
സംസ്ഥാനത്തിന്റെ ഡിജിറ്റൽ സമ്പത്ത് വ്യവസ്ഥയ്ക്ക് കരുത്തേകി നൂതന ഡിജിറ്റൽ പദ്ധതികളെ പ്രോത്സാഹിപ്പിക്കുന്ന കേരള സംസ്ഥാന ഐടി മിഷന് ദേശീയ തലത്തിൽ അംഗീകാരം. ഇക്കണോമിക് ടൈംസ് ഡിജിടെക് അവാർഡ് 2025ന് ഐടി മിഷൻ പദ്ധതിയായ KFi-പബ്ലിക് വൈഫൈ തെരഞ്ഞെടുക്കപ്പെട്ടു. ഡിജിറ്റൽ ഇനിഷിയേറ്റീവ് ഫോർ ഇൻഷൂറിങ് റൂറൽ കണ്ണെക്ടിവിറ്റി കാറ്റഗറിയിൽ ആണ് കേരളത്തിന്റെ പബ്ലിക് വൈഫൈ പദ്ധതിയായ KFi പദ്ധതി അവാർഡിന് അർഹമായത്. ഇലക്ട്രോണിക്സ് ആൻഡ് ഇൻഫർമേഷൻ ടെക്നോളജി വകുപ്പിന്റെ കീഴിൽ പ്രവർത്തിക്കുന്ന ഐ.ടി. മിഷൻ തുടർച്ചയായി രണ്ടാം തവണയാണ് പുരസ്‌കാരം നേടുന്നത്. AI അധിഷ്ഠിത ഭരണം, സൈബർ സുരക്ഷ, ഡിജിറ്റൽ പേയ്മെന്റുകൾ, ഇ-ഗവേണൻസ് തുടങ്ങി ഇന്ത്യയുടെ ഡിജിറ്റൽ ആവാസവ്യവസ്ഥയിലെ നൂതനാശയങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായാണ് ഡിജിടെക് കോൺക്ലേവ് അവാർഡുകൾ നൽകുന്നത്.
ദൃഢവും ഫലപ്രദവുമായ ഇ-ഗവേർണൻസ് അടിത്തറപാകുന്നത്തിലൂടെ കേരളത്തെ ഇന്ത്യയിലെതന്നെ മുന്നിട്ടു നിൽക്കുന്ന ഒരു ഡിജിറ്റൽ സംസ്ഥാനമാക്കി മാറ്റുക എന്ന ലക്ഷ്യത്തെ അടിസ്ഥാനമാക്കിയാണ് ഐ.ടി. മിഷൻ പ്രവർത്തിക്കുന്നത്. ഇന്റർനെറ്റ് അവകാശമായി പ്രഖ്യാപിച്ച സംസ്ഥാനത്ത് എല്ലാ പൊതുജനങ്ങൾക്കും ഇന്റർനെറ്റ് എന്ന നയത്തിന്റെ ഭാഗമായി ആരംഭിച്ച പദ്ധതിയാണ് KFi-പബ്ലിക് വൈഫൈ. നിലവിൽ 2000 ൽ അധികം പൊതു ഇടങ്ങളിൽ സൗജന്യ വൈഫൈ ഹോട്‌സ്‌പോട്ടുകൾ ലഭ്യമാണ് .1 ജിബി ടാറ്റ സൗജന്യമായി പൊതുജനങ്ങൾക്ക് ലഭ്യമാണ്.ബസ്സ്റ്റാന്റുകൾ, സ്‌കൂളുകൾ, പഞ്ചായത്തു ഓഫീസുകൾ, പാർക്കുകൾ, ആശുപത്രികൾ തുടങ്ങിയ പൊതു ഇടങ്ങളിലാണ് സൗജന്യ വൈഫൈ ലഭ്യമാക്കിയിട്ടുള്ളത്. മറ്റൊരു 2000 വൈഫൈ ഹോട്‌സ്‌പോട്ടുകൾ കൂടി പ്രാവർത്തികമാക്കാനുള്ള നടപടികൾ തുടരുന്നു.
ഐടി മിഷന്റെ തന്നെ ഇ -സേവനം പദ്ധതിക്ക് 2025 ഫെബ്രുവരിയിൽ ഇന്ത്യൻ എക്‌സ്പ്രസ്സിന്റെ ടെക്‌നോളജി സഭ 2025 ദേശീയ അവാർഡ് ലഭിച്ചിരുന്നു. എന്റർപ്രൈസ് ആപ്ലിക്കേഷൻ കാറ്റഗറിയിൽ ആണ് പുരസ്‌കാരം നേടിയത്. ഏകദേശം ആയിരത്തോളം സർക്കാർ സേവനങ്ങൾ ഓൺലൈനിൽ ലഭ്യമാകുന്ന ഏകജാലക പോർട്ടൽ ആണ് ഐടി മിഷന്റെ ഇ-സേവനം പദ്ധതി. വിവരസാങ്കേതികവിദ്യയിൽ കേരളം കൈവരിച്ച വിപ്ലവകരമായ മുന്നേറ്റങ്ങൾക്കുള്ള അംഗീകരമാണ് ഈ നേട്ടങ്ങൾ.
കേരളം ഒരു ഡിജിറ്റൽ സംസ്ഥാനമായി രൂപാന്തരപ്പെടുത്തുന്നതിനുള്ള സേവനങ്ങളാണ് ഐടി മിഷൻ നൽകുന്നത്. ഐടി മിഷന്റെ തുടർച്ചയായ ദേശീയ പുരസ്‌കാരങ്ങൾ സംസ്ഥാനത്തിന്റെ ഡിജിറ്റൽ അഭിവൃദ്ധിയെയും സാങ്കേതിക നവീകരണങ്ങളെയും അടയാളപ്പെടുത്തുന്നു. KFi-പബ്ലിക് വൈഫൈ പോലുള്ള പദ്ധതികൾ ഡിജിറ്റൽ സമഗ്രത ഉറപ്പാക്കുന്നതിലും എല്ലാവർക്കും സാങ്കേതിക സൗകര്യങ്ങൾ പരമാവധി ഉപയോഗപ്പെടുത്തുന്നതിലും നിർണായകമാണ്. ഇത്തരത്തിലുള്ള പ്രോത്സാഹനങ്ങൾ സംസ്ഥാനത്ത് കൂടുതൽ ഇ-ഗവേർണൻസ് സൗകര്യങ്ങൾ നടപ്പിലാക്കുന്നതിന് പ്രചോദനമാകും.
അവസാനമായി അപ്ഡേറ്റ് ചെയ്തത് : 2025-03-20 12:36:38
ലേഖനം നമ്പർ: 1728