ഭാഷാടിസ്ഥാനത്തിൽ കേരളം ഒരു സംസ്ഥാനമായി രൂപം കൊണ്ടിട്ട് 65 വർഷം തികയുന്നു. മലയാളം സംസാരിയ്ക്കുന്നവരുടെ ഒരു ദേശം എന്നതിലുപരി കേരളം ഒരു ആധുനിക സമൂഹമായി പരിവർത്തനം ചെയ്തതിനു പിന്നിൽ ഒരുപാട് പേരുടെ അദ്ധ്വാനവും കഷ്ടപ്പാടുകളും ജീവത്യാഗങ്ങളും ഉണ്ട്.65 വർഷങ്ങൾക്കിടയിലെ ഏറ്റവും വലിയ പ്രതിസന്ധി കാലഘട്ടത്തിലൂടെയാണ് നമ്മൾ കടന്നു പോകുന്നത്. പ്രകൃതിദുരന്തങ്ങളും ആരോഗ്യ അടിയന്തരാവസ്ഥകളും കേരളത്തിന്റെ ശക്തമായ വികസന പ്രവർത്തനങ്ങൾക്ക് വെല്ലുവിളി ഉയർത്തുന്നുണ്ടെങ്കിലും, സുസ്ഥിര വികസന ദൗത്യങ്ങളിലൂടെ  'നവകേരളം' കെട്ടിപ്പടുക്കാനുള്ള പാതയിലാണ് കേരളം ഇന്ന്.തുടർച്ചയായി ഉണ്ടാകുന്ന പ്രളയവും നിപ്പ പോലുള്ള രോഗങ്ങളും ലോകമെങ്ങും പ്രതിസന്ധിയും ഭീതിയും പരത്തിയ കോവിഡ് മഹാമാരിയും ശാസ്ത്രീയമായി അതിജീവിച്ച്  ഒരു  വികസിത  കേരളം പടുത്തുയർത്താനുള്ള തീവ്ര ശ്രമത്തിലാണ്.

ഇപ്പോൾ കേരളം സുസ്ഥിര വികസനത്തിന്റെ ശരിയായ പാതയിലാണ്. ആരോഗ്യ-വിദ്യാഭ്യാസ മേഖലകളിൽ സംസ്ഥാനത്തിന്റെ ചിട്ടയായ പ്രവർത്തനം  മൂലം കേരള മോഡൽ വികസനം ലോകശ്രദ്ധയാകർഷിച്ചു.കേരളം ക്ഷേമ പ്രവർത്തനങ്ങളിൽ രാജ്യത്തെ മറ്റു സംസ്ഥാനങ്ങളിൽ നിന്ന് എക്കാലവും ബഹുദൂരം മുന്നിൽ തന്നെയായിരുന്നു. മാനവ വികസന സൂചികയിലും ഒന്നാമതുള്ള കേരളം മുതിർന്ന പൗരന്മാർക്ക് നൽകുന്ന വിവിധ തരത്തിലുള്ള ക്ഷേമ പദ്ധതികളും ക്ഷേമ പെൻഷനുകളും വയോജനങ്ങളോടുള്ള പ്രത്യക കരുതലും സമീപനവും വെളിവാക്കുന്നതാണ്. രാജ്യത്ത് ആദ്യമായി ട്രാൻസ്‌ജെൻഡർ പോളിസി നടപ്പിലാക്കിയ കേരളമാണ് അഴിമതി ഏറ്റവും കുറവുള്ള ഇന്ത്യൻ സംസ്ഥാനം.  

രാജ്യത്തെ കുറഞ്ഞ ശിശു മരണനിരക്കും മാതൃ മരണനിരക്കും സ്ത്രീ പുരുഷ ലിംഗാനുപാതത്തിൽ ഉയർന്ന നിരക്കും കേരളത്തിലാണ്. ആരോഗ്യ രംഗത്ത് എക്കാലവും രാജ്യത്തെ മികച്ച സംസ്ഥാനങ്ങളിൽ ഒന്നായി തന്നെയാണ് കേരളം നിലനിന്നിട്ടുള്ളത്.വിദ്യാഭ്യാസ രംഗത്തും കേരളം മറ്റു സംസ്ഥാനങ്ങൾക്ക് മാതൃകാപരമായ പ്രവർത്തനമാണ് കാഴ്ച്ച വെച്ചിട്ടുള്ളത്. വിദ്യാലയങ്ങളുടെ വിദ്യാഭ്യാസ ഗുണനിലവാരത്തിൽ നീതി ആയോഗ് നടത്തിയ പഠനത്തിൽ ഒന്നാമതെത്തിയ കേരളം രാജ്യത്ത് ആദ്യമായി സമ്പൂർണ്ണ സാക്ഷരത നേടിയ സംസ്ഥാനമായി മാറിയിരുന്നു. ഇന്ന് പ്രൊഫഷണൽ വിദ്യാഭ്യാസം നേടിയ അഭ്യസ്ത വിദ്യരായ യുവതയുടെ ഒരു ഹബ്ബാണ് കേരളം. മികച്ച വിദ്യാഭ്യാസ അവസരങ്ങൾക്കായി മറ്റു സംസ്ഥാനങ്ങളെ ആശ്രയിച്ചിരുന്ന നമ്മൾ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ കാര്യത്തിലും ജോലി സാധ്യതയുള്ള കോഴ്‌സുകൾ നടത്തുന്നതിലും ഇന്ന് മുൻപന്തിയിലാണ്.

രാഷ്ട്രീയ പ്രബുദ്ധതയിൽ ഏറെ മുന്നിൽ നിൽക്കുന്ന നാം ഇനിയും ഒട്ടേറെ മേഖലകളിൽ ഒരുപാട് ദൂരം സഞ്ചരിയ്ക്കേണ്ടതുണ്ട്. 65 വർഷങ്ങൾ എന്നത് ഒരു സംസ്ഥാനത്തെ സംബന്ധിച്ച് ചുരുങ്ങിയ കാലഘട്ടമാണെങ്കിലും അതിവേഗം വികസന സൂചികയിൽ മുന്നിലെത്താൻ നമുക്ക് വിവിധ മേഖലകളിൽ കാര്യക്ഷമമായി പ്രവർത്തിയ്ക്കേണ്ടതുണ്ട്. ഓരോ പൗരനും തങ്ങളുടെ കടമകൾ കൃത്യമായി നിർവഹിയ്ക്കുകയും തങ്ങളാൽ കഴിയുന്ന സേവനങ്ങൾ സമൂഹത്തിനും സംസ്ഥാനത്തിനുമായി ചിലവഴിയ്ക്കുമ്പോൾ നമ്മൾ ലോകത്തിലെ തന്നെ മികച്ച ജനതയായി മാറുമെന്ന കാര്യത്തിൽ സംശയമില്ല. പോരായ്മാകളെ പരിഹരിച്ചു മികച്ച കേരളം കെട്ടി പടുക്കുവാനുള്ള ശ്രമമാകട്ടെ ഈ കേരളപ്പിറവി ദിനം.

അവസാനമായി അപ്ഡേറ്റ് ചെയ്തത് : 2021-11-01 22:58:44

ലേഖനം നമ്പർ: 312

sitelisthead