
സംസ്ഥാനത്തെ തൊഴിലിടങ്ങളിൽ സ്ത്രീ സുരക്ഷിതത്വം ഉറപ്പാക്കാൻ പോഷ് ആക്ട് പ്രകാരം എല്ലാ സർക്കാർ ഓഫീസുകളിലും ഇന്റേണൽ കമ്മിറ്റികൾ (ആഭ്യന്തര പരാതി പരിഹാര കമ്മിറ്റി) രൂപീകരിച്ച് സർക്കാർ. സംസ്ഥാനത്തെ 95 സർക്കാർ വകുപ്പുകളിലെ പത്തിൽ കൂടുതൽ ജീവനക്കാരുള്ള എല്ലാ സ്ഥാപനങ്ങളിലുമാണ് ഇന്റേണൽ കമ്മിറ്റി(ഐ.സി.)കൾ രൂപീകരിച്ചിട്ടുള്ളത്.
തൊഴിലിടങ്ങളിൽ സ്ത്രീകൾക്ക് എതിരെയുള്ള ലൈംഗികാതിക്രമം തടയാനും പോഷ് ആക്ട് പ്രകാരമുള്ള പ്രവർത്തനം ഏകോപിപ്പിക്കാനും 2023 ജനുവരിയിലാണ് വനിതാ ശിശുവികസന വകുപ്പ് പോഷ് പോർട്ടൽ ആരംഭിച്ചത്. ആയിരത്തോളം സ്ഥാപനങ്ങളിലാണ് സംവിധാനം ഉണ്ടായിരുന്നത്. ഇത് പരമാവധി സ്ഥാപനങ്ങളിൽ ആരംഭിക്കാൻ 2024 ഓഗസ്റ്റിൽ ജില്ലാ അടിസ്ഥാനത്തിൽ ക്യാമ്പയിൻ ആരംഭിച്ചു. നിലവിൽ പോഷ് പോർട്ടലിൽ കാൽ ലക്ഷത്തോളം സ്ഥാപനങ്ങളാണ് രജിസ്റ്റർ ചെയ്തിട്ടുള്ളത്. സ്ത്രീകളുടെ ഉന്നമനത്തോടൊപ്പം അവർക്ക് സുരക്ഷിതമായി ജോലി ചെയ്യാനുള്ള അന്തരീക്ഷവും ഉറപ്പാക്കാനാണ് വനിതാ ശിശു വികസന വകുപ്പ് ശ്രമിക്കുന്നത്. ഐടി പാർക്കുകൾ, സ്വകാര്യ സ്ഥാപനങ്ങൾ, പൊതുമേഖലാ സ്ഥാപനങ്ങൾ, വ്യവസായ സ്ഥാപനങ്ങൾ എന്നിവയും ഐ.സി. കമ്മിറ്റികളുള്ള സ്ഥാപനങ്ങളാക്കി മാറ്റാനുള്ള ശ്രമത്തിലാണ് സർക്കാർ.
സംസ്ഥാനത്ത് ആദ്യമായാണ് ഇത്തരത്തിലൊരു സംവിധാനം ആവിഷ്‌കരിച്ചത്. ഇതിലൂടെ ഏതൊക്കെ സ്ഥാപനങ്ങളിൽ നിലവിൽ ഇന്റേണൽ കമ്മിറ്റികൾ രൂപീകരിച്ചിട്ടില്ല എന്നുള്ളത് മനസിലാക്കാൻ സാധിക്കും. ഇതിലൂടെ നിലവിലുള്ള എല്ലാ ഇന്റേണൽ കമ്മിറ്റികളുടേയും പ്രവർത്തനങ്ങൾ കൃത്യമായി മോണിറ്റർ ചെയ്യുന്നതിനും ആവശ്യമായ ഇടപെടലുകൾ നടത്തുന്നതിനും വകുപ്പിന് സാധിക്കും. സ്ത്രീകൾക്ക് ലഭ്യമാകേണ്ട നിയമ സംരക്ഷണവും നീതിയും ഇതിലൂടെ ഉറപ്പാക്കാനും കഴിയുന്നു.
അവസാനമായി അപ്ഡേറ്റ് ചെയ്തത് : 2025-03-10 16:06:13
ലേഖനം നമ്പർ: 1719