ലോകത്തിലെ ഏറ്റവും വലിയ യാത്ര ഷോകളിലൊന്നായ ഐടിബി ബർലിനിൽ നടന്ന ഗോൾഡൻ സിറ്റി ഗേറ്റ് അവാർഡ് 2025 ൽ കേരള ടൂറിസത്തിന് ആഗോള അംഗീകാരം.'കം ടുഗെദർ ഇൻ കേരള' എന്ന മാർക്കറ്റിംഗ് ക്യാമ്പെയ്ൻ അന്താരാഷ്ട്ര ക്യാമ്പെയ്ൻ വിഭാഗത്തിൽ സിൽവർ സ്റ്റാർ പുരസ്‌കാരം കരസ്ഥമാക്കി. 'ശുഭമാംഗല്യം-വെഡ്ഡിംഗ്സ് ഇൻ കേരള' എന്ന വീഡിയോ ഗാനം ഇന്റർനാഷണൽ വിഭാഗത്തിൽ എക്സലന്റ് അവാർഡ് നേടി. 


നഗരജീവിതത്തിന്റെ തിരക്കുകളിൽ നിന്ന് മാറി കേരളത്തിന്റെ പ്രശാന്ത സുന്ദരമായ പ്രകൃതി ആസ്വദിക്കുന്നതിന് സഞ്ചാരികളെ സ്വാഗതം ചെയ്യുന്നതാണ് 'കം ടുഗെദർ ഇൻ കേരള' ക്യാമ്പെയ്ൻ. പ്രിന്റ്, ഡിജിറ്റൽ, റേഡിയോ, സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകൾ സംയുക്തമായി ഉപയോഗിച്ച് നടത്തിയ പ്രചരണം കുടുംബസമേതം യാത്ര ചെയ്യുന്നതിനുള്ള ഇഷ്ടകേന്ദ്രമായി കേരളത്തെ ഉയർത്തിക്കാട്ടുന്നതിന് സഹായിച്ചു.

'യേ ദൂരിയൻ', 'സാത്ത് സാത്ത്' തുടങ്ങിയ ഹൃദയസ്പർശിയായ വീഡിയോകളും 'കം ടുഗെദർ ഇൻ കേരള' എന്ന ക്യാമ്പെയ്‌നും കേരളത്തിലേയ്ക്ക് വൻതോതിൽ വിനോദസഞ്ചാരികളെ എത്തിക്കുന്നതിന് സഹായിച്ചു.  കേരളത്തിന്റെ വൈവിധ്യവും തനിമയും പ്രദർശിപ്പിക്കുന്ന പരസ്യങ്ങൾ വിനോദസഞ്ചാരികൾ ഏറ്റെടുത്തതോടെ 2023 ൽ ആഭ്യന്തര വിനോദസഞ്ചാരികളുടെ എണ്ണത്തിൽ കേരളത്തിന് സർവകാല റെക്കോർഡ് സ്വന്തമാക്കാനായി. അന്താരാഷ്ട്ര നിലവാരത്തിലുള്ള മാർക്കറ്റിംഗ് ക്യാമ്പെയ്നുകൾ തുടർച്ചയായി നടത്തുന്ന കേരള ടൂറിസത്തിന്റെ പ്രവർത്തനങ്ങൾക്ക് ലഭിച്ച ബഹുമതിയാണ് പ്രശസ്തമായ ഈ പുരസ്‌കാരങ്ങൾ. 


ലോകത്തെ ഏറ്റവും ആകർഷകമായ വെഡ്ഡിങ് ഡെസ്റ്റിനേഷനുകളിൽ ഒന്നെന്ന നിലയിൽ ശ്രദ്ധ നേടിയിട്ടുള്ള കേരളത്തിന്റെ മനോഹാരിത വെളിവാക്കുന്നതാണ് 'ശുഭമാംഗല്യം-വെഡ്ഡിംഗ്സ് ഇൻ കേരള' എന്ന വീഡിയോ ഗാനം. മലയാളികളല്ലാത്ത ദമ്പതികൾ കേരളത്തിൽ വിവാഹം ആഘോഷിക്കുന്നതാണ് വീഡിയോയിൽ ചിത്രീകരിച്ചിരിക്കുന്നത്. മൂന്നര മിനിറ്റ് ദൈർഘ്യമുള്ള ഗാനം ഇംഗ്ലീഷ്, ഹിന്ദി, മലയാളം വരികൾ ഇടകലർത്തിയാണ് ഒരുക്കിയിട്ടുള്ളത്. ആലപ്പുഴയിലെ കായൽ, വാഗമൺ, മാരാരി ബീച്ച് എന്നവിടങ്ങളിൽ ചിത്രീകരിച്ച വീഡിയോ ഫെയ്സ്ബുക്ക്, ഇൻസ്റ്റഗ്രാം, ട്വിറ്റർ തുടങ്ങിയ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിൽ വൻ ജനപ്രീതി നേടിയിരുന്നു. ട്രാവൽ പ്ലസ് ലിഷർ ഇന്ത്യ ആൻഡ് സൗത്ത് ഏഷ്യ മാഗസിൻ മികച്ച വിവാഹ ഡെസ്റ്റിനേഷൻ ആയി കേരളത്തെ തെരഞ്ഞെടുത്തിരുന്നു.

അവസാനമായി അപ്ഡേറ്റ് ചെയ്തത് : 2025-03-06 15:40:27

ലേഖനം നമ്പർ: 1716

sitelisthead