ടാസ്‌ക് ഫോഴ്സുകൾ രൂപീകരിച്ച് നടപ്പിലാക്കുകയും ചെയ്യും. ജനവാസ മേഖലയിൽ കാട് പിടിച്ച് കിടക്കുന്ന പ്രദേശങ്ങൾ കണ്ടെത്തി, ഉണങ്ങിയ പുല്ല് നിയന്ത്രിതമായി വെട്ടി മാറ്റുവാൻ തൊഴിലുറപ്പ് പദ്ധതി പ്രവർത്തകരെ വിനിയോഗിക്കും.

ജലവിഭവ വകുപ്പ് അടിയന്തിരമായി കുടിവെള്ള ക്ഷാമം രൂക്ഷമാകാൻ സാധ്യതയുള്ള പ്രദേശങ്ങളെ മുൻകൂട്ടി കണ്ടെത്തി അത് ദുരന്ത നിവാരണ അതോറിറ്റികൾക്കും, തദ്ദേശ സ്ഥാപന വകുപ്പിനും ലഭ്യമാക്കും. എസ്.ഡി.എം.എ. സ്ഥാപിച്ചിട്ടുള്ള 5000 വാട്ടർ കിയോസ്‌കുകൾ പ്രവർത്തനക്ഷമമാക്കും.

ആരോഗ്യ പ്രവർത്തകർക്ക് ചൂട് മൂലമുള്ള ആരോഗ്യ പ്രശ്‌നങ്ങൾ, പൊള്ളൽ, വേനൽക്കാലത്തെ പകർച്ച വ്യാധികൾ എന്നിവയെ നേരിടുന്നതിനായി പ്രത്യേകമായ പരിശീലനം ലഭ്യമാക്കും. എല്ലാ പി.എച്ച്.സി., സി.എച്ച്.സി.കളിലും ഉൾപ്പെടെ ഒ.ആർ.എസ്. ഉൾപ്പെടെയുള്ള അവശ്യ വസ്തുക്കളുടെ ലഭ്യത ഉറപ്പാക്കും. 

പോലീസ് അഗ്‌നി സുരക്ഷ വകുപ്പിന്റെ സഹായത്തോടെ അടിയന്തിരമായി പടക്ക നിർമ്മാണ/ സൂക്ഷിപ്പ് ശാലകൾ പരിശോധിച്ച് നിർബന്ധമായും അഗ്‌നി സുരക്ഷ ഉണ്ടന്നു ഉറപ്പ് വരുത്തും. ദുരന്ത നിവാരണ അതോറിറ്റി പ്രസിദ്ധീകരിച്ചിട്ടുള്ള ഉത്സവ സുരക്ഷ മാനദണ്ഡ മാർഗ്ഗരേഖ അനുസരിച്ച് ഉത്സവങ്ങൾ നടത്തും. ഉത്സവത്തോട് അനുബന്ധമായുള്ള പടക്ക ശേഖരം, നിർമാണ/സൂക്ഷിപ്പ് ശാലകൾ നിർബന്ധമായി പരിശോധിച്ച് അഗ്‌നി സുരക്ഷ ഉറപ്പ് വരുത്തും.

ചൂടുകാലമായതിനാൽ പക്ഷികൾക്ക് വെള്ളം കിട്ടുന്ന ഇടങ്ങൾ വളരെ കുറവായതിനാൽ ചെറിയൊരു പാത്രത്തിൽ ടെറസിലോ/ പൊതു ഇടങ്ങളിലോ വെള്ളം കരുതണം.

അവസാനമായി അപ്ഡേറ്റ് ചെയ്തത് : 2023-03-14 15:32:04

ലേഖനം നമ്പർ: 983

sitelisthead