
സംസ്ഥാനത്തെ 12 ആശുപത്രികള്‍ക്ക് കൂടി നാഷണല്‍ ക്വാളിറ്റി അഷുറന്‍സ് സ്റ്റാന്‍ഡേര്‍ഡ്‌സ് (എന്‍.ക്യു.എ.എസ്.) അംഗീകാരം ലഭ്യമായി. അതില്‍ 10 ആശുപത്രികള്‍ക്ക് പുതുതായി എന്‍.ക്യു.എ.എസ്. അംഗീകാരവും 2 ആശുപത്രികള്‍ക്ക് പുന:അംഗീകാരവുമാണ് ലഭിച്ചത്. കൊല്ലം പട്ടാഴി വടക്കേക്കര കുടുംബാരോഗ്യ കേന്ദ്രം 94.52% സ്‌കോറും, പത്തനംതിട്ട ഏഴംകുളം കുടുംബാരോഗ്യ കേന്ദ്രം 96.88% സ്‌കോറും, ആലപ്പുഴ ചെട്ടികുളങ്ങര കുടുംബാരോഗ്യ കേന്ദ്രം 95.78% സ്‌കോറും, കോട്ടയം തൃക്കൊടിത്താനം കുടുംബാരോഗ്യ കേന്ദ്രം 94.03% സ്‌കോറും, കോട്ടയം മൂന്നിലവ് കുടുംബാരോഗ്യ കേന്ദ്രം 92.21% സ്‌കോറും, വയനാട് ചെതലയം കുടുംബാരോഗ്യ കേന്ദ്രം 93.57% സ്‌കോറും, കാസര്‍ഗോഡ് ഓലാട്ട് കുടുംബാരോഗ്യ കേന്ദ്രം 86.68% സ്‌കോറും, കാസര്‍ഗോഡ് പടന്ന കുടുംബാരോഗ്യ കേന്ദ്രം 95.58% സ്‌കോറും, പാലക്കാട് വെണ്ണക്കര നഗര കുടുംബാരോഗ്യ കേന്ദ്രം 91.99% സ്‌കോറും, പാലക്കാട് ദൈറ സ്ട്രീറ്റ് നഗര കുടുംബാരോഗ്യ കേന്ദ്രം 93.39% സ്‌കോറും നേടിയാണ് എന്‍.ക്യു.എ.എസ്. നേടിയത്. ആലപ്പുഴ പാണാവള്ളി കുടുംബാരോഗ്യ കേന്ദ്രം 99.15% സ്‌കോറോടെയും കാസര്‍ഗോഡ് വലിയപറമ്പ കുടുംബാരോഗ്യ കേന്ദ്രം 95.73 % സ്‌കോറോടെയും പുന:അംഗീകാരവും നേടി.
ഇതോടെ സംസ്ഥാനത്തെ 212 ആശുപത്രികള്‍ എന്‍.ക്യു.എ.എസ്. അംഗീകാരം നേടി. അതില്‍ 87 ആശുപത്രികള്‍ പുന:അംഗീകാരമാണ് നേടിയെടുത്തത്. 5 ജില്ലാ ആശുപത്രികള്‍, 5 താലൂക്ക് ആശുപത്രികള്‍, 11 സാമൂഹികാരോഗ്യ കേന്ദ്രങ്ങള്‍, 43 അര്‍ബന്‍ പ്രൈമറി ഹെല്‍ത്ത് സെന്റര്‍, 144 കുടുംബാരോഗ്യ കേന്ദ്രങ്ങള്‍, 4 ജനകീയ ആരോഗ്യ കേന്ദ്രങ്ങള്‍ എന്നിവ എന്‍.ക്യു.എ.എസ്. അംഗീകാരം നേടിയിട്ടുണ്ട്.
എന്‍.ക്യു.എ.എസ്. അംഗീകാരത്തിന് മൂന്ന് വര്‍ഷത്തെ കാലാവധിയാണുളളത്. മൂന്ന് വര്‍ഷത്തിന് ശേഷം ദേശീയ സംഘത്തിന്റെ പുന:പരിശോധന ഉണ്ടാകും. കൂടാതെ വര്‍ഷാവര്‍ഷം സംസ്ഥാനതല പരിശോധനയുമുണ്ടാകും. എന്‍.ക്യു.എ.എസ്. അംഗീകാരം ലഭിക്കുന്ന എഫ്.എച്ച്.സി./ യു.പി.എച്ച്.സികള്‍ക്ക് 2 ലക്ഷം രൂപ വീതവും, ജനകീയ ആരോഗ്യ കേന്ദ്രങ്ങള്‍ക്ക് ഒരു പാക്കേജിന് 18,000 രൂപ വീതവും മറ്റ് ആശുപത്രികള്‍ക്ക് ഒരു കിടക്കയ്ക്ക് 10,000 രൂപ എന്ന നിലയിലും വാര്‍ഷിക ഇന്‍സെന്റീവ് ലഭിക്കും. ആരോഗ്യ മേഖലയില്‍ കേരളം നടത്തുന്ന മികച്ച പ്രവര്‍ത്തനങ്ങള്‍ക്കുള്ള അംഗീകാരമാണ് എന്‍.ക്യു.എ.എസ്.
അവസാനമായി അപ്ഡേറ്റ് ചെയ്തത് : 2025-03-24 16:30:11
ലേഖനം നമ്പർ: 1733