
സംസ്ഥാനത്തെ ഒരു ആശുപത്രിയ്ക്ക് കൂടി ദേശീയ ഗുണനിലവാര മാനദണ്ഡമായ നാഷണൽ ക്വാളിറ്റി അഷുറൻസ് സ്റ്റാൻഡേർഡ്സ് (എൻ.ക്യു.എ.എസ്.) അംഗീകാരം ലഭിച്ചു. കൊല്ലം ജില്ലയിലെ കടയ്ക്കൽ താലൂക്ക് ആശുപത്രി 90.34 ശതമാനം സ്‌കോർ നേടിയാണ് എൻ.ക്യു.എ.എസ്. കരസ്ഥമാക്കിയത്. ഇതോടെ സംസ്ഥാനത്തെ 202 ആശുപത്രികൾ എൻ.ക്യു.എ.എസ്. അംഗീകാരവും 85 ആശുപത്രികൾ പുന:അംഗീകാരവും നേടിയെടുത്തു. 5 ജില്ലാ ആശുപത്രികൾ, 5 താലൂക്ക് ആശുപത്രികൾ, 11 സാമൂഹികാരോഗ്യ കേന്ദ്രങ്ങൾ, 41 അർബൻ പ്രൈമറി ഹെൽത്ത് സെന്റർ, 136 കുടുംബാരോഗ്യ കേന്ദ്രങ്ങൾ, 4 ജനകീയ ആരോഗ്യ കേന്ദ്രങ്ങൾ എന്നിവ എൻ.ക്യു.എ.എസ് അംഗീകാരം നേടിയിട്ടുണ്ട്.
15 കോടിയിലധികം രൂപയുടെ വികസന പ്രവർത്തനങ്ങളാണ് നടത്തി വരുന്നത്. സ്ഥലപരിമിതി കാരണം ബുദ്ധിമുട്ടിയ ആശുപത്രിയ്ക്കായി 20 സെന്റ് കൂടി അധികമായി ലഭ്യമാക്കി. മികച്ച സേവനങ്ങളാണ് ഇവിടെ നൽകി വരുന്നത്. അത്യാഹിത വിഭാഗം, ഗൈനക്കോളജി വിഭാഗം, ഓർത്തോപീഡിക്സ് വിഭാഗം തുടങ്ങിയ മികച്ച സ്പെഷ്യാലിറ്റി വിഭാഗങ്ങളാണിവിടെയുള്ളത്. ദിവസവും ആയിരത്തോളം പേരാണ് ഒപിയിൽ ചികിത്സ തേടിയെത്തുന്നത്. 155 പേരെ കിടത്തി ചികിത്സിക്കാനുള്ള സൗകര്യവുമുണ്ട്. ഇവിടത്തെ ഡയാലിസിസ് യൂണിറ്റിൽ ദിവസവും നാല് ഷിഫ്റ്റിൽ നാൽപതോളം പേർക്ക് ഡയാലിസിസ് നൽകുന്നുണ്ട്. കിടപ്പ് രോഗികൾക്ക് മികച്ച ചികിത്സ ഉറപ്പാക്കാൻ 9 കിടക്കകളുള്ള സെക്കന്ററി പാലിയേറ്റീവ് കെയർ വാർഡും ഇവിടെയുണ്ട്. ലക്ഷ്യ നിലവാരമുള്ള ലേബർ റൂം സൗകര്യങ്ങളും സജ്ജമാണ്. ഇങ്ങനെ മികച്ച പ്രവർത്തനങ്ങൾക്കുള്ള ബഹുമതിയാണ് ഈ ദേശീയ ഗുണനിലവാര അംഗീകാരം.
എട്ട് വിഭാഗങ്ങളായി 6,500 ഓളം ചെക്ക് പോയിന്റുകൾ വിലയിരുത്തിയാണ് ഒരു ആശുപത്രിയെ ദേശീയ ഗുണനിലവാരത്തിലേക്ക് ഉയർത്തുന്നത്. എൻ.ക്യു.എ.എസ്് അംഗീകാരത്തിന് മൂന്ന് വർഷ കാലാവധിയാണുളളത്. മൂന്ന് വർഷത്തിന് ശേഷം ദേശീയതല സംഘത്തിന്റെ പുന:പരിശോധന ഉണ്ടാകും. കൂടാതെ വർഷാവർഷം സംസ്ഥാനതല പരിശോധനയുമുണ്ടാകും. എൻ.ക്യു.എ.എസ്. അംഗീകാരം ലഭിക്കുന്ന കുടുംബാരോഗ്യ കേന്ദ്രങ്ങൾക്ക് രണ്ട് ലക്ഷം രൂപ വീതവും മറ്റ് ആശുപത്രികൾക്ക് ഒരു കിടക്കയ്ക്ക് 10,000 രൂപ എന്ന നിലയിലും വാർഷിക ഇൻസെന്റീവ് ലഭിക്കും. ആശുപത്രി വികസനത്തിനും കേന്ദ്ര ആരോഗ്യദൗത്യത്തിന്റെ ധനസഹായ ലഭ്യതയ്ക്കും ഒക്കെ എൻ.ക്യു.എ.എസ്. അംഗീകാരം വഴിയൊരുക്കുന്നു.
അവസാനമായി അപ്ഡേറ്റ് ചെയ്തത് : 2025-03-07 16:47:25
ലേഖനം നമ്പർ: 1717