ജന്മനാ ഹൃദ്രോഗമുള്ള കുട്ടികൾക്ക് സൗജന്യ വിദഗ്ധ വൈദ്യസഹായം നൽകുകയെന്ന ലക്ഷ്യത്തോടെ 2017 ആഗസ്തിൽ ആരംഭിച്ച ഹൃദ്യം പദ്ധതിലൂടെ ഇതുവരെ 8,000 കുഞ്ഞുങ്ങൾക്ക് ഹൃദയ ശസ്ത്രക്രിയ നടത്തി ആരോഗ്യ വകുപ്പ്. പദ്ധതി പ്രകാരം ജന്മനാ ഹൃദ്രോഗമുള്ള കുട്ടികൾക്ക് സംസ്ഥാനത്തൊട്ടാകെയുള്ള എംപാനൽഡ് ആശുപത്രികളിൽ സൗജന്യ രോഗനിർണയം, ശസ്ത്രക്രിയ, ശസ്ത്രക്രിയാനന്തര പരിചരണം എന്നിവ ലഭിക്കും. ഹൃദ്യം പദ്ധതിയിലൂടെ ചികിത്സയ്ക്കായി ആകെ 24,222 കുട്ടികൾ രജിസ്റ്റർ ചെയ്തു. അതിൽ 15,686 പേർ ഒരു വയസിൽ താഴെയുള്ളവരാണ്. ആകെ രജിസ്റ്റർ ചെയ്തവരിൽ ശസ്ത്രക്രിയ ആവശ്യമായ 8000 കുട്ടികൾക്കാണ് ഹൃദയ ശസ്ത്രക്രിയ നടത്തിയത്. സർക്കാർ, സ്വകാര്യ ആരോഗ്യ സ്ഥാപനങ്ങളെ സംയോജിപ്പിച്ചുകൊണ്ട്, കുട്ടികളുടെ ഹൃദയസംബദ്ധമായ ആരോഗ്യപ്രശ്നങ്ങൾ ഗണ്യമായി കുറച്ച് സംസ്ഥാനത്തിന്റെ ശിശുമരണ നിരക്ക് കുറയ്ക്കുന്നതിൽ ഹൃദ്യം പദ്ധതി സുപ്രധാന പങ്ക് വഹിക്കുന്നുണ്ട് 

കുഞ്ഞുങ്ങളുടെ ഹൃദയ വൈകല്യങ്ങൾ നേരത്തെ കണ്ടെത്തി ചികിത്സിക്കാനായി വലിയ ഇടപെടലുകളാണ് ആരോഗ്യ വകുപ്പ്  ഈ പദ്ധതി വഴി സ്വീകരിച്ച് വരുന്നത്. ചികിത്സ തേടിയ കുഞ്ഞുങ്ങൾക്ക് തുടർ ചികിത്സ ഉറപ്പാക്കാനും തുടർ നടപടികൾ ഏകീകരിക്കുന്നതിനുമായി ഹൃദ്യം വെബ് സൈറ്റ് വിപുലീകരിച്ചു. അടിയന്തര സ്വഭാവമുള്ള കേസുകളിൽ 24 മണിക്കൂറിനകം വിദഗ്ധ ചികിത്സ ഉറപ്പാക്കുന്നതിനായി വെന്റിലേറ്റർ/ ഐ.സി.യു, ആംബുലൻസ് സേവനവും നൽകി വരുന്നു.

ജന്മനാ ഹൃദ്രോഗമുള്ള കുഞ്ഞുങ്ങളിൽ സമയബന്ധിതമായി ഹൃദയ ശസ്ത്രക്രിയ നടത്തിയാൽ മരണത്തിൽ നിന്നും രക്ഷപ്പെടുത്താനാകും. നവജാത ശിശുക്കൾ മുതൽ 18 വയസ് വരെയുള്ള കുട്ടികൾക്ക് ഈ പദ്ധതിയിലൂടെ സേവനം ലഭ്യമാക്കുന്നു. സർക്കാർ ആശുപത്രികളിൽ പ്രസവിക്കുന്ന മുഴുവൻ കുഞ്ഞുങ്ങൾക്കും ഹൃദ്രോഗ പരിശോധന ഉറപ്പാക്കി വരുന്നു. എല്ലാ കുട്ടികൾക്കും പരിചരണം ഉറപ്പാക്കാൻ വീടുകളിലെത്തിയും അങ്കണവാടികളിലും സ്‌കൂളുകളിലും സ്‌ക്രീനിംഗ് നടത്തുന്നു. ഹൃദ്രോഗ ലക്ഷണങ്ങൾ കണ്ടെത്തിയാൽ എക്കോ ഉൾപ്പെടെയുള്ള വിദഗ്ധ പരിശോധന നടത്തും. ഗർഭസ്ഥ ശിശുവിന് ഹൃദ്രോഗം കണ്ടെത്തിയാൽ പ്രസവം മുതലുള്ള തുടർ ചികിത്സ ഉറപ്പാക്കുകയും ചെയ്യുന്നു. സർക്കാർ ആശുപത്രികളിലോ, എംപാനൽ ചെയ്ത സ്വകാര്യ ആശുപത്രിയിലോ ശസ്ത്രക്രിയ ലഭ്യമാക്കുന്നു.

8 സർക്കാർ, സ്വകാര്യ ആശുപത്രികൾ ഹൃദ്യം പദ്ധതിയിൽ എംപാനൽ ചെയ്തിട്ടുണ്ട്. തിരുവനന്തപുരം എസ്എടി ആശുപത്രിയിൽ മാത്രം മൂന്നുവർഷം കൊണ്ട് 1000ലധികം കുഞ്ഞുങ്ങൾക്ക് വിദഗ്ധ ഹൃദ്രോഗ ചികിത്സ നൽകിയിട്ടുണ്ട്. പീഡിയാട്രിക് ഹൃദയ ശസ്ത്രക്രിയാ വിഭാഗം ഉൾപ്പെടെ സജ്ജമാക്കി വളരെ ചെലവ് വരുന്ന എക്മോ ചികിത്സയും സങ്കീർണമായ ഹൃദയ ശസ്ത്രക്രിയയും ഉൾപ്പെടെ ആരംഭിച്ചു.

ഹൃദ്യത്തിലൂടെ ഹൃദ്രോഗ ചികിത്സ ലഭിച്ച കുഞ്ഞുങ്ങളുടെ ശാരീരികവും മാനസികവും ബൗദ്ധികവുമായ വളർച്ചയും വികാസവും ഉറപ്പാക്കുന്ന തുടർപിന്തുണാ പദ്ധതിയും നടത്തി വരുന്നു. സാധാരണ കുഞ്ഞുങ്ങളെ അപേക്ഷിച്ച് ഇത്തരം കുട്ടികൾക്ക് കൂടുതൽ പരിചരണം ആവശ്യമാണ്. ഈ കുഞ്ഞുങ്ങളെ പരിശോധന നടത്തി അതിൽ പ്രശ്നമുണ്ടെന്ന് കണ്ടെത്തിയവർക്ക് ഡിസ്ട്രിക്റ്റ് ഏർളി ഇന്റർവെൻഷൻ സെന്ററുകൾ വഴി തുടർ ചികിത്സ ഉറപ്പാക്കി വരുന്നു.

അവസാനമായി അപ്ഡേറ്റ് ചെയ്തത് : 2025-03-12 10:47:29

ലേഖനം നമ്പർ: 1721

sitelisthead