
കാൻസർ ചികിത്സ രംഗത്ത് നിർണായക മുന്നേറ്റമായി മലബാർ കാൻസർ സെന്റർ (എം.സി.സി.) നൂതന ചികിത്സയായ കാർ ടി സെൽ തെറാപ്പി (CAR T Cell Therapy)ആരംഭിച്ചു. രാജ്യത്ത് കാർ ടി സെൽ തെറാപ്പി നൽകുന്ന രണ്ടാമത്തെ സർക്കാർ സ്ഥാപനമാണ് മലബാർ കാൻസർ സെന്റർ (എംസിസി). മലബാർ കാൻസർ സെന്റർ പോസ്റ്റ് ഗ്രാജുവേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഓങ്കോളജി സയൻസ് ആന്റ് റിസർച്ചിൽ കാർ ടി സെൽ തെറാപ്പിയിൽ ശ്രദ്ധേയമായ നേട്ടം കൈവരിച്ചതോടെ രോഗികൾക്ക് ലോകോത്തര നിലവാരത്തിലുള്ള കാൻസർ ചികിത്സ ലഭിക്കും.
പ്രതിരോധ കോശങ്ങൾ ഉപയോഗിച്ച് കാൻസറിനെ ചികിത്സിക്കുന്ന നൂതനമായ രീതിയാണ് കാർ ടി സെൽ തെറാപ്പി.രോഗിയുടെ ശരീരത്തിലെ ടി സെല്ലുകൾ ശേഖരിച്ച്, ലബോറട്ടറിയിൽ ജനിതകമാറ്റം വരുത്തി, കാൻസർ കോശങ്ങളെ നശിപ്പിക്കാൻ ശേഷിയുള്ള കാർ ടി സെല്ലുകളാക്കി മാറ്റുന്നു. പരിഷ്‌കരിച്ച ടി സെല്ലുകൾ പിന്നീട് രോഗിയുടെ ശരീരത്തിലേക്ക് തിരികെ പ്രവേശിപ്പിക്കുന്നു, ഇത് കാൻസർ കോശങ്ങളെ ഫലപ്രദമായി നശിപ്പിക്കും.
എംസിസിയിൽ 16, 19, 20 വയസ് പ്രായമുള്ള 5 രോഗികൾക്കാണ് കാർ ടി ചികിത്സക്ക് ആവശ്യമായ ടി സെൽ ശേഖരണം നടത്തിയത്. ഇതിൽ 3 പേരുടെ ചികിത്സ പൂർത്തീകരിച്ചു. സാധാരണയായി 50 ലക്ഷത്തോളം രൂപ ചെലവ് വരുന്ന ഈ ചികിത്സ, 'പേഷ്യന്റ് അസിസ്റ്റൻസ് പ്രോഗ്രാം' വഴി 30 ലക്ഷം രൂപയ്ക്ക് ലഭ്യമാക്കുന്നു.കൂടാതെ വിവിധ സർക്കാർ പദ്ധതികളിലൂടെ സഹായവും ലഭ്യമാക്കുന്നു.
ആരോഗ്യമുള്ള കോശങ്ങളെ നശിപ്പിക്കാതെ കാർ ടി സെല്ലുകൾ പ്രത്യേകമായി കാൻസർ കോശങ്ങളെ നശിപ്പിക്കുന്നു. മാറാത്ത രക്താർബുദങ്ങൾക്ക് ഏറെ ഫലപ്രദമാണിത്. പരമ്പരാഗത കീമോതെറാപ്പി അല്ലെങ്കിൽ റേഡിയേഷൻ തെറാപ്പി എന്നിവയിൽ നിന്ന് വ്യത്യസ്തമായി കാർ ടി സെൽ തെറാപ്പി ഒറ്റത്തവണ ചികിത്സയാണ്. അതിനാൽ രോഗി ആശുപത്രിയിൽ കിടന്ന് ചികിൽസയെടുക്കേണ്ട സാഹചര്യമില്ല . മറ്റ് കാൻസർ ചികിത്സാരീതികളെ അപേക്ഷിച്ച് പാർശ്വഫലങ്ങൾ കുറവാണ്.രോഗലക്ഷണങ്ങൾ കുറയ്ക്കുകയും ജീവിതനിലവാരം മെച്ചപ്പെടുത്തുകയും ചെയ്യുന്നു.
മലബാർ കാൻസർ സെന്ററിലെ കാർ ടി സെൽ തെറാപ്പി തുടക്കത്തോടെ കേരളത്തിലും കാൻസർ ചികിത്സയിൽ പുതിയ സാധ്യതകൾ തുറക്കുന്നു. ഉന്നത നിലവാരത്തിലുള്ള ചികിത്സ ഉറപ്പാക്കുന്നതിനൊപ്പം ചെലവ് കുറയ്ക്കാനും സർക്കാർ പദ്ധതികളുടെ സഹായം ലഭ്യമാക്കാനും ഈ സംരംഭം സഹായിക്കുന്നു. സാധാരണ ചികിത്സാരീതികളിൽ നിന്ന് വ്യത്യസ്തമായി, കാൻസർ കോശങ്ങളെ കൃത്യമായി ലക്ഷ്യമിട്ടുള്ള കാർ ടി സെൽ തെറാപ്പി, രോഗികൾക്ക് മികച്ച പ്രത്യാശ നൽകുന്നു. ഭാവിയിൽ ഈ നവീന ചികിത്സ കേരളത്തിലെ കൂടുതൽ രോഗികൾക്ക് പ്രയോജനപ്പെടുന്ന തരത്തിൽ വിപുലീകരിക്കപ്പെടും.
അവസാനമായി അപ്ഡേറ്റ് ചെയ്തത് : 2025-03-20 15:42:55
ലേഖനം നമ്പർ: 1730