ഇന്ത്യയിലെ ആദ്യ സമ്പൂർണ ഡിജിറ്റൽ സാക്ഷരത പ‍ഞ്ചായത്തായി തിരുവനന്തപുരം ജില്ലയിലെ പുല്ലമ്പാറ പഞ്ചായത്ത് തെരഞ്ഞെടുക്കപ്പെട്ടു. 14 വയസ്സ് മുതൽ 65 വയസ്സ് വരെയുള്ളവരെ സ്മാർട്ട് ഫോൺ ഉപയോഗിക്കാൻ പരിശീലിപ്പിച്ചാണ് 96.81 % സാക്ഷരതയുടെ സമ്പൂർണ ഡിജിറ്റൽ സാക്ഷരത പദവി പുല്ലമ്പാറ നേടിയത്. സ്മാർട്ട് ഫോൺ ഉപയോഗം, വാട്സ് അപ്പ് വിഡിയോ, ഓഡിയോ കോൾ, ഫോട്ടോയും വിഡിയോയും ഡൗൺലോഡ് ചെയ്യൽ, യൂട്യൂബ്, ഫെയ്സ്ബുക് എന്നിവ പരിചയപ്പെടുത്തൽ, ബാങ്ക് അക്കൗണ്ട് വിശദാംശങ്ങൾ മനസ്സിലാക്കൽ തുടങ്ങിയവയാണ് പാഠ്യ വിഷയമായി ഉൾപ്പെടുത്തിയിരുന്നത്.

പഞ്ചായത്തിലെ ജനങ്ങൾക്കിടയിൽ സമ്പൂർണ ഡിജിറ്റൽ സാക്ഷരത ഉറപ്പാക്കുന്നതിനായി ഡിജി പുല്ലമ്പാറ ക്യാമ്പയിന് 2021 ആഗസ്റ്റിലാണ് തുടക്കം കുറിച്ചത്. വാട്ട്‌സ്ആപ്പ്, ഓൺലൈൻ പണമിടപാട്, ഗൂഗിൾ മീറ്റ് എന്നിവയുൾപ്പെടെ സ്‌മാർട്ട്‌ഫോണുകളുടെയും അതിന്റെ ആപ്ലിക്കേഷനുകളുടെയും അടിസ്ഥാന ഉപയോഗവും പ്രവർത്തനവും പഠിപ്പിയ്ക്കുകയെന്ന ലക്ഷ്യത്തോടെയാണ് ഡിജി പുല്ലമ്പാറ ക്യാമ്പയിൻ ആരംഭിച്ചത്. 

പഞ്ചായത്തിലെ 15 വാർഡുകളിലായി 3917 പേർക്ക് ഡിജിറ്റൽ സാക്ഷരത പരിശീലനം ആവശ്യം ഉണ്ടെന്ന് സർവേ നടത്തി കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിൽ 3300 പേർക്ക് APJ അബ്ദുൾ കലാം സാങ്കേതിക സർവകലാശാലയുടെ NSS വിഭാഗത്തിന്റെ സഹായത്തോടെ പരിശീലനം നൽകി. എല്ലാവർക്കും ആൻഡ്രോയിഡ് ഡിവൈസുകളിലാണ് പരിശീലനം നൽകിയത്. 45 വയസ്സിനു മുകളിലുള്ളവരായിരുന്നു പഠിതാക്കളിൽ കൂടുതലും. ഭൂരിപക്ഷവും സ്ത്രീകളായിരുന്നു.

ഹീരാ എൻജിനീയറിങ് കോളജ്, മോഹൻദാസ് എൻജിനീയറിങ് കോളജ്, രാജധാനി എൻജിനീയറിങ് കോളജ്, മുസ്‌ലിം അസോസിയേഷൻ കോളജ് ഓഫ് എൻജിനീയറിങ്, ട്രിനിറ്റി കോളജ് ഓഫ് എൻജിനീയറിങ്, തേമ്പാംമൂട് ജനത എച്ച്എസ്എസ് എന്നിവിടങ്ങളിലെ NSS യൂണിറ്റുകളിലെ 250-ൽ അധികം വരുന്ന വിദ്യാർഥികൾ, പഞ്ചായത്തിലെ കുടുംബശ്രീ പ്രവർത്തകർ, പ്രാദേശിക വൊളന്റിയർ എന്നിവർ ചേർന്നാണ് പദ്ധതിയുടെ പരിശീലനം ഓരോ വീടുകളിലും എത്തിച്ചത്. പാൻ എൻവയൺമെന്റ് എന്ന സ്റ്റാർട്ട് അപ് കമ്പനിയാണ് പദ്ധതിയുടെ സർവേ, പഠനം എന്നിവയുടെ മൊഡ്യൂൾ തയാറാക്കിയത്.

പ്രായഭേദമെന്യേ എല്ലാ വിഭാഗം ജനങ്ങളെയും വിവരസാങ്കേതിക വിദ്യയുടെ സാധ്യതകളെക്കുറിച്ച് ബോധവാന്മാരാക്കിയ, എല്ലാവരെയും ഇന്റർനെറ്റ് ഉപയോഗിയ്ക്കാൻ പ്രാപ്തരാക്കിയ പുല്ലമ്പാറ മോഡൽ ഒരു വർഷത്തെ ജനകീയ പ്രവർത്തനങ്ങളുടെ ഫലമാണ്.

അവസാനമായി അപ്ഡേറ്റ് ചെയ്തത് : 2022-09-22 14:40:23

ലേഖനം നമ്പർ: 763

sitelisthead